---
title: "'വെള്ളമെടുക്കാൻ പോയപ്പോൾ കാണാതായി'; കാമുകന്റെ മൊഴിയിൽ സംശയം, വിളിച്ചുവരുത്തിയ കാമുകിയെ ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളി കൊലപ്പെടുത്തിയ കേസിൽ 25കാരൻ അറസ്റ്റിൽ"
english_title: "25-Year-Old Arrested for Pushing Girlfriend Into Gorge After She Refused Marriage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386785/girlfriend-pushed-into-gorge-arrest"
published_at: "2026-10-13T06:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd7e3c562c7_girlfriend-pushed-into-gorge-arrest.jpg"
keywords: ["MaharashtraCrime", "KolhapurCase", "GirlfriendMurder", "PoliceArrest", "TouristSpot"]
---

# 'വെള്ളമെടുക്കാൻ പോയപ്പോൾ കാണാതായി'; കാമുകന്റെ മൊഴിയിൽ സംശയം, വിളിച്ചുവരുത്തിയ കാമുകിയെ ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളി കൊലപ്പെടുത്തിയ കേസിൽ 25കാരൻ അറസ്റ്റിൽ

> **Lead Summary:** മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ വിവാഹത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് എൻജിനിയറിങ് വിദ്യാർഥിനിയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ വിവാഹത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് എൻജിനിയറിങ് വിദ്യാർഥിനിയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗാർഗോട്ടി സ്വദേശിനിയും മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിനിയുമായ തരംനു നായിക്ക് (23) ആണ് മരിച്ചത്. സംഭവത്തിൽ കാമുകനും ഗാർഗോട്ടി സ്വദേശിയുമായ ശ്രീപദ് വഡാറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.

നായക്വാഡി വെള്ളച്ചാട്ടത്തിന് സമീപമുള്ള ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് യുവതിയെ തള്ളിയിട്ടെന്നാണ് പൊലീസ് പറയുന്നത്.

ഒക്ടോബർ ഒമ്പതിന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ഭൂദർഗഡ് താലൂക്കിലെ പാട്ഗാവ് ഗ്രാമത്തിന് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ശ്രീപദ് യുവതിയെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇരുവരും അഞ്ചുവർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.

എന്നാൽ നാലുമാസം മുമ്പ് യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീപദുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറാൻ യുവതി ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.

യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ വിവാഹത്തിന് മുമ്പുള്ള അവസാന കൂടിക്കാഴ്ചയാണെന്ന് പറഞ്ഞാണ് ശ്രീപദ് യുവതിയെ വിളിച്ചുവരുത്തിയതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയശേഷവും ബന്ധം തുടരാനാകില്ലെന്ന് യുവതി അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടർന്നാണ് യുവതിയെ കൊക്കയിലേക്ക് തള്ളിയിട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ.

സംഭവത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശ്രീപദ്, യുവതിയെ കാണാതായെന്നാണ് ബന്ധുക്കളെ അറിയിച്ചത്. വെള്ളമെടുക്കാൻ പോയ സമയത്താണ് തരംനുവിനെ കാണാതായതെന്നായിരുന്നു ഇയാൾ യുവതിയുടെ വീട്ടുകാരോട് പറഞ്ഞത്. പൊലീസിനോടും ഇതേ വിശദീകരണമാണ് നൽകിയത്.

എന്നാൽ ശ്രീപദിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനിടെ യുവതിയെ കൊക്കയിലേക്ക് തള്ളിയിട്ടതായി ശ്രീപദ് സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

A 25-year-old man has been arrested in Maharashtra’s Kolhapur district for allegedly murdering his girlfriend after she refused to marry him. Police say he lured the engineering student to a tourist spot, pushed her into a 1,000-foot gorge, and later claimed she had gone missing while fetching water.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386785/girlfriend-pushed-into-gorge-arrest)