---
title: "അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീടിന്റെ ജപ്തി തടഞ്ഞത് നിയമക്കുരുക്കായി; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആറിന് കോടതി നിർദേശം"
english_title: "Court Orders FIR Against MLA Najeeb Kanthapuram Over Foreclosure Intervention"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386856/court-orders-fir-against-mla-foreclosure-intervention"
published_at: "2026-10-13T13:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acde5c416b2b_court-orders-fir-against-mla-foreclosure-intervention.jpg"
keywords: ["CourtOrder", "FIR", "BankForeclosure", "MLA Najeeb Kanthapuram"]
---

# അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീടിന്റെ ജപ്തി തടഞ്ഞത് നിയമക്കുരുക്കായി; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആറിന് കോടതി നിർദേശം

> **Lead Summary:** മലപ്പുറം: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ നജീബ് കാന്തപുരം എംഎൽഎയ്ക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി.

## Article Content

മലപ്പുറം: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ നജീബ് കാന്തപുരം എംഎൽഎയ്ക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി.

മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. അഭിഭാഷക കമ്മീഷണർ കെ പി കൃഷ്ണകുമാറിന്റെ പരാതിയിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സരിത രവീന്ദ്രൻ എംഎൽഎയ്ക്ക് എതിരെ കേസെടുക്കാൻ മേലാറ്റൂർ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയത്.

അതേസമയം അഭിഭാഷകൻ മുഖേന എംഎൽഎ കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ രജിസ്റ്റർ ചെയ്ത കോടതിയലക്ഷ്യ കേസിൽ ഇരുവിഭാഗത്തിന്റെ വാദം തിങ്കളാഴ്ച സിജെഎം കോടതിയിൽ പൂർത്തിയായി. മാപ്പപേക്ഷയിൽ വാദം കേട്ട കോടതി ഈ മാസം 16ന് വിധി പറയും.

മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലാണ് സംഭവം. രണ്ട് യുവതികളും അമ്മയും മാത്രം താമസിക്കുന്ന കുടുംബത്തെയാണ് അധികൃതർ വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചത്.. ഇതിനിടെയാണ് എംഎൽഎയുടെ ഇടപെടലുണ്ടായത്.

പിന്നാലെ എംഎൽഎ മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസപ്പെടുത്തി തിരിച്ചയക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക കമ്മീഷണർ പരാതി നൽകിയത്. ഇത് സംബന്ധിച്ച് കോടതി മേലാറ്റൂർ പൊലീസിനോട് വിശദീകരണം തേടിയിരുന്നു.

എന്നാൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എംഎൽഎയ്ക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമപരമായി അന്വേഷണം നടത്തിയതിനെ കുറിച്ചുള്ള വിവരമുണ്ടായിരുന്നില്ല. തുടർന്നാണ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമപ്രകാരം അന്വേഷണം നടത്താൻ കോടതി നിർദേശിച്ചത്.

വീട് ജപ്തിയായാൽ ജീവനൊടുക്കുമെന്ന കുടുംബത്തിന്റെ നിലപാടിൽ, പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് മേലാറ്റൂർ എസ്എച്ച്ഒ കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്.

A court has directed that an FIR be registered and an investigation launched against MLA Najeeb Kanthapuram over his intervention in a bank foreclosure case in Perinthalmanna. The complaint alleges that he threatened and insulted the advocate commission that had come to carry out the recovery proceedings.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386856/court-orders-fir-against-mla-foreclosure-intervention)