---
title: "'സർക്കാരിൽ നിന്ന് ആരും ഇതുവരെ വിളിച്ചില്ല, മക്കളിലായിരുന്നു ഞങ്ങളുടെ പ്രതീക്ഷ, അതാണ് ഇല്ലാതാക്കിയത്'; വിങ്ങിപ്പൊട്ടി ഗോപികയുടെ അച്ഛൻ"
english_title: "‘No One from the Government Has Called’: Gopika’s Father in Tears"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386913/gopika-father-anguish-government-call"
published_at: "2026-10-13T20:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace49f41cbab_gopika-father-anguish-government-call.jpg"
keywords: ["GopikaAccident", "NedumbasseryCrash", "PradeepKumar", "HomeMinister", "SocialMediaHate"]
---

# 'സർക്കാരിൽ നിന്ന് ആരും ഇതുവരെ വിളിച്ചില്ല, മക്കളിലായിരുന്നു ഞങ്ങളുടെ പ്രതീക്ഷ, അതാണ് ഇല്ലാതാക്കിയത്'; വിങ്ങിപ്പൊട്ടി ഗോപികയുടെ അച്ഛൻ

> **Lead Summary:** **കൊച്ചി: **നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരിച്ച ഗോപികയുടെ കുടുംബം കടുത്ത വേദനയിലും ആശങ്കയിലും. ഇതുവരെ സർക്കാരിൽ നിന്ന് ആരും വിളിച്ച് സംസാരിച്ചിട്ടില്ലെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാർ വ്യക്തമാക്കി. 

## Article Content

**കൊച്ചി: **നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരിച്ച ഗോപികയുടെ കുടുംബം കടുത്ത വേദനയിലും ആശങ്കയിലും. ഇതുവരെ സർക്കാരിൽ നിന്ന് ആരും വിളിച്ച് സംസാരിച്ചിട്ടില്ലെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാർ വ്യക്തമാക്കി. 

മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നും, എഫ്.ഐ.ആറിൽ ഈ വിവരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി നേരിട്ട് വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രദീപ് കുമാർ കൂട്ടിച്ചേർത്തു.

ഓട്ടോറിക്ഷ ഓടിച്ചാണ് താൻ കുടുംബം പുലർത്തുന്നതെന്നും, തങ്ങളുടെ എല്ലാ പ്രതീക്ഷകളും മകളിലൂടെയായിരുന്നുവെന്നും എന്നാൽ ആ സ്വപ്നങ്ങളാണ് ഈ അപകടത്തിലൂടെ ഇല്ലാതാക്കപ്പെട്ടതെന്നും അദ്ദേഹം വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ കുടുംബത്തിനെതിരെ വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ സർക്കാർ കർശന കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരിട്ട് പരാതി നൽകാതെ ഇത്തരം അപവാദ പ്രചാരണങ്ങൾ സമൂഹത്തിന്റെ പ്രശ്‌നമായി കണ്ട് പോലീസ് സ്വമേധയാ കേസെടുക്കുകയാണ് വേണ്ടത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടാൽ അറിയാം, മുന്നിൽ ഇങ്ങനെ ഒരു വാഹനം ഉള്ളതായി പോലും കണക്കാക്കാതെ അവർ ഇടിച്ചു തെറിച്ച് പോവുകയായിരുന്നുവെന്ന് പ്രദീപ് കുമാർ വ്യക്തമാക്കി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അപകടത്തിൽ മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് സി.പി.ഐ.എമ്മും ഡിവൈഎഫ്.ഐയും രംഗത്തെത്തിയിട്ടുണ്ട്.

**English Summary:**

Pradeep Kumar, father of Gopika who died in the Nedumbassery Mini Cooper accident, said no government representative has contacted the family so far. He alleged attempts to weaken the case and demanded strict action against social media hate campaigns targeting the victim’s family, while the Home Minister assured that the concerns would be addressed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386913/gopika-father-anguish-government-call)