---
title: "കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാഥുര്‍ ചുമതലയേല്‍ക്കും, രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല"
english_title: "Om Prakash Mathur Appointed Kerala Governor; Rajendra Arlekar Gets Tamil Nadu Charge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386770/om-prakash-mathur-kerala-governor"
published_at: "2026-10-12T22:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd0bd4ba851_om-prakash-mathur-kerala-governor.jpg"
keywords: ["KeralaGovernor", "OmPrakashMathur", "RajendraArlekar", "TamilNadu", "SikkimGovernor"]
---

# കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാഥുര്‍ ചുമതലയേല്‍ക്കും, രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല

> **Lead Summary:** ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. നിലവിൽ കേരള ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി.

## Article Content

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. നിലവിൽ കേരള ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി.

ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചിട്ടുണ്ട്. ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും ഡോ. സുധ യാദവിനെ കർണാടക ഗവർണറായും ഡോ. ധൽ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു.

ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥൂർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ്. 2008ൽ രാജസ്ഥാനിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ മാഥൂർ ഗുജറാത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.

1989 മുതൽ 2024 വരെ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലകളും നിർവഹിച്ചു.

2008ലും 2016ലും രാജസ്ഥാനിൽ നിന്നും രാജ്യസഭയിലെത്തി. രാജസ്ഥാനിലെ ബാലി സ്വദേശിയാണ് ഓം പ്രകാശ് മാഥൂർ. 2024ലാണ് സിക്കിം ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചത്.

രാജസ്ഥാനിൽ ബിജെപിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട ചർച്ചകളിലും ഓം പ്രകാശ് മാഥൂറിന്റെ പേര് ഇടംപിടിച്ചിട്ടുണ്ട്. താൻ ഒരു സ്ഥാനാർഥിയുടെ പേര് തീരുമാനിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപോലും അത് മാറ്റാനാകില്ലെന്ന നിലയിൽ മാഥൂർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

ബിജെപിയിൽ നിന്ന് തന്നെ ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

Om Prakash Mathur has been appointed as the new Governor of Kerala, while Rajendra Arlekar has been given additional charge of Tamil Nadu. Dushyant Gautam will replace Mathur as the Governor of Sikkim, with several other gubernatorial appointments also announced.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386770/om-prakash-mathur-kerala-governor)