---
title: "ജനങ്ങളുടെ ശബ്ദത്തെ തടയാനാകില്ല; 'ചെറുപ്പകാലത്ത് മുതലയെ പിടിച്ച ആൾക്ക് പാറ്റകളെ പേടിയോ, മോദിയുടെയും ബിജെപിയുടെയും സമയം അടുത്തുവെന്ന്' പ്രകാശ് രാജ്"
english_title: "Prakash Raj Says Modi and BJP’s Time Is Near, Slams Crackdown on Protesters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387063/prakash-raj-slams-modi-bjp-protest-crackdown"
published_at: "2026-10-14T16:48:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf669968d5f_prakash-raj-slams-modi-bjp-protest-crackdown.jpg"
keywords: ["PrakashRaj", "ModiGovernment", "BJP", "JantarMantar", "ElectionCommission"]
---

# ജനങ്ങളുടെ ശബ്ദത്തെ തടയാനാകില്ല; 'ചെറുപ്പകാലത്ത് മുതലയെ പിടിച്ച ആൾക്ക് പാറ്റകളെ പേടിയോ, മോദിയുടെയും ബിജെപിയുടെയും സമയം അടുത്തുവെന്ന്' പ്രകാശ് രാജ്

> **Lead Summary:** ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിച്ച സിജെപി നേതാക്കളെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടനും സാമൂഹികപ്രവർത്തകനുമായ പ്രകാശ് രാജ്.

## Article Content

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിച്ച സിജെപി നേതാക്കളെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടനും സാമൂഹികപ്രവർത്തകനുമായ പ്രകാശ് രാജ്.

പന്ത്രണ്ട് യുവാക്കൾ നടത്തിയ പ്രതിഷേധം ഡൽഹിയിലെ സമാധാനം തകർത്തില്ലെന്നും പ്രതിഷേധക്കാരെ കസ്റ്റഡിയിൽ വിട്ടത് രാജ്യത്തെ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയും പ്രകാശ് രാജ് വിമർശനം ഉന്നയിച്ചു.

ജന്തർ മന്തറിൽ പ്രതിഷേധിച്ച യുവാക്കൾക്കെതിരെ നടപടി എടുത്ത പൊലീസ്, ബിജെപി പ്രവർത്തകർ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളിൽ നടപടി എടുക്കുന്നില്ലെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി. രാജ്യത്തെ യുവാക്കൾക്കെതിരെ പൊലീസിനെയും സുരക്ഷാസേനയെയും ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ചോദ്യങ്ങൾ ഉയരുമ്പോൾ കേന്ദ്ര സർക്കാർ എന്തിനാണ് ഇടപെടുന്നതെന്ന് പ്രകാശ് രാജ് ചോദിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും സ്വന്തം അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് മോദിയെയും അമിത് ഷായെയും നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അമിത് ഷാ ലജ്ജിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്‌ഐആർ റദ്ദാക്കണമെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജന്തർ മന്തർ ഡൽഹിയിൽ മാത്രം ഒതുങ്ങുന്ന പ്രതിഷേധകേന്ദ്രമല്ലെന്നും രാജ്യത്തെ ഓരോ തെരുവും വീടും ജന്തർ മന്തറായി മാറുമെന്നും പ്രകാശ് രാജ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ യുവാക്കൾക്കൊപ്പം നിലകൊള്ളുമെന്നും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകം പരിഹസിക്കുകയാണെന്നും ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂടത്തിന് അധികകാലം മുന്നോട്ടുപോകാനാകില്ലെന്നും പ്രകാശ് രാജ് വിമർശിച്ചു.

കുട്ടിക്കാലത്ത് മുതലയെ പിടിച്ചെന്ന് പറയുന്ന പ്രധാനമന്ത്രി ഇപ്പോൾ പാറ്റകളെപ്പോലും ഭയപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു. നിയമങ്ങൾ ഉപയോഗിച്ച് പൗരന്മാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും മോദിയും ബിജെപിയും ജനകീയ പ്രതിഷേധങ്ങളെ ഭയന്നുതുടങ്ങിയെന്നും പ്രകാശ് രാജ് ആരോപിച്ചു.

Actor and activist Prakash Raj sharply criticized the detention of SJP leaders who protested at Jantar Mantar, calling it an insult to democracy. He accused the Modi government and the BJP of misusing the police and security forces against young protesters, and demanded action on election-related concerns, including the SIR process and Chief Election Commissioner Gyanesh Kumar.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387063/prakash-raj-slams-modi-bjp-protest-crackdown)