---
title: "'പാടശേഖരത്തിന് നടുവിലെ തുരുത്തിൽ ഒളിവുജീവിതം';  കൈവിലങ്ങ് ഊരി പൊലീസ് സ്റ്റേഷനിൽനിന്ന് മുങ്ങിയ പോക്സോ കേസ് പ്രതി ഒടുവിൽ പിടിയിൽ"
english_title: "POCSO Accused Who Fled Police Station Caught Hiding on Islet in Paddy Field"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386758/pocso-accused-fled-police-station-caught"
published_at: "2026-10-12T19:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acce9c88f3b1_pocso-accused-fled-police-station-caught.jpg"
keywords: ["POCSOCase", "PoliceArrest", "KeralaCrime", "Thiruvalla", "CrimeNews"]
---

# 'പാടശേഖരത്തിന് നടുവിലെ തുരുത്തിൽ ഒളിവുജീവിതം';  കൈവിലങ്ങ് ഊരി പൊലീസ് സ്റ്റേഷനിൽനിന്ന് മുങ്ങിയ പോക്സോ കേസ് പ്രതി ഒടുവിൽ പിടിയിൽ

> **Lead Summary:** പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ. നിരണം ഇരതോട് ആശാകുടി പുതുവേൽ വീട്ടിൽ സജിത്ത് ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് 5 മണിയോടെ പിടികൂടിയത്.

## Article Content

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ. നിരണം ഇരതോട് ആശാകുടി പുതുവേൽ വീട്ടിൽ സജിത്ത് ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് 5 മണിയോടെ പിടികൂടിയത്.

ഇയാളുടെ വീടിന് സമീപത്തുള്ള പാടശേഖരത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന തുരുത്തിൽ നിന്നുമാണ് പിടികൂടിയത്. ആളൊഴിഞ്ഞ കാടുമുടിക്കിടക്കുന്ന തുരുത്തിനുള്ളിൽ ഇയാൾ ഒളിച്ചിരിക്കുന്നതായ് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം തുരുത്ത് വളഞ്ഞ് വിദഗ്ധമായാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കൈവിലങ്ങ് ഊരി സ്റ്റേഷനിൽ നിന്നും ചാടിപ്പോയത്.

ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതിനാൽ സ്റ്റേഷന്റെ ഉൾവശത്തെ മുറിയിലെ തറയിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് വളയത്തിൽ കൈവിലങ്ങ് ബന്ധിപ്പിച്ചാണ് ഇയാളെ സൂക്ഷിച്ചിരുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി സ്റ്റേഷന്റെ മുൻ വാതിലിൽ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.

പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഉൾപ്പെടെ പിന്നാലെ ഓടിയെങ്കിലും സ്റ്റേഷന് സമീപത്തുകൂടി കടന്നുപോകുന്ന തിരുവല്ല - കായംകുളം സംസ്ഥാനപാതയ്ക്ക് സമീപത്തെ കാട്ടിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതി കഞ്ചാവ് ഉൾപ്പെടെ പല ലഹരികൾക്കും അടിമയാണെന്ന് പൊലീസ് പറഞ്ഞു.

A POCSO case accused who escaped from the Thiruvalla Pulikeezhu police station was arrested on Thursday evening from a small islet in a paddy field near his home. Police said they surrounded the spot after receiving a tip-off and took him into custody, before shifting him back to the Thiruvalla station.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386758/pocso-accused-fled-police-station-caught)