---
title: "'എന്റെ മകനെ പൊലീസുകാർ കൊന്നതാണ്, കുട്ടികളെ തല്ലിച്ചതക്കാൻ ആര് അധികാരം തന്നു?'; തൃശൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പൊലീസിനെതിരെ പിതാവ്"
english_title: "Kodungallur Police Torture 18 Year Old Suicide Father Shocking FB Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386919/kodungallur-police-torture-youth-suicide-father-allegation"
published_at: "2026-10-13T21:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace5a16da588_kodungallur-police-torture-youth-suicide-father-allegation.jpg"
keywords: ["Kodungallur police torture", "Youth suicide Thrissur", "Kodungallur SI CI allegation", "Kerala police brutality", "Thrissur news"]
---

# 'എന്റെ മകനെ പൊലീസുകാർ കൊന്നതാണ്, കുട്ടികളെ തല്ലിച്ചതക്കാൻ ആര് അധികാരം തന്നു?'; തൃശൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പൊലീസിനെതിരെ പിതാവ്

> **Lead Summary:** **തൃശൂര്‍: പ്ര**ണയത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ പൊലീസിൽനിന്ന് നേരിട്ട അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് തങ്ങളുടെ 18 വയസ്സുകാരനായ മകൻ ജീവനൊടുക്കിയതെന്ന ഗുരുതര ആരോപണവുമായി പിതാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

## Article Content

**തൃശൂര്‍: പ്ര**ണയത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ പൊലീസിൽനിന്ന് നേരിട്ട അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് തങ്ങളുടെ 18 വയസ്സുകാരനായ മകൻ ജീവനൊടുക്കിയതെന്ന ഗുരുതര ആരോപണവുമായി പിതാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

മരിച്ച മുഹമ്മദ് അസ്‌ലമിന്റെ പിതാവും കൊടുങ്ങല്ലൂർ പഴുപറമ്പിൽ സ്വദേശിയുമായ നൗഷാദാണ് സി.ഐ ബൈജു, എസ്.ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഒക്ടോബർ ആറിനാണ് അസ്‌ലം ജീവനൊടുക്കിയത്.

ഒരു പെൺകുട്ടിയുമായി അസ്‌ലം പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പിതാവ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ മറവിൽ 20 പവൻ സ്വർണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെന്നും, ഇന്നോവ കാർ കൈക്കലാക്കിയെന്നും വ്യാജ ആരോപണം ഉന്നയിച്ചാണ് പൊലീസ് അസ്‌ലമിനെ കസ്റ്റഡിയിലെടുത്തതെന്ന് കുറിപ്പിൽ പറയുന്നു.

മൂന്ന് ദിവസത്തോളമാണ് സി.ഐ ബൈജുവും എസ്.ഐ അതുൽ മോഹനും ചേർന്ന് തന്റെ മക്കളെ സ്റ്റേഷനിൽ വെച്ച് ക്രൂരമായി തല്ലിച്ചതച്ചതെന്ന് പിതാവ് ആരോപിക്കുന്നു. ഒരു പരാതി കിട്ടിയാൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരത്തിൽ മൃഗീയമായി മർദ്ദിക്കാൻ ആരാണ് പൊലീസിന് അധികാരം നൽകിയതെന്നും അദ്ദേഹം  ചോദിക്കുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ കടുത്ത ക്രൂരതയിൽ മാനസികമായി തകർന്നാണ് മകൻ ജീവനൊടുക്കാൻ നിർബന്ധിതനായതെന്നും, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

**ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;**

സുഹൃത്തുക്കളെ 06-10-2026. പഴുപറമ്പിൽ നൗഷാദ് മകൻ മുഹമ്മദ്‌ അസ്‌ലം 18 വയസ്സ് മരണപെടാൻ ഉണ്ടായ കാരണം. ഒരു പിതാവിന്റെ വേദനയെന്ന നിലയിൽ ചുവടെ കൊടുക്കുന്നു....

27- 09-2026 ഞായറാഴ്ച വൈകുന്നേരം 6.45ന് കൊടുങ്ങല്ലൂർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് 9633284716 എന്ന നബറിൽ നിന്നും CI ആണെന്ന് പറഞ്ഞു കാൾ വന്നു. നിങ്ങൾ അസ്‌ലം എന്ന കുട്ടിയുടെ ആരാണെന്ന് ചോദിച്ചു ഞാൻ പറഞ്ഞു അവന്റെ പിതാവ് ആണെന്ന്. അന്നേരം മറുതലക്കൽ നിന്നും പോലീസ്. നിന്റെ മകൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും പെട്ടന്ന് ഇവിടെ വരെ വരണമെന്നും പറഞ്ഞു. ഞാൻ അദ്ദേഹത്തോട് എന്താണ് കാരണമെന്ന് ചോദിച്ചു അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. നീ കാരണം അറിഞ്ഞാൽ മാത്രമേ ഇവിടെ വരികയുള്ളു എന്ന് മറുപടി തന്നു. ഞാൻ ഒരു ടാക്സി ഡ്രൈവർ ആണെന്നും ഞാൻ ഒരു ഓട്ടം പോയ്‌ കൊണ്ടിരിക്കുകയാണെന്നും വണ്ടിയിൽ ഉള്ള ആളുകളെ വഴിയിൽ ഇറക്കി വിട്ട് എനിക്ക് ഇപ്പോൾ വരാൻ സാധിക്കില്ലയെന്നും ഞാൻ ഓട്ടം കഴിഞ്ഞ് അവിടെ വരാമെന്നും പറഞ്ഞു കാൾ അവസാനിപ്പിച്ചു...

ഉടനെ ഞാൻ വീട്ടിലേക്ക് വിളിച്ച് എന്റെ മൂത്ത മകനോട് കാര്യം പറഞ്ഞു നിന്റെ അനുജൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും വേഗം അവിടെ വരെ ചെന്ന് കാര്യങ്ങൾ അന്വേഷിക്കാനും പറഞ്ഞു വിട്ടു.

കുറച്ച് കഴിഞ്ഞ് രണ്ട് മക്കളുടെയും ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല. എന്റെ ഓട്ടം കഴിഞ്ഞപ്പോൾ 10.30 കഴിഞ്ഞിരുന്നു. ഞാൻ വേഗം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പുറത്ത് എല്ലിൻ കഷ്ണം നുണഞ്ഞു നിൽക്കുന്ന കുറെ രാഷ്ട്രീയകാരെ ഞാൻ കണ്ടു. ആകെ വെട്ടി വിയർത്ത് വായിൽ എല്ലിൻ കഷ്ണം കടിച്ച് CI ബൈജു സാറിനെയുമാണ് കണ്ടത്..

ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്യാൻ പോകുന്ന CI ബൈജുവിന്റെ അടുത്തേക്ക് ഞാൻ ചെന്നു. സാർ എന്നെ വിളിച്ചിരുന്നു എന്റെ മക്കൾ ഇവിടെയുണ്ട്. അന്നേരം CI ബൈജു സാർ എന്റെ അടുത്ത് നിന്റെ മുടിയനായ ഇളയ പുത്രൻ അവൻ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും ഫോണിൽ ഭീഷണി പെടുത്തി വാങ്ങിയെന്ന് പറഞ്ഞു. എന്നിട്ട് ആ പൈസ കൊണ്ട് ഒരു ഇന്നോവ കാർ വാങ്ങിയെന്നും പറഞ്ഞു. ഞാൻ അവരുടെ മേൽ FIR ഇട്ടിട്ടുണ്ട് കേസ് ആക്കിയെന്നും പറഞ്ഞു...

ഞാൻ ഉടനെ എന്റെ മക്കളെ കാണാൻ സ്റ്റേഷന്റെ അകത്തേക്ക് പോയ്‌ മൂത്ത മകനെ സെല്ലിലും ഇളയ മകനെ ഒരു ബെഞ്ചിലും ഇരുത്തിയിരുന്നു. ഞാൻ ഇളയ മകന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ ചോദിച്ചു നീ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും വാങ്ങിയോ എന്ന് ചോദിച്ചു. അവൻ വാപ്പിച്ചി ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല ഞാൻ ഒരു പെൺകുട്ടിയുമായി രണ്ട് വർഷത്തോളമായി ഇഷ്ടത്തിൽ ആണെന്നും അവളുടെ വീട്ടുകാർ ഈ വിവരം അറിഞ്ഞപ്പോൾ അവളുടെ ഫോൺ വാങ്ങി വെക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾ ആയി അവളുമായി ബന്ധപെടാൻ സാധിക്കാത്തത് കൊണ്ട് അവളെ ഒരു നോക്ക് കാണാൻ ഞാൻ അവളുടെ വീട്ടിൽ ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചു ചെന്നു അപ്പോൾ അവളുടെ വീട്ടുകാർ പ്രശ്നങ്ങൾ ഉണ്ടാക്കി വെറുതെ പോലീസിനെ വിളിച്ചു വരുത്തി....

ഞാൻ മകനുമായി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുന്ന നേരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു വനിത പോലീസും മറ്റൊരു പോലീസ് ഓഫീസറും കൂടി എന്നോട് ഇവിടെ നിൽക്കാൻ പറ്റില്ലയെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഇത് എന്റെ മക്കൾ ആണെന്നും എനിക്ക് ഇവരോട് കാര്യങ്ങൾ ചോദിച്ചു അറിയണമെന്നും പറഞ്ഞു. അപ്പോൾ വനിതാ പോലീസും മറ്റേ പോലീസ്ക്കാരനും കൂടി എന്റെയടുത്ത് ചോദ്യം ചെയ്യാൻ ഇവിടെ പോലീസ് ഉണ്ടെന്നും നിങ്ങൾ പുറത്ത് പോകൂ എന്നും പറഞ്ഞു...

ഞാൻ പുറത്തേക്ക് പോകുന്ന വഴിയിൽ മൂത്ത മകനോട് കാര്യങ്ങൾ ചോദിച്ചു. അവൻ പറഞ്ഞു എനിക്ക് ഒന്നും അറിയില്ല ഞാൻ ആ പെൺകുട്ടിയെ കണ്ടിട്ട് പോലുമില്ല. ഫോണിൽ കൂടി ചാറ്റ് ചെയ്തിട്ടില്ല വിളിച്ചിട്ടുമില്ല എന്റെ അനുജനെ എന്റെ മുന്നിൽ ഇട്ട് ഒരുപാട് ശരീരമായി ഉപദ്രവിക്കുകയും അവന്റെ നാഭിക്ക് ചവിട്ടുകയും മണിയിൽ പിടിച്ച് അമർത്തുകയും കുനിച്ചു നിർത്തി അയാൾ വിയർക്കുന്നത് വരെ ഇടിക്കുകയും കഴുത്തിലെക്ക് അടിക്കുകയും ചെയ്യുന്നത് കണ്ട് സഹിക്കാൻ പറ്റാതെ അവൻ SI അതുൽ മോഹനൻ സാറിനോട് അവനെ വെറുതെ വിട്ടേക്ക് ഞാൻ ആണ് ഇതൊക്കെ ചെയ്തതെന്ന് സ്വയം കുറ്റം പറഞ്ഞു....

സാധാരണ കുറ്റം ഏറ്റ് പറഞ്ഞാൽ പോലീസ്കാർക്ക് ഈ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി തെളിവ് ശേഖരിക്കാമായിരുന്നു.

3 ദിവസമാണ് CI ബൈജുവും SI അതുൽ മോഹനും കൂടി എന്റെ മക്കളെ സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചത്.

പ്രായപൂർത്തി ആകാത്ത ഒരു പയ്യനെയും മറ്റൊരു മകനെയും കോടതിയിൽ ഹാജർ ആക്കിയത് 3 ദിവസം കഴിഞ്ഞ് ആണ്...

3 ആം ദിവസം എന്നോട് ഒരു പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കണം ഞാൻ ആ പേപ്പർ വാങ്ങി വായിച്ച് നോക്കിയപ്പോൾ ഇന്നലെ ഉച്ചക്ക് ആണ് ഇവരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുള്ളതെന്ന് എഴുതിയിരിക്കുന്നു. ഞാൻ എന്റെ വക്കീലിനെ വിളിച്ച് ആ കാര്യം പറഞ്ഞു. അത് സാരമില്ല എന്നോട് ഒപ്പിട്ട് കൊടുക്ക് നമുക്ക് അവരെ ജാമ്യത്തിൽ എടുക്കാമെന്നും പറഞ്ഞു.

22 വയസ്സ് ബികോം പാസായിരിക്കുന്ന മൂത്ത മകനെ പോലീസ് സ്റ്റേഷനിൽ നിർത്തി പോലീസ്കാർ അവനെ കുറിച്ച് വീഡിയോ ചെയ്യുകയും ന്യൂസ്‌ ചാനലുകളിൽ ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിക്കുകയും പത്രങ്ങളിൽ കൊടുക്കുകയും ചെയ്ത് അവന്റെ ജീവിതം തന്നെ നശിപ്പിച്ചു...

പ്രായപൂർത്തി ആകാത്ത ഇളയ മകനെ ജുവൈനൽ ജസ്റ്റിസ് മുൻപാകെ ഒരു ബോർഡ് മെമ്പറിന്റെ അടുത്തേക്ക് വിടുകയും അവനെ ജാമ്യത്തിൽ എടുക്കാൻ ഞാനും വക്കീലും രണ്ട് ജാമ്യക്കാരെയും കൂട്ടി രണ്ട് പോലീസ് ഓഫിസർമാർക്കൊപ്പം തൃശൂർ രാമപുരത്തുള്ള അവരുടെ വസതിയിൽ ചെന്നു. വീനിത എന്നാണ് അവരുടെ പേര് അവർ വകീലുമല്ല ജഡ്ജിയുമല്ല ഒരു ബോർഡ് മെമ്പർ മാത്രം.

വകീൽ ജാമ്യപേക്ഷ അവരെ കാണിച്ച് കാര്യങ്ങൾ പറഞ്ഞു. പക്ഷേ എന്തോ മുൻ വിധിയോടെയാണ് അവർ പെരുമാറിയത് മകൻ ഒരിക്കലും ജാമ്യം കിട്ടരുതെന്ന ഉദ്ദേശത്തിൽ ആണ് അവർ പെരുമാറിയത്..

( NB: അവരുടെ സംസാരത്തിനിടയിൽ പെട്ടന്ന് അവരുടെ വായിൽ CI ബൈജു സാർ ഇന്നലെ വിളിച്ചിരുന്നു എന്ന് പറയാൻ ഇടയായി. ) ഞാൻ വക്കീലിന്റെ മുഖത്ത് ഒന്ന് നോക്കി CI നേരത്തെ സെറ്റപ്പ് ആക്കിയ ടീം ആയിരുന്നു ഈ ബോർഡ് മെമ്പർ എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇളയ മകനെ 4 ദിവസം അവരുടെ കസ്റ്റഡിയിൽ ഇട്ടു ഇളയ മകനെ പോലീസ് ക്രൂരമായി മർദ്ധിച്ചത് ഞാൻ ആ വനിതയോട് പറഞ്ഞു അവനെ ആശുപത്രിയിൽ കാണിക്കണമെന്നും നല്ല പരിക്ക് ഉണ്ടെന്നും പറഞ്ഞു അപ്പോൾ ജ്യൂവനൽ അധികൃതർ ആശുപത്രിയിൽ കൊണ്ട് പോകുമെന്നും അവർ എന്നോട് പറഞ്ഞു ജാമ്യം കിട്ടി പുറത്ത് ഇറങ്ങിയപ്പോൾ ഞാൻ മകനോട് നിന്നെ അവർ ഡോക്ടറെ കാണിച്ചോ എന്ന് ചോദിച്ചപ്പോൾ ഇല്ലായെന്ന് മറുപടി തന്നു ....

4 ദിവസം കഴിഞ്ഞ് വകീലുമായി ചെന്ന് എന്റെ ഇളയ മകനെ ജാമ്യത്തിൽ എടുത്ത് വീട്ടിൽ കൊണ്ട് വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇളയ മകൻ സബ്ജയിലിൽ കിടക്കുന്ന ജേഷ്ഠനെ കാണണമെന്ന് പറഞ്ഞു. ഞാൻ അവന്റ ഉമ്മയെ കൂട്ടി പറഞ്ഞയച്ചു. അവനെ കണ്ടപ്പോൾ രണ്ട് പേരും പൊട്ടി പൊട്ടി കരഞ്ഞു അനുവദിച്ച സമയം കഴിഞ്ഞപ്പോൾ അവനെയും കൂട്ടി തിരികെ പോന്നു.

പോരുന്ന വഴിയിൽ കൊടുങ്ങല്ലൂർ എത്തിയപ്പോൾ അവൻ കുഴിമന്തി വാങ്ങി കൊടുക്കാൻ ഉമ്മയോട് പറഞ്ഞു അത് അവന്റെ അവസാനത്തെ ആഗ്രഹം ആണെന്ന് അവൾക്ക് അറിയില്ലായിരുന്നു. കുറച്ച് പാർസൽ വാങ്ങി വീട്ടിൽ വന്ന് 5ആം ക്ലാസ്സിൽ പഠിക്കുന്ന ഇളയ സഹോദരന് കൊടുത്തു.

ഞാൻ വീട്ടിൽ വന്നപ്പോൾ രാത്രി 10 മണിയായി ഏകദേശം ഒരു മണിക്കൂർ ഞങ്ങൾ സംസാരിച്ചു ഇരുന്നു. അവൻ മുകളിലെ റൂമിൽ ആണ് കിടന്നിരുന്നത് അവൻ ഉറങ്ങാൻ ആയി മുകളിലേക്ക് പോയ്‌. ഞങ്ങൾ താഴെ റൂമിൽ ആണ് കിടന്നിരുന്നത് നേരം വെളുത്തപ്പോൾ എന്റെ അയൽവാസിയായ ആൾ വന്ന് കോളിങ് ബെൽ അടിച്ചു ആ ശബ്ദം കേട്ടാണ് ഞാൻ വാതിൽ തുറന്നത്. എന്നെ അയാൾ പുറത്തേക്ക് വിളിച്ച് കൊണ്ട് പോയി നിങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന് ചോദിച്ചു. എന്ത് അറിഞ്ഞില്ലേയെന്ന് ഞാൻ തിരിച്ച് ചോദിച്ചു. വീടിന്റെ മറുവശത്തേക്ക് എന്നെ കൊണ്ട് പോയ്‌ മുകളിലേക്ക് ചൂണ്ടി കാണിച്ചു. ആ നിമിഷം എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല തൊണ്ടയിടറി കണ്ണുകൾ നിറഞ്ഞു ഞാൻ മുകളിലേക്ക് ഓടി കയറി. ജീവൻ ഒരു തരിയെങ്കിലും ഉണ്ടാവണമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. 6 അടി രണ്ട് ഇഞ്ചു പൊക്കമുള്ള ആ 18 വയസ്കാരന്റെ വായിൽ നിന്നും നുര വരുന്നുണ്ടായിരുന്നു...

10 മാസം നൊന്ത് പ്രസവിച്ച ഒരു അമ്മ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും കാണാൻ പറ്റാത്ത ഒരു കാഴ്ച അതും 18 വയസ്സ് തികയാത്ത ഒരു മകന്റെ ചേതനയറ്റ ശരീരം തൂങ്ങി നിൽക്കുന്നത് നേരിട്ട് കാണേണ്ടി വരുന്നത് ഓർക്കാൻ കൂടി വയ്യാ. ഒരു മകനേ നഷ്ടപ്പെട്ടു മറ്റൊരു മകൻ ജയിലിൽ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണമെന്ന് എനിക്ക് അറിയില്ല....

സ്വന്തം സഹോദരന്റെ ജീവനറ്റ ശരീരം ഒരു നോക്ക് കാണാൻ ആഗ്രഹമുണ്ടോ എന്ന് പോലീസ് കസ്റ്റഡിയിൽ കഴിയുന്ന എന്റെ മകനോട് ഞാൻ പോയ്‌ ചോദിച്ചു..

അവനെ കാണാൻ നിന്നെ കൊണ്ട് വരുമ്പോൾ കയ്യിൽ വിലങ്ങ് വെച്ചിട്ടുണ്ടാകും അത്രയും ആളുകൾ കൂടി നിൽക്കുന്ന സമയത്ത് അങ്ങനെ ഒരു സീനിൽ നിനക്ക് അവനെ കാണണമോ എന്ന് ഞാൻ ചോദിച്ചു. അല്ലെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌ മോർട്ടം കഴിഞ്ഞ് തിരികെ പോരുമ്പോൾ പോലീസ് സ്റ്റേഷന്റെ അടുത്ത് ആംബുലൻസ് നിർത്തി കാണിച്ചാൽ മതിയോ എന്നും ഞാൻ ചോദിച്ചു.

അവൻ പറഞ്ഞു എനിക്ക് വീട്ടിൽ വന്ന് അവനെ കാണണമെന്ന് പറഞ്ഞു. വൈകുന്നേരം 5 മണി കഴിഞ്ഞ് ആംബുലൻസ് വീട്ടിൽ എത്തുന്നതിന് മുൻപ് പോലീസ്കാർ മൂത്ത മകനുമായി വീട്ടിൽ എത്തിയിരുന്നു ആ കാഴ്ച കണ്ട് നിന്ന മുഴുവൻ ആളുകളുടെയും കണ്ണുകൾ നിറച്ചു...

ഒരു പെൺകുട്ടിയെ സ്നേഹിച്ചതിന്റെ പേരിൽ സ്വന്തം ജേഷ്ഠന് പോലീസിന്റെ ക്രൂരമായ മർദ്ദനം എൽക്കേണ്ടി വരുകയും അതിന്റെ ഭാഗമായി ജേഷ്ഠൻ ജയിലിൽ കിടക്കേണ്ടി വരുകയും ചെയ്ത മനോവിഷമം എന്റെ മോനെ നേരം വെളുക്കുന്നത് കാണാൻ അവന്റെ മനസ്സ് അനുവദിച്ചില്ല. അവൻ ഓമനിച്ചു വളർത്തിയ റൂബി എന്ന നായ കുട്ടിയെ ലോക്ക് ചെയ്താണ് ഈ കടും കൈ ചെയ്തത്.

എനിക്ക് പോലീസ് സിസ്റ്റത്തോട് ചോദിക്കാനുള്ള കുറച്ച് ചോദ്യങ്ങൾ...?

1- ഒരു പരാതി കിട്ടിയാൽ അതിനെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണോ ഏത് കേസും കൈകാര്യം ചെയ്യുന്നത്...?

2- ഇത്രയും ടെക്നോളജി വളർന്ന സ്ഥിതിക്ക് ഒരു ഇന്നോവ കാർ ആരുടെ പേരിലാണ് എന്ന് അറിയാൻ ഒരു സർക്കിൾ ഇൻസ്‌പെക്ടർക്കും ഒരു സബ് ഇൻസ്‌പെക്ടർക്കും കഴിയാതെ പോയത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ല.

ഫോണിൽ ഒരു കാറിൽ ചാരി നിന്ന് ഫോട്ടോ എടുത്താൽ അത് അയാളുടെ കാർ തന്നെ ആവണമെന്നുണ്ടോ...?

വാർത്ത ചാനലുകളിൽ ന്യൂസ്‌ കൊടുക്കുമ്പോൾ ആ പ്രതിയുടെ പേരിൽ ഒരു കാർ എങ്കിലും ഉണ്ടോയെന്ന് ഒന്ന് ചെക്ക് ചെയ്യാമായിരുന്നു.

3- 20 പവൻ സ്വർണ്ണവും 50000 രൂപയും ഫോണിൽ കൂടി ഭീഷണിപെടുത്തി വാങ്ങി എന്ന് പരാതിയിൽ ആരോപിക്കുന്ന പെൺകുട്ടിയെ എന്റെ മൂത്ത മകൻ ഫോണിൽ കൂടി ചാറ്റ് ചെയ്യുകയോ മെസ്സേജ് ചെയ്യുകയോ കാൾ ചെയ്യുകയോ ചെയ്തിട്ടുണ്ടോ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണ് അവന്റെ ഫോൺ ഇരിക്കുന്നത് ആ വിവരം എന്നെ ഒന്ന് കാണിക്കാമോ...?

4- ഒരു പരാതി കിട്ടിയാൽ പ്രായപൂർത്തി ആകാത്ത പയ്യന്മാരെ ക്രൂരമായി തല്ലി ചതക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്....?

5- പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്ന രക്ഷിതാക്കളോട് പോലീസ് മാന്യമായി പെരുമാറണമോ...?

ഇനി സ്വന്തം വീട്ടിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും കട്ടെടുത്ത് മറ്റുള്ളവർക്ക് കൊടുത്ത ആ പെൺകുട്ടിക്ക് എതിരെ പോലീസ് കേസ് എടുക്കുമോ...?

രണ്ട് കുട്ടികൾ പരസ്പരം ഇഷ്ടപ്പെട്ടതിന്റെ പേരിൽ ഒരു മകനെ കൊലക്ക് കൊടുക്കുകയും മറ്റൊരു മകനെ ജയിലിൽ ആക്കുകയും ചെയ്ത കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ CI ബൈജുവിനെയും SI അതുൽ മോഹനയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു...

English Summary:

In a heartbreaking Facebook post, Naushad, the father of 18-year-old Muhammed Aslam who died by suicide on October 6, accused Kodungallur Police CI Baiju and SI Atul Mohanan of severe physical and mental torture over a love affair. He alleged that police detained and brutally assaulted his sons for three days based on a complaint from the girl's family, which falsely accused Aslam of taking gold and cash. The family is demanding strict action against the police officers involved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386919/kodungallur-police-torture-youth-suicide-father-allegation)