---
title: "'കണ്ണടച്ചാൽ എന്റെ കൊച്ചിന്റെ മുഖമാണ് കാണുന്നത്, ആ ദുഷ്ടൻ ഒന്ന് കണ്ണ് തുറന്നിരുന്നെങ്കിൽ ....'; മിനി കൂപ്പർ അപകടത്തിൽ കണ്ണീരടക്കാനാവാതെ ഗോപികയുടെ മാതാപിതാക്കൾ"
english_title: "Mini Cooper Crash: Gopika’s Family Alleges Case Manipulation Attempt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386848/mini-cooper-crash-gopika-family-alleges-manipulation"
published_at: "2026-10-13T12:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acddafb1e93c_mini-cooper-crash-gopika-family-alleges-manipulation.jpg"
keywords: ["MiniCooperCrash", "Gopika", "Nedumbassery", "KeralaNews", "ExciseCase"]
---

# 'കണ്ണടച്ചാൽ എന്റെ കൊച്ചിന്റെ മുഖമാണ് കാണുന്നത്, ആ ദുഷ്ടൻ ഒന്ന് കണ്ണ് തുറന്നിരുന്നെങ്കിൽ ....'; മിനി കൂപ്പർ അപകടത്തിൽ കണ്ണീരടക്കാനാവാതെ ഗോപികയുടെ മാതാപിതാക്കൾ

> **Lead Summary:** **പാലക്കാട്: ** നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ ഭീകരമായ വാഹനാപകടത്തിൽ, കേസ് അട്ടിമറിക്കാൻ അതിശക്തമായ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി മരിച്ച ഗോപികയുടെ കുടുംബവും രംഗത്ത്. അപകടമുണ്ടാക്കിയ പ്രതി സുഹൈലിനെ രക്ഷപ്പെടുത്താൻ ഉന്നതതലങ്ങളിൽ ശ്രമം നടക്കുന്നുണ്ടെന്നും, സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ കുടുംബത്തിനെതിരെ അധിക്ഷേപ പ്രചാരണം അഴിച്ചുവിടുന്നുണ്ടെന്നും മാതാപിതാക്കൾ കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു.

## Article Content

**പാലക്കാട്: ** നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ ഭീകരമായ വാഹനാപകടത്തിൽ, കേസ് അട്ടിമറിക്കാൻ അതിശക്തമായ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി മരിച്ച ഗോപികയുടെ കുടുംബവും രംഗത്ത്. അപകടമുണ്ടാക്കിയ പ്രതി സുഹൈലിനെ രക്ഷപ്പെടുത്താൻ ഉന്നതതലങ്ങളിൽ ശ്രമം നടക്കുന്നുണ്ടെന്നും, സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ കുടുംബത്തിനെതിരെ അധിക്ഷേപ പ്രചാരണം അഴിച്ചുവിടുന്നുണ്ടെന്നും മാതാപിതാക്കൾ കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു.

> "കണ്ണടച്ചാൽ എന്റെ കൊച്ചിന്റെ മുഖമാണ് കാണുന്നത്. എന്റെ മോളാണ് പോയത്, വിഷമമില്ലാഞ്ഞിട്ടല്ല ഞാൻ സംസാരിക്കുന്നത്. എന്ത് സ്‌നേഹമായിരുന്നു ഞങ്ങളോട്. അവൾ എവിടെ പോകുന്നെങ്കിലും അച്ഛനോട് വിളിച്ചു പറയും. അവളുടെ ഇഷ്ടത്തിന് ഇതുവരെ ഒന്നും ചെയ്തിട്ടില്ല, സ്വന്തമായി ഒരു ഡ്രസ്സ് പോലും വാങ്ങിയിട്ടില്ല എന്റെ കുഞ്ഞ്. അവള് കഷ്ടപ്പെട്ട് പഠിച്ചതാണ്. ആ ദുഷ്ടൻ ഒന്ന് കണ്ണ് തുറന്നിരുന്നെങ്കിൽ എന്റെ കുഞ്ഞിന് ഇങ്ങനെ വരുമായിരുന്നോ? എന്റെ പൊന്നിന്റെ മുഖം കാണാൻ പോലും വയ്യ. അടുത്തയാഴ്ച വീട്ടിലേക്ക് വരാമെന്ന് പറഞ്ഞ് വിളിച്ച മോളാണ്. മോളില്ലാത്ത ഈ ലോകത്ത് ഇനി ഞങ്ങളുടെ ജീവിതം എന്താണ്..." - ഗോപികയുടെ അമ്മ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.

പ്രതി സുഹൈലിനെ ജുവനൈൽ ബോസ്റ്റൽ ഹോമിലേക്ക് അയച്ചതിനെയും കുടുംബം ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. ഇത്രയും ഗുരുതരമായ കുറ്റം ചെയ്തിട്ട് ഇയാളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നു. അതിശക്തമായ എന്തോ സ്വാധീനം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് അപകടത്തിന് ശേഷവും തനിക്കൊന്നും സംഭവിക്കില്ലെന്നും താൻ ചെയ്ത കുറ്റകൃത്യങ്ങളെല്ലാം വാപ്പ നോക്കിക്കൊള്ളുമെന്നും പ്രതി അഹങ്കാരത്തോടെ പറഞ്ഞത്. എഫ്.ഐ.ആറിൽ പ്രതി മദ്യപിച്ചിരുന്നു എന്ന കാര്യം പോലീസുകാർ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. മകളുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹത്തിൽ നിന്ന് വീണ്ടും തുന്നൽ അഴിച്ച് രക്തസാമ്പിൾ എടുത്തത് എന്തിനാണെന്നും, ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്താനാണോ ഇതെന്നും കുടുംബം സംശയം പ്രകടിപ്പിച്ചു.

നേരത്തെ വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബവും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ, സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. നിലവിൽ പ്രതി സുഹൈൽ സജീവിന്റെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. മദ്യത്തിന് പുറമെ ഇയാൾ മറ്റ് ലഹരിവസ്തുക്കൾ വല്ലതും ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

**English Summary:**

The family of Gopika, one of the victims in the Nedumbassery Mini Cooper crash, has alleged attempts to derail the case and protect the accused, Suhai Sajeev. They also raised concerns over procedural lapses, including the omission of drunk driving in the FIR and questions around the collection of blood samples after the postmortem. Police are awaiting chemical analysis results, while Excise has registered a case against the accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386848/mini-cooper-crash-gopika-family-alleges-manipulation)