---
title: "ആളിക്കത്തിയ ജനരോഷം ജീവനെടുത്തു; ഖനന തർക്കത്തിനിടെ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു"
english_title: "Former BJP MLA Beaten to Death by Mob in Mining Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386699/former-bjp-mla-killed-mining-dispute"
published_at: "2026-10-12T13:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc90db5adcf_former-bjp-mla-killed-mining-dispute.jpg"
keywords: ["BJP", "Rajasthan", "MiningDispute", "MobViolence", "AtarSinghBhadana"]
---

# ആളിക്കത്തിയ ജനരോഷം ജീവനെടുത്തു; ഖനന തർക്കത്തിനിടെ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

> **Lead Summary:** **ജയ്പുർ: രാ**ജസ്ഥാനിലെ ഭരത്പുരിൽ ഖനനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബിജെപി മുൻ എംഎൽഎയെ രോഷാകുലരായ ജനക്കൂട്ടം വടികൊണ്ടടിച്ച് കൊലപ്പെടുത്തി. മുൻ ബിജെപി എംഎൽഎ അതർ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയത്. ഖനനവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളും മുൻ എംഎൽഎയും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് ഒടുവിൽ സംഘർഷത്തിലും ദാരുണമായ കൊലപാതകത്തിലും കലാശിച്ചത്.

## Article Content

**ജയ്പുർ: രാ**ജസ്ഥാനിലെ ഭരത്പുരിൽ ഖനനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബിജെപി മുൻ എംഎൽഎയെ രോഷാകുലരായ ജനക്കൂട്ടം വടികൊണ്ടടിച്ച് കൊലപ്പെടുത്തി. മുൻ ബിജെപി എംഎൽഎ അതർ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയത്. ഖനനവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളും മുൻ എംഎൽഎയും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് ഒടുവിൽ സംഘർഷത്തിലും ദാരുണമായ കൊലപാതകത്തിലും കലാശിച്ചത്.

ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003-ൽ ബയാന നിയമസഭാ മണ്ഡലത്തിൽ നിന്നും രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2008 വരെ ഇദ്ദേഹം നിയമസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോലീസ് നൽകുന്ന വിവരപ്രകാരം സംഘർഷമുണ്ടായ ഭോണ്ട ഗ്രാമത്തിൽ മുൻ എംഎൽഎ ഒരു ക്രഷർ യൂണിറ്റ് നടത്തിയിരുന്നു. ഇവിടെ അദ്ദേഹം സ്ഥലം പാട്ടത്തിനെടുത്ത് ഖനനവും നടത്തിവരികയായിരുന്നു. ഭാര്യയുടെ പേരിലായിരുന്നു ഈ ബിസിനസ് നടത്തിയിരുന്നത്. എന്നാൽ ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ഈ ഖനനത്തിനു എതിരെ ശക്തമായ പ്രതിഷേധത്തിലായിരുന്നു. പലപ്പോഴായി ഇവർ ധർണ നടത്തുകയും വഴി തടയുകയും ചെയ്തിരുന്നു. ഖനന പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങൾ വഴിയാണെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ നിരന്തരം പ്രക്ഷോഭം നടത്തിയിരുന്നത്.

എങ്കിലും കോടതിയിൽ നിന്നും അനുമതി വാങ്ങി കഴിഞ്ഞ ദിവസം ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച വൈകിട്ട് മുൻ എംഎൽഎ ഭോണ്ട ഗ്രാമത്തിൽ എത്തിയപ്പോൾ ഗ്രാമവാസികൾ തടിച്ചുകൂടുകയും ലാത്തിയും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുൻ എംഎൽഎയെ ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജയ്പുരിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. അതർ സിങ് ഭദാനയുടെ അംഗരക്ഷകനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

**English Summary:**

In a shocking incident in Rajasthan’s Bharatpur district, former BJP MLA Atar Singh Bhadana was beaten to death by an enraged mob in Bhonda village after a dispute over mining activities. Police have registered a murder case and launched an investigation into the attack, in which his security guard was also seriously injured.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386699/former-bjp-mla-killed-mining-dispute)