---
title: "അമ്മ മരിച്ചതറിയാതെ ജീവനുവേണ്ടി പൊരുതി മക്കൾ; തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി; പൊലിഞ്ഞത് ഒരു മാതൃജീവൻ"
english_title: "Bus on Wrong Side Rams Scooter in Tirur; Mother Killed, Children Critical"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386852/bus-rams-scooter-tirur-mother-killed"
published_at: "2026-10-13T13:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acde16c40225_bus-rams-scooter-tirur-mother-killed.jpg"
keywords: ["BusAccident", "Tirur", "RoadSafety", "KeralaNews", "ScooterCrash"]
---

# അമ്മ മരിച്ചതറിയാതെ ജീവനുവേണ്ടി പൊരുതി മക്കൾ; തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി; പൊലിഞ്ഞത് ഒരു മാതൃജീവൻ

> **Lead Summary:** **മലപ്പുറം: **അമ്മയുടെ വേർപാടറിയാതെ ആശുപത്രിക്കിടക്കയിൽ ഗുരുതരാവസ്ഥയിൽ രണ്ടു കുട്ടികൾ. തിരൂർ പൂക്കയിൽ റോഡിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ താനാളൂർ വലിയപാടം സ്വദേശിനിയും നിറമരുതൂർ പഞ്ചാരമൂല മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യയുമായ തെസ്‌നിയാണ് സംഭവസ്ഥലത്തുതന്നെ ജീവൻ പൊലിഞ്ഞത്.

## Article Content

**മലപ്പുറം: **അമ്മയുടെ വേർപാടറിയാതെ ആശുപത്രിക്കിടക്കയിൽ ഗുരുതരാവസ്ഥയിൽ രണ്ടു കുട്ടികൾ. തിരൂർ പൂക്കയിൽ റോഡിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ താനാളൂർ വലിയപാടം സ്വദേശിനിയും നിറമരുതൂർ പഞ്ചാരമൂല മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യയുമായ തെസ്‌നിയാണ് സംഭവസ്ഥലത്തുതന്നെ ജീവൻ പൊലിഞ്ഞത്.

അപകടത്തിൽ സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടികളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൂട്ടായി-തിരൂർ റൂട്ടിലോടുന്ന 'കല്ലിങ്ങൽ' എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെ പൂക്കയിൽ റോഡിലായിരുന്നു ഈ നാടിനെ നടുക്കിയ സംഭവം. കൂട്ടായിയിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് റോങ് സൈഡിലേക്ക് അതിവേഗത്തിൽ കയറി, എതിർദിശയിൽ ഉണ്യാലിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ ബസിനടിയിൽ കുടുങ്ങി. സ്‌കൂട്ടറുമായി കുറച്ചുദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. അപ്പോഴും തെസ്‌നി ബസിനടിയിൽ തന്നെയായിരുന്നു കുടുങ്ങിക്കിടന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ മരണവിവരം പോലും അറിയാതെ ജീവനുവേണ്ടി ആശുപത്രിക്കിടക്കയിൽ മക്കൾ പൊരുതുന്നത് ബന്ധുക്കളെയും നാട്ടുകാരെയും ഏറെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായാണ് വിവരം. പൊലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറെ കണ്ടെത്തുന്നതിനും അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നതിനും തിരൂർ പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോങ് സൈഡിലേക്ക് ബസ് കയറിവന്ന സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. മരിച്ച തെസ്‌നിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

**English Summary:**

A tragic collision on the Pookkayil road in Tirur claimed the life of 35-year-old Thesni, who died at the scene after a private bus hit her scooter. Her two children, aged 14 and 8, were seriously injured and are being treated in a private hospital in Kottakkal, unaware of their mother’s death. Police have seized the bus and launched an investigation after the driver fled the spot.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386852/bus-rams-scooter-tirur-mother-killed)