---
title: "'ബ്രിട്ടോയെ സ്നേഹിച്ചതിൽ ഇന്നും പശ്ചാത്താപമില്ല; സാമ്പത്തിക സുരക്ഷിതത്വമില്ലെങ്കിലും ആത്മാഭിമാനം പണയംവയ്ക്കില്ല'; വിവാഹവാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സീന ഭാസ്കർ"
english_title: "Seena Bhaskar Remembers Simon Britto on 33rd Wedding Anniversary | Facebook Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387121/seena-bhaskar-simon-britto-33rd-wedding-anniversary-facebook-post"
published_at: "2026-10-15T07:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad03339463fd_seena-bhaskar-simon-britto-33rd-wedding-anniversary-facebook-post.jpg"
keywords: ["Seena Bhaskar", "Simon Britto", "Wedding Anniversary", "Facebook Post"]
---

# 'ബ്രിട്ടോയെ സ്നേഹിച്ചതിൽ ഇന്നും പശ്ചാത്താപമില്ല; സാമ്പത്തിക സുരക്ഷിതത്വമില്ലെങ്കിലും ആത്മാഭിമാനം പണയംവയ്ക്കില്ല'; വിവാഹവാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സീന ഭാസ്കർ

> **Lead Summary:** തിരുവനന്തപുരം: സൈമൺ ബ്രിട്ടോയുമായുള്ള വിവാഹത്തിന്റെ 33-ാം വാർഷികത്തിൽ പ്രണയത്തിന്റെയും ജീവിതപോരാട്ടങ്ങളുടെയും ഓർമകൾ പങ്കുവച്ച് ഭാര്യ സീന ഭാസ്കർ.

## Article Content

തിരുവനന്തപുരം: സൈമൺ ബ്രിട്ടോയുമായുള്ള വിവാഹത്തിന്റെ 33-ാം വാർഷികത്തിൽ പ്രണയത്തിന്റെയും ജീവിതപോരാട്ടങ്ങളുടെയും ഓർമകൾ പങ്കുവച്ച് ഭാര്യ സീന ഭാസ്കർ.

ബ്രിട്ടോയെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതിൽ ഇന്നും ഒരു തരിമ്പുപോലും പശ്ചാത്താപമില്ലെന്നും സാമ്പത്തികമായി സുരക്ഷിതമായ ജീവിതമില്ലെങ്കിലും തങ്ങൾ വിശ്വസിച്ച മൂല്യങ്ങൾ കൈവിടില്ലെന്നും സീന ഫേസ്ബുക്കിൽ കുറിച്ചു. 'ബ്രിട്ടോയും ഞാനും — പ്രണയം ഒരു ജീവിതമായപ്പോൾ, ജീവിതം ഒരു രാഷ്ട്രീയമായി' എന്ന തലക്കെട്ടോടെയാണ് സീനയുടെ കുറിപ്പ്.

1993 ഒക്ടോബർ 15നായിരുന്നു ഇരുവരുടെയും വിവാഹം. കേരള സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് വിവാഹത്തിനായി തിരഞ്ഞെടുത്തതെന്ന് സീന ഓർമിക്കുന്നു. തങ്ങളുടെ വിവാഹം യൂണിയൻ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന ചിന്തയായിരുന്നു തീരുമാനത്തിന് പിന്നിൽ. ബ്രിട്ടോയ്ക്ക് കുത്തേറ്റതിന്റെ പത്താം വാർഷികത്തിന്റെ പിറ്റേന്നായിരുന്നു വിവാഹമെന്നും സീന കുറിച്ചു.

ബ്രിട്ടോ തനിക്ക് ജീവിതപങ്കാളി മാത്രമായിരുന്നില്ലെന്നും ഒരു സർവകലാശാലയായിരുന്നുവെന്നും സീന പറയുന്നു. മനുഷ്യരെ മനസ്സിലാക്കാനും അവരുടെ വൈവിധ്യങ്ങളെ തിരിച്ചറിയാനും അധികാരമില്ലാത്തവരുടെ ശബ്ദം കേൾക്കാനും അദ്ദേഹം പഠിപ്പിച്ചു. ശരീരം തളർന്നിട്ടും മനസ്സിലെ അഗ്നി കെടാതെ ജീവിച്ച മനുഷ്യനായിരുന്നു ബ്രിട്ടോയെന്നും സീന അനുസ്മരിച്ചു.

മകളെയും കൂട്ടി ഡൽഹിയിൽ ആറുവർഷം ജീവിച്ച അനുഭവങ്ങളും സീന കുറിപ്പിൽ പങ്കുവച്ചു. അത് വെറുമൊരു അതിജീവനമായിരുന്നില്ലെന്നും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് ജീവിതത്തോട് നടത്തിയ പോരാട്ടമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ആത്മവിശ്വാസത്തെ അഹങ്കാരമെന്നും ഉറച്ച നിലപാടുകളെ നാർസിസിസമെന്നും ചിലർ വിശേഷിപ്പിച്ചെങ്കിലും അതൊന്നും തന്നെ തളർത്തിയില്ലെന്ന് സീന പറയുന്നു.

വിവാഹത്തിന്റെ 33-ാം വാർഷികം ആഘോഷിക്കുമ്പോഴും സാമ്പത്തികമായി സുരക്ഷിതമായ ജീവിതം തനിക്കില്ലെന്ന തുറന്നുപറച്ചിലും കുറിപ്പിലുണ്ട്. ആരുടെയും സഹായമില്ലാതെ മകളെ പഠിപ്പിച്ച് നല്ലൊരു ഭാവിയൊരുക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ബ്രിട്ടോയും താനും അധ്വാനിച്ചുണ്ടാക്കിയ എൽഐസിയിൽനിന്നുള്ള വരുമാനമാണ് ഇപ്പോഴത്തെ ആശ്വാസമെന്നും സീന വ്യക്തമാക്കി.

എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ആത്മാഭിമാനം പണയംവയ്ക്കാൻ തയ്യാറല്ലെന്നാണ് സീനയുടെ നിലപാട്. ബാങ്ക് ബാലൻസുകൊണ്ടല്ല, ചേർത്തുപിടിച്ച മനുഷ്യരെയും കൈവിടാത്ത മൂല്യങ്ങളെയും അടിസ്ഥാനമാക്കിയാണ് ജീവിതത്തിന്റെ മൂല്യം അളക്കുന്നതെന്നും അവർ കുറിച്ചു.

ജീവിതയാത്രയിൽ നേരിട്ട നഷ്ടങ്ങളെയും സീന ഓർമിച്ചു. മകനെപ്പോലെ സ്നേഹിച്ച ഒരാളെ എസ്‌ഡിപിഐയുമായി ബന്ധപ്പെട്ട അക്രമത്തിൽ നഷ്ടപ്പെട്ടുവെന്നാണ് സീനയുടെ കുറിപ്പിലെ പരാമർശം. ആ വേർപാട് വലിയ ആഘാതമായിരുന്നെങ്കിലും മനുഷ്യസ്നേഹത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.

ബ്രിട്ടോ ബാക്കിവച്ച സ്വപ്നങ്ങളിൽ ചിലതെങ്കിലും പൂർത്തിയാക്കണമെന്നും അനീതിക്കെതിരായ പോരാട്ടത്തിലും ജനാധിപത്യ സംരക്ഷണത്തിലും തുടർന്നും പങ്കാളിയാകണമെന്നുമാണ് സീനയുടെ ആഗ്രഹം.

പുതിയ തലമുറയ്ക്കുള്ള സന്ദേശവും കുറിപ്പിലുണ്ട്. പ്രണയം ഒരാളെ സ്വന്തമാക്കലല്ലെന്നും പരസ്പരം വളരുകയും ലോകത്തെ കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കുകയും ചെയ്യലാണെന്നും സീന പറയുന്നു. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയുള്ള മത്സരം മാത്രമല്ലെന്നും മനുഷ്യരുടെ കണ്ണീരിൽ ഇടപെടാനുള്ള ഉത്തരവാദിത്വമാണെന്നും അവർ ഓർമിപ്പിച്ചു.

'ബ്രിട്ടോ, 33 വർഷങ്ങൾക്കിപ്പുറവും സഖാവിനെ സ്നേഹിച്ചതിൽ എനിക്ക് പശ്ചാത്താപമില്ല. നിന്നോടൊപ്പം ജീവിച്ചതിൽ അഭിമാനമുണ്ട്' എന്നാണ് സീന കുറിച്ചത്.

ജീവിതത്തിൽ നഷ്ടങ്ങളും മുറിവുകളും പൂർത്തിയാകാത്ത സ്വപ്നങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥയുമുണ്ടെങ്കിലും തങ്ങൾ വിശ്വസിച്ച മൂല്യങ്ങൾ ഇല്ലാതായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

'ബ്രിട്ടോ, നമ്മൾ തുടങ്ങിയ യാത്ര അവസാനിച്ചിട്ടില്ല. പ്രണയം തുടരുന്നു. പോരാട്ടവും തുടരുന്നു' എന്ന വാക്കുകളോടെയാണ് സീന ഭാസ്കർ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

**ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
**

***ബ്രിട്ടോയും ഞാനും — പ്രണയം ഒരു ജീവിതമായപ്പോൾ, ജീവിതം ഒരു രാഷ്ട്രീയമായി! ❤️‍🔥***

***അന്നൊരു വെള്ളിയാഴ്ചയായിരുന്നു... 1993 ഒക്ടോബർ 15 തെരഞ്ഞെടുക്കാനൊരു കാരണവുമുണ്ടായിരുന്നു. കേരള സർവ്വകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പായിരുന്നു. തന്നിഷ്ടപ്രകാരമുള്ള വിവാഹം യൂണിയൻ തെരഞ്ഞെടുപ്പിനെ ബാധിക്കരുതല്ലൊ.***

***ബ്രിട്ടോയ്ക്ക് കുത്തേറ്റതിന്റെ പത്താം വാർഷികം തികയുന്ന പിറ്റേന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഞാൻ സ്വന്തമായെടുത്തു. ഇന്ന്, ഞങ്ങളുടെ പ്രണയസാഫല്യത്തിന്റെ 33-ാം വാർഷികത്തിൽ തിരിഞ്ഞുനോക്കുമ്പോൾ, ആ തീരുമാനത്തിൽ ഒരു തരി പോലും പശ്ചാത്താപമില്ല.***

***ജീവിതത്തിൽ പലർക്കും സഹതപിക്കാം. കണ്ണീരൊപ്പാം. സ്നേഹത്തിന്റെ വാക്കുകൾ പറയാം. പക്ഷേ, അതിനപ്പുറം സ്വന്തം ജീവിതംകൊണ്ട് ഒരു തീരുമാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുന്നവർ ചുരുക്കമാണ്. ഞാനന്ന് ആ തീരുമാനമെടുത്തിരുന്നില്ലെങ്കിൽ, എവിടെയോ ജനിച്ച്, എങ്ങനെയോ ജീവിച്ച്, ഒടുവിൽ മരിച്ചുപോകുന്ന ഒരാളായി എന്റെ ജീവിതവും അവസാനിക്കുമായിരുന്നു. ഞാൻ ജീവിച്ചത് വെറുമൊരു ജീവിതമല്ല; എനിക്കു വിശ്വാസമുള്ള മൂല്യങ്ങൾക്കുവേണ്ടി ജീവിക്കാനുള്ള അവസരം കൂടിയായിരുന്നു.***

***ബ്രിട്ടോ എനിക്ക് ജീവിത പങ്കാളി മാത്രമായിരുന്നില്ല; ഒരു സർവകലാശാലയായിരുന്നു!***

***മനുഷ്യരെ പഠിക്കാൻ, മനുഷ്യരിലെ വൈവിധ്യങ്ങളെ തിരിച്ചറിയാൻ, അധികാരമില്ലാത്തവരുടെ ശബ്ദം കേൾക്കാൻ, ആലംബഹീനർക്ക് ആശ്രയമാകാൻ, കൈയിലുള്ള ചെറിയ പണംകൊണ്ട് വലിയ ജീവിതം ജീവിക്കാൻ... അങ്ങനെ ജീവിതത്തിന്റെ വലിയ പാഠങ്ങൾ പഠിപ്പിച്ച സർവകലാശാല.***

*** ശരീരം തളർന്നിട്ടും മനസ്സിലെ അഗ്നി കെടാതെ ജീവിച്ച മനുഷ്യൻ. ആ വെളിച്ചത്തിലാണ് ഞാനും എന്റെ ജീവിതത്തിൻ്റെ ഊടും പാവും നെയ്തെടുക്കാൻ ശ്രമിച്ചത്...***

***ഒരു മകളേയും കൂട്ടി ഡൽഹി പോലൊരു മഹാനഗരത്തിൽ ആറുവർഷം ജീവിച്ചത് വെറുമൊരു അതിജീവനമായിരുന്നില്ല; സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് ജീവിതത്തോട് നടത്തിയ പോരാട്ടമായിരുന്നു. എന്നെ തളർത്താൻ ചിലർ പല പേരുകൾ ചാർത്തിയപ്പോഴും ഞാൻ മുന്നോട്ടുപോയി. കാരണം, എന്നെ നിർവചിക്കാനുള്ള അവകാശം മറ്റാർക്കും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല.***

***എന്റെ ആത്മവിശ്വാസത്തെ ചിലർ അഹങ്കാരമെന്നു വിളിച്ചു. എന്റെ ഉറച്ച നിലപാടുകളെ ചിലർ നാർസിസിസം എന്ന ലേബലിൽ ഒതുക്കാൻ ശ്രമിച്ചു. എന്നെ തളർത്താമെന്ന് കരുതിയവർക്ക് അറിയില്ലായിരുന്നു, കടലിലെ തിരമാലകളെപ്പോലെ തിരിച്ചടികളിൽനിന്ന് ഊർജമുൾക്കൊണ്ട് മുന്നേറാൻ ഞാൻ പഠിച്ചുകഴിഞ്ഞിരുന്നു എന്ന്.***

***എനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടായിരുന്നു. എന്റെ ജീവിതം തന്നെയായിരുന്നു എന്റെ മറുപടി.***

***നീതിനിഷേധം നേരിടുന്ന മനുഷ്യർക്കുവേണ്ടി ശബ്ദമുയർത്താനും കണ്ണീരൊപ്പാനും കഴിഞ്ഞതിലാണ് എന്റെ അഭിമാനം. അധികാരമോ സമ്പത്തോ ആയിരുന്നില്ല ഞങ്ങളുടെ സ്വപ്നം. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനെ ചേർത്തുപിടിക്കുന്ന, ചൂഷണമില്ലാത്തൊരു ലോകമായിരുന്നു. കാൽനൂറ്റാണ്ടിലേറെ ഞങ്ങൾ ജീവിച്ചതും ചിന്തിച്ചതും പ്രവർത്തിച്ചതും സംസാരിച്ചതും ആ സ്വപ്നത്തിനുവേണ്ടിയാണ്...***

***ആ യാത്രയിൽ മകനെപ്പോലെ സ്നേഹിച്ച ഒരുവനെ എസ്.ഡി.പി.ഐ.യുമായി ബന്ധപ്പെട്ട ഉന്മൂലന രാഷ്ട്രീയക്കാരുടെ അക്രമത്തിൽ നഷ്ടപ്പെട്ടപ്പോൾ തളർന്നുപോയിട്ടുണ്ട്. ഞങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഇല്ലാതായപ്പോൾ ഉണ്ടായ ശൂന്യത ഇന്നും വാക്കുകൾക്കതീതമാണ്. പക്ഷേ, മനുഷ്യസ്നേഹമെന്ന ആശയത്തിൻ്റെ പേരിൽ ജീവിച്ചവരെ നഷ്ടപ്പെട്ടതുകൊണ്ട് എല്ലാം ഉപേക്ഷിക്കാൻ ആവില്ലല്ലൊ!!***

***ബ്രിട്ടോ ബാക്കിവെച്ച സ്വപ്നങ്ങളിൽ ചിലതെങ്കിലും പൂർത്തിയാക്കണം. അനീതിക്കെതിരായ പോരാട്ടത്തിൽ കഴിയുന്നത്ര പങ്കാളിയാകണം. രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിലും എന്റെ പങ്ക് നിർവഹിക്കണം. അണ്ണാറക്കണ്ണനും തന്നാലായത് ചെയ്യണമല്ലോ!***

***എന്നാൽ, ഈ ഉറച്ച വാക്കുകൾക്കു പിന്നിൽ പറയാതെ പോകുന്ന ചില യാഥാർഥ്യങ്ങളുണ്ട്.***

***33 വർഷത്തെ പ്രണയജീവിതത്തിന്റെ വാർഷികം ആഘോഷിക്കുമ്പോഴും സാമ്പത്തികമായി സുരക്ഷിതമായൊരു ജീവിതം എനിക്കില്ല. ആരുടെയും സഹായമില്ലാതെ മകളെ പഠിപ്പിച്ച് അവൾക്കൊരു നല്ല ഭാവിയൊരുക്കാനുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്.***

***ഇന്ന് ഞങ്ങൾക്ക് ആശ്വാസമാകുന്നത് ബ്രിട്ടോയും ഞാനും അധ്വാനിച്ചുണ്ടാക്കിയ എൽ.ഐ.സി.യുടെ വരുമാനമാണ്. ജീവിതം മുഴുവൻ മറ്റുള്ളവർക്കുവേണ്ടി ചെലവഴിക്കണമെന്നുറച്ച് തീരുമാനമെടുത്തവർക്ക് സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ ഇത്രയൊക്കെ കഴിയുകയുള്ളൂ...***

***എങ്കിലും, ആത്മാഭിമാനം ആർക്കും പണയംവെക്കാൻ തയ്യാറല്ല. എന്റെ ജീവിതത്തിന്റെ മൂല്യം ബാങ്ക് ബാലൻസ് കൊണ്ടല്ല, ഞാൻ ചേർത്തുപിടിച്ച മനുഷ്യരും കൈവിടാത്ത മൂല്യങ്ങളും കൊണ്ടാണ് ഞാൻ അളക്കുന്നത്.***

***പോരാട്ടം തുടരുമ്പോഴും ഒരു കാര്യം ഞാൻ മറക്കുന്നില്ല: മകളുടെ ഭാവി സുരക്ഷിതമാക്കണം. അവൾക്ക് സമ്പാദ്യത്തേക്കാൾ വലിയൊരു ജീവിതം പകർന്നു നൽകണം — ആത്മാഭിമാനം, മനുഷ്യസ്നേഹം, അനീതിക്കു മുന്നിൽ തലകുനിക്കാത്ത ധൈര്യം.***

***പുതിയ തലമുറയോട് എനിക്ക് പറയാനുള്ളതും അതുതന്നെയാണ്.***

***പ്രണയം ഒരാളെ സ്വന്തമാക്കലല്ല; പരസ്പരം വളരുകയും ലോകത്തെ കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കുകയും ചെയ്യലാണ്.***

*** രാഷ്ട്രീയം അധികാരത്തിനുവേണ്ടിയുള്ള മത്സരമല്ല; മനുഷ്യന്റെ കണ്ണീരിൽ ഇടപെടാനുള്ള ഉത്തരവാദിത്വമാണ്. വിജയം സ്വന്തം ഉയർച്ച മാത്രമല്ല; പിന്നിൽ നിൽക്കുന്നവർക്കും കൈകൊടുക്കാനുള്ള മനസ്സാണ്.***

***ബ്രിട്ടോ, 33 വർഷങ്ങൾക്കിപ്പുറവും സഖാവിനെ സ്നേഹിച്ചതിൽ എനിക്ക് പശ്ചാത്താപമില്ല. നിന്നോടൊപ്പം ജീവിച്ചതിൽ അഭിമാനമുണ്ട്.***

***നമ്മുടെ ജീവിതത്തിൽ നഷ്ടങ്ങളുണ്ടായി. മുറിവുകളുണ്ടായി. പൂർത്തിയാകാത്ത സ്വപ്നങ്ങളുണ്ട്. സാമ്പത്തികമായ അരക്ഷിതാവസ്ഥയുണ്ട്. പക്ഷേ, ഇതൊന്നും നമ്മൾ വിശ്വസിച്ച മൂല്യങ്ങളെ ഇല്ലാതാക്കിയിട്ടില്ല.***

***ബ്രിട്ടോ ബാക്കിവെച്ചത് ഓർമകൾ മാത്രമല്ല; പൂർത്തിയാക്കേണ്ട ഉത്തരവാദിത്വങ്ങളാണ്. ആ അഗ്നി കെടാതെ സൂക്ഷിക്കുകയെന്നതാണ് ബ്രിട്ടോയോടുള്ള എന്റെ പ്രണയത്തിന്റെ തുടർച്ച.***

***നമ്മുടെ പ്രണയം ഒരു സ്വകാര്യ വികാരത്തിൽ ഒതുങ്ങിയില്ല. അതൊരു രാഷ്ട്രീയമായി; മനുഷ്യനെ ചേർത്തുപിടിക്കുന്ന ജീവിതനിലപാടായി.***

***33 വർഷങ്ങൾക്കിപ്പുറവും ആ നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു.***

*****ബ്രിട്ടോ, നമ്മൾ തുടങ്ങിയ യാത്ര അവസാനിച്ചിട്ടില്ല. ❤️‍🔥***

***പ്രണയം തുടരുന്നു.***

***പോരാട്ടവും തുടരുന്നു.*****

**സീനാ ഭാസകർ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387121/seena-bhaskar-simon-britto-33rd-wedding-anniversary-facebook-post)