---
title: "പണത്തിന് വേണ്ടി ചോരക്കുഞ്ഞിനെ മറന്നോ ...! 17-കാരി പ്രസവിച്ച കുഞ്ഞിനെ 40,000 രൂപയ്ക്ക് വിറ്റു; ഡോക്ടറും അമ്മയുമടക്കം ആറ് പേർക്കെതിരെ കേസ്"
english_title: "Newborn Sold for Rs 40,000 in Maharashtra; Six, Including Doctor, Booked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387148/newborn-sold-for-rs-40000-maharashtra"
published_at: "2026-10-15T10:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad05af53783c_newborn-sold-for-rs-40000-maharashtra.jpg"
keywords: ["MaharashtraNews", "ChildTrafficking", "PocsoCase", "PoliceInvestigation", "HumanRights"]
---

# പണത്തിന് വേണ്ടി ചോരക്കുഞ്ഞിനെ മറന്നോ ...! 17-കാരി പ്രസവിച്ച കുഞ്ഞിനെ 40,000 രൂപയ്ക്ക് വിറ്റു; ഡോക്ടറും അമ്മയുമടക്കം ആറ് പേർക്കെതിരെ കേസ്

> **Lead Summary:** **മുംബൈ: **മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച നവജാതശിശുവിനെ 40,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ ഡോക്ടറടക്കം ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നാലസോപാരയിലാണ് നാടിനെ ഞെട്ടിച്ച ഈ ക്രൂരത അരങ്ങേറിയത്. ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണിയായ പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ വിൽപന നടത്തിയത്.

## Article Content

**മുംബൈ: **മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച നവജാതശിശുവിനെ 40,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ ഡോക്ടറടക്കം ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നാലസോപാരയിലാണ് നാടിനെ ഞെട്ടിച്ച ഈ ക്രൂരത അരങ്ങേറിയത്. ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണിയായ പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ വിൽപന നടത്തിയത്.

സംഭവത്തിൽ കുട്ടിയുടെ അമ്മ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 22-കാരനായ യുവാവ്, ഇടനിലക്കാരിയായ അയൽവാസി, പ്രസവമെടുത്ത സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, കുഞ്ഞിനെ ദത്തെടുക്കൽ എന്ന വ്യാജേന പണം നൽകി വാങ്ങിയ ദമ്പതികൾ എന്നിവർക്കെതിരെയാണ് കർശന നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

22-കാരനായ യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതിനെ തുടർന്നാണ് കുടുംബാംഗങ്ങളുടെ അറിവോടെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞ് ജനിച്ചയുടൻ യാതൊരുവിധ നിയമപരമായ നടപടികളുമില്ലാതെ, ആശുപത്രിയിലെ ഡോക്ടറുടെയും ഇടനിലക്കാരുടെയും സഹായത്തോടെ ദമ്പതികൾക്ക് കുഞ്ഞിനെ 40,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു.

പിന്നീട് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിക്ക് കഠിനമായ വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ വസായ്-വിരാർ മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള തുലിഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് ഡോക്ടർമാർ നടത്തിയ വിശദമായ വൈദ്യപരിശോധനയിലാണ് പെൺകുട്ടി അടുത്തിടെ പ്രസവിച്ചിരുന്നുവെന്ന വിവരം പുറത്തുവരുന്നത്.

തുടർന്ന് ആശുപത്രി അധികൃതർ വിവരം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് കുഞ്ഞിനെ പണത്തിന് വിറ്റ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവിനെതിരെയും, അനധികൃതമായി കുഞ്ഞിനെ വിൽക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും ഡോക്ടർക്കും മറ്റ് പ്രതികൾക്കുമെതിരെ പോക്സോ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിറ്റഴിച്ച കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസിന്റെ നേതൃത്വത്തിൽ ഊർജിതമായി നടന്നു വരുന്നു.

**English Summary: **

In Nalasopara, Maharashtra, police have registered a case against six people after a 17-year-old minor’s newborn was allegedly sold for Rs 40,000 soon after birth. The case surfaced when the girl was admitted to hospital for post-delivery complications, leading to the discovery of the alleged trafficking plot.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387148/newborn-sold-for-rs-40000-maharashtra)