---
title: "'കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ'; പത്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി"
english_title: "Chief Minister Mourns the Passing of Cheruvayal Raman, Guardian of Agricultural Heritage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387081/cheruvayal-raman-passing-chief-minister-condolence"
published_at: "2026-10-14T19:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf8e7f4f9f2_cheruvayal-raman-passing-chief-minister-condolence.jpg"
keywords: ["CheruvayalRaman", "PadmaShri", "KeralaAgriculture", "SeedConservation", "VDSatheesan"]
---

# 'കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ'; പത്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **നെൽവിത്ത് സംരക്ഷകനും കർഷകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു ചെറുവയൽ രാമനെന്ന് അദ്ദേഹം അനുസ്മരിച്ചു.

## Article Content

**തിരുവനന്തപുരം: **നെൽവിത്ത് സംരക്ഷകനും കർഷകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു ചെറുവയൽ രാമനെന്ന് അദ്ദേഹം അനുസ്മരിച്ചു.

അന്യംനിന്നുപോയേക്കാമായിരുന്ന പാരമ്പര്യ നെൽവിത്തുകളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരുംതലമുറയ്ക്കു കരുതിവച്ച ചെറുവയൽ രാമൻ യാഥാർത്ഥത്തിൽ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

കൃഷി വെറുമൊരു ഉപജീവനമാർഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകർന്നു നൽകിയ ആ ജീവിതം എക്കാലവും ഓർമിക്കപ്പെടും. യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷം ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പ്രഥമ ഉമ്മൻചാണ്ടി സ്മാരക കാർഷിക പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന്റെ കാർഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണ്. അദ്ദേഹം കാത്തുസൂക്ഷിച്ച ഓരോ വിത്തിലും വരും തലമുറയ്ക്കുള്ള പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ മണ്ണിൽ നിലനിർത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയോടെയാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ച ചെറുവയൽ രാമൻ അന്തരിച്ചത്. വയറു വേദനയെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട് എടവക പഞ്ചായത്തിലെ കമ്മനയിൽ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ, വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് ലോകപ്രശസ്തനായത്. കാലാവസ്ഥ വ്യതിയാനങ്ങളെ പോലും അതിജീവിക്കാൻ ശേഷിയുള്ള 55-ഓളം നെൽവിത്തുകൾ അദ്ദേഹം സംരക്ഷിച്ചുപോന്നു.

ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാർ ഉൾപ്പെടെ ലോകത്തിലെ 11-ഓളം രാജ്യങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങളിൽ അദ്ദേഹം ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ദേശീയ-അന്തർദേശീയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

**English Summary:**

Kerala Chief Minister V.D. Satheesan has expressed deep condolences on the death of Padma Shri Cheruvayal Raman, a noted seed conservator and environmentalist. He said Raman’s lifelong efforts to preserve indigenous paddy varieties made him a true guardian of agricultural heritage and an irreplaceable loss to the state’s farming legacy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387081/cheruvayal-raman-passing-chief-minister-condolence)