---
title: "പഠനച്ചെലവിന് ആശ്വാസമായി 15,000 രൂപ.....! ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു, അപേക്ഷിക്കേണ്ടത് ഇങ്ങനെ"
english_title: "₹15,000 Scholarship Announced for Minority Students in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387012/minority-students-scholarship-kerala"
published_at: "2026-10-14T13:03:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf30c30c082_minority-students-scholarship-kerala.jpg"
keywords: ["KeralaScholarship", "MinorityStudents", "EducationAid", "CAStudents", "CMAStudents"]
---

# പഠനച്ചെലവിന് ആശ്വാസമായി 15,000 രൂപ.....! ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു, അപേക്ഷിക്കേണ്ടത് ഇങ്ങനെ

> **Lead Summary:**  തിരുവനന്തപുരം: സി.എ , സി.എം.എ , സി.എസ് കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർഥികൾക്ക് 15,000 രൂപ ഒറ്റത്തവണ ധനസഹായമായി ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 25 ആണ്.

## Article Content

 തിരുവനന്തപുരം: സി.എ , സി.എം.എ , സി.എസ് കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർഥികൾക്ക് 15,000 രൂപ ഒറ്റത്തവണ ധനസഹായമായി ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 25 ആണ്.

കേരളത്തിൽ സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. സി.എ, സി.എം.എ, സി.എസ് കോഴ്സുകളിലെ ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.

**വിദ്യാഭ്യാസ യോഗ്യത**

ഇന്റർമീഡിയറ്റ് കോഴ്സിന് അപേക്ഷിക്കുന്നവർ ഫൗണ്ടേഷൻ പരീക്ഷയോ ബിരുദ പരീക്ഷയോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഫൈനൽ കോഴ്സിന് അപേക്ഷിക്കുന്നവർ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.

**വരുമാന മാനദണ്ഡം**

സ്കോളർഷിപ്പ് അനുവദിക്കുന്നതിൽ ബി.പി.എൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കും. ഇവർ അപേക്ഷയ്ക്കൊപ്പം റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. അർഹരായ ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ വാർഷിക കുടുംബവരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാത്ത എ.പി.എൽ വിഭാഗത്തിലെ വിദ്യാർഥികളെയും പരിഗണിക്കും.

**തെരഞ്ഞെടുപ്പും സ്കോളർഷിപ്പ് തുകയും**

അപേക്ഷകരുടെ അക്കാദമിക് മികവ്, കുടുംബവരുമാനം എന്നിവ പരിഗണിച്ച് ജനസംഖ്യാനുപാതികമായാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ ഒറ്റത്തവണയായി ലഭിക്കും.

മുൻവർഷങ്ങളിൽ ഈ സ്കോളർഷിപ്പ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർക്ക് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്.

**അപേക്ഷിക്കേണ്ട വിധം**

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക സ്കോളർഷിപ്പ് പോർട്ടലായ www.mwdscholarship.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ അനുബന്ധ രേഖകളും നവംബർ 30നകം ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ സമർപ്പിക്കണം.

**പ്രധാന തീയതികൾ**

ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: നവംബർ 25

പ്രിന്റൗട്ടും രേഖകളും സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30

സ്കോളർഷിപ്പ് തുക: ₹15,000

കൂടുതൽ വിവരങ്ങൾക്ക് 0471-2300523, 0471-2300524 എന്നീ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.

Kerala’s Minority Welfare Department has invited applications for a one-time scholarship of ₹15,000 for minority students pursuing CA, CMA and CS courses. Eligible students can apply online until November 25, while the printout and supporting documents must be submitted by November 30.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387012/minority-students-scholarship-kerala)