---
title: "നാടിനെ നടുക്കിയ കൊലപാതകം...! സ്കൂൾ വിട്ടെത്തിയ പേരക്കുട്ടി കണ്ടത് ദാരുണ കാഴ്ച: വീടിനുള്ളിൽ 79-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പവൻ സ്വർണം കവർന്നു"
english_title: "79-Year-Old Woman Strangled to Death in Karamala; 15 Pavan Gold Stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386954/karamala-79-year-old-woman-killed-gold-stolen"
published_at: "2026-10-14T08:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acef62eaa429_karamala-79-year-old-woman-killed-gold-stolen.jpg"
keywords: ["ThrissurCrime", "MurderInvestigation", "GoldTheft", "KeralaPolice", "ForensicProbe"]
---

# നാടിനെ നടുക്കിയ കൊലപാതകം...! സ്കൂൾ വിട്ടെത്തിയ പേരക്കുട്ടി കണ്ടത് ദാരുണ കാഴ്ച: വീടിനുള്ളിൽ 79-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പവൻ സ്വർണം കവർന്നു

> **Lead Summary:** **തൃശ്ശൂർ: ** കാറളത്ത് വീടിനുള്ളിൽ 79-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കാറളം മൃഗാശുപത്രിക്കു പിന്നിൽ അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രി ആണ് കൊല്ലപ്പെട്ടത്. ഇവർ ധരിച്ചിരുന്ന അഞ്ചു വളയും മാലയും മോതിരവുമടക്കം 15 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

## Article Content

**തൃശ്ശൂർ: ** കാറളത്ത് വീടിനുള്ളിൽ 79-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കാറളം മൃഗാശുപത്രിക്കു പിന്നിൽ അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രി ആണ് കൊല്ലപ്പെട്ടത്. ഇവർ ധരിച്ചിരുന്ന അഞ്ചു വളയും മാലയും മോതിരവുമടക്കം 15 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

സാവിത്രിയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ടെന്നും വീടിനകത്ത് മുളകുപൊടി തൂകിയനിലയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. എന്നാൽ വീടിനുള്ളിലെ അലമാരകളും മറ്റും ബലമായി തുറന്നതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് സാവിത്രി വീട്ടുമുറ്റം അടിക്കുന്നത് കണ്ടവരുണ്ട്. സാവിത്രിയുടെ മകനും ഭാര്യയും ചേർന്ന് അച്ഛൻ വിജയനെയുംകൊണ്ട് ആശുപത്രിയിൽപ്പോയ സമയത്താണ് കൊലപാതകം നടന്നിട്ടുള്ളത്.

സ്‌കൂൾ വിട്ടുവന്ന പേരക്കുട്ടി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ മുൻവാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അടുക്കളഭാഗത്തെ തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറിയ കുട്ടി, കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ സാവിത്രിയെ കണ്ടെത്തുകയായിരുന്നു. കുട്ടി ഉടൻതന്നെ അയൽപക്കത്തെ വീട്ടിൽച്ചെന്ന് വിവരമറിയിച്ചു. അയൽവാസികളെത്തി അടുത്തു താമസിക്കുന്ന മൂത്ത മകനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തെത്തി ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ്, ഫൊറൻസിക് വിഭാഗങ്ങൾ വിശദമായ പരിശോധന നടത്തി. മൃതദേഹത്തിനരികിൽനിന്ന് മണം പിടിച്ച പോലീസ് നായ വീടിന്റെ അടുക്കള വഴി പുറത്തിറങ്ങി സമീപത്തെ പറമ്പിലൂടെ കടന്ന് പ്രധാന റോഡിലെത്തി നിൽക്കുകയായിരുന്നു. കൊല്ലപ്പെട്ട സാവിത്രിയുടെ മക്കൾ: സുരേഷ്, സുഭാഷ്, സുമേഷ്, പരേതരായ സുജേഷ്, ശശി. മരുമക്കൾ: സിന്ധു, പ്രീതി, ഗ്രീഷ്മ, ടീന, സുബിത.

A 79-year-old woman, Savitri, was found strangled to death inside her home in Karamala, Thrissur, with around 15 pavan of gold ornaments missing. Police said the incident likely occurred between 3:30 pm and 4:30 pm, and a detailed forensic investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386954/karamala-79-year-old-woman-killed-gold-stolen)