---
title: "റെയിൽവേ സ്റ്റേഷനിൽ ശുചിമുറി തേടിപ്പോയ വീട്ടമ്മ വീണത് 60 അടി താഴ്ചയുള്ള ഗർത്തത്തിലേക്ക്; മൃതദേഹം കണ്ടെത്തിയത് നാല്  ദിവസത്തിന് ശേഷം"
english_title: "Woman Dies After Falling Into 60-Foot Pit at Railway Station While Seeking Restroom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387152/woman-falls-into-60-foot-pit-railway-station"
published_at: "2026-10-15T10:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad060b25aab1_woman-falls-into-60-foot-pit-railway-station.jpg"
keywords: ["RailwayAccident", "ChennaiNews", "MRTSStation", "MissingPerson", "RestroomSearch", "SafetyHazard"]
---

# റെയിൽവേ സ്റ്റേഷനിൽ ശുചിമുറി തേടിപ്പോയ വീട്ടമ്മ വീണത് 60 അടി താഴ്ചയുള്ള ഗർത്തത്തിലേക്ക്; മൃതദേഹം കണ്ടെത്തിയത് നാല്  ദിവസത്തിന് ശേഷം

> **Lead Summary:** **ചെന്നൈ: **മൈലാപ്പൂരിലെ ഉയരപ്പാതയിലുള്ള റെയിൽവേ സ്റ്റേഷനിൽ ശുചിമുറി തേടിയെത്തിയ വീട്ടമ്മ പ്ലാറ്റ്‌ഫോമിനു സമീപമുള്ള ഇരുട്ടു മുറിയിലെ ഗർത്തത്തിലൂടെ 60 അടിയോളം താഴേക്കു വീണു ദാരുണമായി മരിച്ചു. നാലു ദിവസത്തിനു ശേഷമാണ് ബന്ധുക്കളും അധികൃതരും വിവരമറിഞ്ഞതും മൃതദേഹം കണ്ടെടുത്തതും. പള്ളിക്കരണെ ബാലാജി നഗർ സ്വദേശിനിയായ വി. വിജയ ആണ് ഈ ദാരുണമായ അപകടത്തിൽ ജീവെൻ വെടിഞ്ഞത്.

## Article Content

**ചെന്നൈ: **മൈലാപ്പൂരിലെ ഉയരപ്പാതയിലുള്ള റെയിൽവേ സ്റ്റേഷനിൽ ശുചിമുറി തേടിയെത്തിയ വീട്ടമ്മ പ്ലാറ്റ്‌ഫോമിനു സമീപമുള്ള ഇരുട്ടു മുറിയിലെ ഗർത്തത്തിലൂടെ 60 അടിയോളം താഴേക്കു വീണു ദാരുണമായി മരിച്ചു. നാലു ദിവസത്തിനു ശേഷമാണ് ബന്ധുക്കളും അധികൃതരും വിവരമറിഞ്ഞതും മൃതദേഹം കണ്ടെടുത്തതും. പള്ളിക്കരണെ ബാലാജി നഗർ സ്വദേശിനിയായ വി. വിജയ ആണ് ഈ ദാരുണമായ അപകടത്തിൽ ജീവെൻ വെടിഞ്ഞത്.

ഓമന്തുരാർ ഗവൺമെന്റ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മകളോടൊപ്പം വ്യാഴാഴ്ചയാണ് വിജയ വേളാച്ചേരിയിൽ നിന്ന് ട്രെയിൻ കയറിയത്. യാത്രാമധ്യേ വിജയക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും മൈലാപ്പൂർ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ ശുചിമുറി തേടിപ്പോയ വിജയ ഏറെ നേരം കഴിഞ്ഞും മടങ്ങിയെത്താതായതോടെ പരിഭ്രാന്തയായ മകൾ പരിസരത്തുള്ളവരെയെല്ലാം കൂട്ടി സ്റ്റേഷനിൽ മുഴുവൻ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.

കാണാതായ വിജയയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ വിവിധയിടങ്ങളിലും എംആർടിഎസ് റെയിൽവേ സ്റ്റേഷനു മുന്നിൽ പോലും പതിച്ച് ബന്ധുക്കൾ സ്വന്തം നിലയിലും അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടയിലാണ് സ്റ്റേഷൻ പരിസരത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷനിലെ ഇരുട്ടുമറിയിലെ ഗർത്തത്തിലേക്ക് വീണാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ, സംഭവത്തിനു ശേഷം റെയിൽവേ അധികൃതർ ഈ മുറിയുടെ വാതിൽ താഴിട്ടു പൂട്ടിയിരിക്കുകയാണ്.

**English Summary: **

A 55-year-old Chennai woman died after falling into a 60-foot-deep pit inside a dark room near the platform at Mylapore MRTS station. Her body was recovered four days after she went missing while traveling with her daughter.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387152/woman-falls-into-60-foot-pit-railway-station)