---
title: "പൊട്ടിക്കരഞ്ഞ് ലേഖ മേരി, ചീമുട്ടയെറിഞ്ഞ് നാട്ടുകാർ; ഭർത്താവിനെ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതിഷേധം"
english_title: "Public Anger Erupts as Leeka Mary Is Taken for Evidence Collection in Husband’s Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387070/leeka-mary-husband-murder-evidence-collection-protest"
published_at: "2026-10-14T17:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf729f226d0_leeka-mary-husband-murder-evidence-collection-protest.jpg"
keywords: ["KeralaNews", "MurderCase", "Kollam", "PoliceInvestigation", "PropertyDispute"]
---

# പൊട്ടിക്കരഞ്ഞ് ലേഖ മേരി, ചീമുട്ടയെറിഞ്ഞ് നാട്ടുകാർ; ഭർത്താവിനെ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതിഷേധം

> **Lead Summary:** കൊല്ലം: ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ ലേഖ മേരിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം.

## Article Content

കൊല്ലം: ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ ലേഖ മേരിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം.

കൊലപാതകം നടന്ന വീട്ടിലെത്തിച്ച ലേഖയ്ക്കുനേരെ നാട്ടുകാർ അസഭ്യവർഷം നടത്തുകയും ചീമുട്ടയെറിയുകയും ചെയ്തു. പ്രതിഷേധത്തിനിടെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് ലേഖയുമായി വീട്ടിലേക്ക് പ്രവേശിച്ചത്. നാട്ടുകാർക്കിടയിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലേഖ നടന്നുനീങ്ങിയത്.

ഈ മാസം മൂന്നിനാണ് രാജു എഡ്വേഡ് മരിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭാര്യ ലേഖ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സംഭവദിവസം പുലർച്ചെ ലേഖയും സമീപത്ത് താമസിക്കുന്ന രാജുവിന്റെ സഹോദരൻ ബൈജുവും ചേർന്ന് രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ രാജു മരിച്ചിരുന്നു.

കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണതാണെന്നാണ് ലേഖ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ രാജുവിന്റെ കഴുത്തിൽ സംശയാസ്പദമായ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചു.

തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. കഴുത്തിൽ ശക്തമായി സമ്മർദം ചെലുത്തിയതാണ് മരണത്തിന് കാരണമെന്നും കുഴഞ്ഞുവീണതിന്റെ സൂചനകളില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ചോദ്യംചെയ്യലിൽ ലേഖ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

രാജുവും ലേഖയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ ഏക മകൾ ബന്ധുവീട്ടിൽ താമസിച്ചാണ് പഠിക്കുന്നത്. ദമ്പതികൾ തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

രാജുവിന് അടുത്തിടെ ലഭിച്ച കുടുംബസ്വത്ത് സ്വന്തം പേരിലേക്ക് മാറ്റണമെന്ന് ലേഖ ആവശ്യപ്പെട്ടതിനെച്ചൊല്ലിയും തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവദിവസം പുലർച്ചെ അഞ്ചുമണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ഇതിനിടെ രാജു ലേഖയെ മർദിച്ചതായും വിവരമുണ്ട്.

ഈ തർക്കത്തിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ലേഖയെ പൊലീസ് വീട്ടിലെത്തിച്ചത്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Leeka Mary, arrested in connection with the murder of her husband Raju Edward in Kollam, faced public outrage when police brought her to the crime scene for evidence collection. Residents hurled abuses and eggs at her as the investigation linked the death to a family dispute over property.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387070/leeka-mary-husband-murder-evidence-collection-protest)