---
title: "'അന്യംനിന്നുപോകുമായിരുന്ന നെൽവിത്തുകൾക്ക് കാവലായി ഒരു ജീവിതം'; ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി"
english_title: "Cheruvayal Raman’s Passing Is an Irreplaceable Loss, Says Kerala CM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387072/cheruvayal-raman-passing-kerala-loss"
published_at: "2026-10-14T17:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf7512786bf_cheruvayal-raman-passing-kerala-loss.jpg"
keywords: ["CheruvayalRaman", "KeralaAgriculture", "PaddySeeds", "PadmaShri", "VD Satheesan"]
---

# 'അന്യംനിന്നുപോകുമായിരുന്ന നെൽവിത്തുകൾക്ക് കാവലായി ഒരു ജീവിതം'; ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

> **Lead Summary:** തിരുവനന്തപുരം: വയനാടിന്റെ മണ്ണില്‍ തലമുറകളുടെ ഓര്‍മ്മകള്‍ക്ക് കാവല്‍ നിന്ന കര്‍ഷകനായിരുന്നു ചെറുവയല്‍ രാമന്‍ എന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെല്‍വിത്തുകളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരും തലമുറയ്ക്കു കരുതിവച്ച ചെറുവയല്‍ രാമന്‍ യാഥാര്‍ത്ഥത്തില്‍ കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനായിരുന്നു.

## Article Content

തിരുവനന്തപുരം: വയനാടിന്റെ മണ്ണില്‍ തലമുറകളുടെ ഓര്‍മ്മകള്‍ക്ക് കാവല്‍ നിന്ന കര്‍ഷകനായിരുന്നു ചെറുവയല്‍ രാമന്‍ എന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെല്‍വിത്തുകളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരും തലമുറയ്ക്കു കരുതിവച്ച ചെറുവയല്‍ രാമന്‍ യാഥാര്‍ത്ഥത്തില്‍ കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനായിരുന്നു.

കൃഷി വെറുമൊരു ഉപജീവനമാര്‍ഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കിയ ആ ജീവിതം എക്കാലവും ഓര്‍മിക്കപ്പെടും.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പ്രഥമ ഉമ്മന്‍ചാണ്ടി സ്മാരക കാര്‍ഷിക പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു.

ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണ്. അദ്ദേഹം കാത്തു സൂക്ഷിച്ച ഓരോ വിത്തിലും വരും തലമുറയ്ക്കുള്ള പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ മണ്ണില്‍ നിലനിര്‍ത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്നും മുഖ്യമന്ത്രി കുറിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് പത്മശ്രീ പുരസ്കാര ജേതാവും കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ചെറുവയല്‍ രാമന്‍ അന്തരിച്ചത്. 2023ലാണ് പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചത്.

കേരളത്തിലെ പരമ്പരാഗത നാടന്‍ നെല്‍വിത്തുകളുടെ സംരക്ഷകനും ആദിവാസി കര്‍ഷകനുമാണ് മാനന്തവാടി കമ്മന സ്വദേശിയായ ചെറുവയല്‍ രാമന്‍.

Kerala Chief Minister said Cheruvayal Raman was a guardian of agricultural heritage who devoted his life to preserving traditional paddy seeds that were on the verge of extinction. He added that Raman’s death is a profound loss for the state’s farming sector and heritage conservation efforts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387072/cheruvayal-raman-passing-kerala-loss)