---
title: "'മാനനഷ്ട കേസ് എന്ന ഉമ്മാക്കി കാണിച്ച് തറ രാഷ്ട്രീയ കുതന്ത്രം ഇറക്കി പേടിപ്പിക്കണ്ട; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കാന്‍ ആദ്യം പഠിക്കണം'- ഗോപികയുടെ പിതൃസഹോദരൻ"
english_title: "Don’t Threaten With Defamation Suit, Learn Basic Decency First: Gopika’s Uncle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386880/gopika-uncle-defamation-threat-sasikala"
published_at: "2026-10-13T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace001c1e378_gopika-uncle-defamation-threat-sasikala.jpg"
keywords: ["DefamationCase", "VHPLeader", "FacebookPost", "PKSasikala", "Gopika Family", "NedumbasseryCrash"]
---

# 'മാനനഷ്ട കേസ് എന്ന ഉമ്മാക്കി കാണിച്ച് തറ രാഷ്ട്രീയ കുതന്ത്രം ഇറക്കി പേടിപ്പിക്കണ്ട; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കാന്‍ ആദ്യം പഠിക്കണം'- ഗോപികയുടെ പിതൃസഹോദരൻ

> **Lead Summary:** പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. അപകടത്തില്‍ മരിച്ച പെണ്‍കുട്ടികളെ ശശികല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ അധിക്ഷേപിച്ചതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു.

## Article Content

പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. അപകടത്തില്‍ മരിച്ച പെണ്‍കുട്ടികളെ ശശികല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ അധിക്ഷേപിച്ചതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു.

മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തനിക്കെതിരെ ആരോപിച്ച കാര്യങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞ് ശശികല ഭീഷണിപ്പെടുത്തിയെന്ന് ഗോപികയുടെ പിതൃ സഹോദരന്‍ എം ആര്‍ അനില്‍ കുമാര്‍ പറയുന്നു.

മരിച്ച പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ശശികലയുടെ പേരിലിറങ്ങുന്ന പോസ്റ്ററുകള്‍ പിന്‍വലിപ്പിക്കാനാണ് അവര്‍ പരാതി കൊടുക്കേണ്ടതെന്നും ഗോപികയുടെ ബന്ധു പറഞ്ഞു.

മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കണമെന്നും എന്നിട്ട് മാനനഷ്ടവുമായി ഇറങ്ങുന്നതാണ് മനുഷ്യത്വമെന്നും അനിൽ കുമാർ ഫേസ്ബുക്കില്‍ കുറിച്ചു. ചെയ്യാത്ത കാര്യത്തിന്‌റെ പേരിലാണ് താന്‍ കുറ്റപ്പെടുത്തിയതെങ്കില്‍ മാധ്യമങ്ങളോട് പറഞ്ഞത് പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

**ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം**

***കെ പി ശശികല എന്നെ വിളിച്ച് മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ പത്ര സമ്മേളനത്തില്‍ ഞാന്‍ ആരോപണം ഉന്നയിച്ചു എന്നാണ് പറയുന്നത്. ആരോപണം ഉന്നയിച്ചിട്ടുണ്ട്. ***

***അത് അവരുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളുടെ അടിസ്ഥാനത്തിലാണ്.***

***അത് വ്യാജമാണെങ്കില്‍ അത്തരം പ്രചരണത്തിനെതിരെ ആദ്യം അതവസാനിപ്പിക്കാനായി അവര്‍ ഡി.ജി.പിക്ക് പരാതി കൊടുക്കട്ടെ. പ്രസ്താവന നിഷേധിച്ച് പരസ്യമായി പ്രതികരിക്കട്ടെ. ***

***അതിന് പകരം സന്തപ്ത കുടുംബത്തിനെതിരെ മാനനഷ്ട കേസ് എന്ന ഉമ്മാക്കി കാണിച്ച് തറ രാഷ്ട്രീയ കുതന്ത്രം ഇറക്കി പേടിപ്പിക്കണ്ട. അത്തരം പേടിയുള്ള കുടുംബമൊന്നുമല്ല എന്റേത്. ചെയ്യേണ്ട കാര്യം താങ്കള്‍ ആദ്യം ചെയ്ത് കാണിക്കണം.***

***മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കാന്‍ ആദ്യം പഠിക്കണം. എന്നിട്ട് മാനനഷ്ടവുമായി ഇറങ്ങുന്നതാണ് മനുഷ്യത്വം. അത് ചെയ്ത് കഴിഞ്ഞിട്ട് താങ്കള്‍ വക്കീലിനേയും കൂട്ടി കോടതിയിലേക്ക് പോകുന്നതല്ലേ നല്ലത്? ***

***ചെയ്യാത്ത കാര്യത്തിന്റെ പേരില്‍ താങ്കളെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം തീര്‍ച്ചയായും പിന്‍വലിക്കും. പക്ഷേ, താങ്കളുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ താങ്കള്‍ ആദ്യം ഡി.ജി.പിക്ക് പരാതി കൊടുക്ക്. എന്നിട്ട് ഭീഷണിയുമായി വന്നാ പോരേ?***

Gopika’s paternal uncle M.R. Anil Kumar has alleged that VHP leader K.P. Sasikala threatened the family with a defamation case after they spoke out against remarks made about the girl who died in the Nedumbassery accident. In a Facebook post, he said the family would withdraw allegations if they were proven false, but insisted that the first step should be to stop the alleged defamatory online campaign and respond through proper legal channels.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386880/gopika-uncle-defamation-threat-sasikala)