---
title: "മൂന്ന് ജീവനുകൾ പൊലിഞ്ഞ മിനി കൂപ്പർ അപകടം; സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്, ജാമ്യാപേക്ഷ നാളെ പരിഗണിക്കും"
english_title: "Mini Cooper Crash: Police Move to Take Suhail into Custody; Bail Plea Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386943/mini-cooper-crash-suhail-custody-bail-plea"
published_at: "2026-10-14T07:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdbba07d11a_mini-cooper-overspeeding-fatal-crash.jpg"
keywords: ["MiniCooperCrash", "KeralaPolice", "ExciseCase", "MVDepartment", "BailHearing", "NedumbasseryCrash"]
---

# മൂന്ന് ജീവനുകൾ പൊലിഞ്ഞ മിനി കൂപ്പർ അപകടം; സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്, ജാമ്യാപേക്ഷ നാളെ പരിഗണിക്കും

> **Lead Summary:** കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് നടപടി.

## Article Content

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് നടപടി.

സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പർ അപകടത്തിൽ പണവും സ്വാധീനവുമുള്ള പ്രതി സുഹൈൽ സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതൽ നടക്കുന്നതെന്നാണ് പൊലീസിനെതിരെയുള്ള മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ആരോപണം.

കുടുംബത്തിന് പിന്നാലെ സിപിഎമ്മും പൊലീസിനെതിരെ ആരോപണം കടുപ്പിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍, ആക്ഷേപങ്ങള്‍ എല്ലാം തള്ളുകയാണ് പൊലീസ്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

എഫ്ഐആർ എന്നത് പ്രാഥമിക രേഖ മാത്രമാണ്. തുടർ അന്വേഷണത്തിലാണ് സുഹൈൽ സജീവിന്റെ പേര് പ്രതി സ്ഥാനത്ത് ചേർത്തതെന്നും മദ്യപിച്ചെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതിനുശേഷം നടപടിയുണ്ടായിയെന്നും പൊലീസ് അറിയിച്ചു.

എല്ലാം റിമാൻഡ് റിപ്പോർട്ടിൽ വിശദമായുണ്ട്. 18 നും 21 നും ഇടയിൽ പ്രായമുള്ള പ്രതിയെ കോടതിയാണ് നിയമ പ്രകാരം ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

വിവാദങ്ങൾക്കിടെ സുഹൈൽ സജീവിനെ കസ്റ്റഡിയിൽ ലഭിക്കാനായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഇന്ന് അപേക്ഷ പരിഗണിക്കും. പ്രായപൂർത്തിയാകാതെ ബാറിൽ കയറി മദ്യപിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്.

പൊലീസിന്റെ റിപ്പോർട്ട് കിട്ടുന്ന മുറക്ക് സുഹൈൽ സജീവിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പുമെടുക്കും. അതിനിടെ പ്രതി നൽകിയ ജാമ്യാപേക്ഷ നാളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

Police will seek custody of Suhail in connection with the Nedumbassery Mini Cooper crash that killed three people, amid allegations that he is being shielded. The court will consider his bail plea tomorrow, while the Excise Department has also filed a case and the Motor Vehicles Department has begun steps to cancel his licence.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386943/mini-cooper-crash-suhail-custody-bail-plea)