---
title: "കല്യാണം ഉറപ്പിച്ചു, പിന്നാലെ പ്രണയബന്ധം ഉപേക്ഷിച്ചു; കാമുകിയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി"
english_title: "Engagement Ends Romance; Man Pushes Girlfriend Off Cliff, Kills Her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386695/girlfriend-pushed-off-cliff-murder"
published_at: "2026-10-12T12:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc8ac836a83_girlfriend-pushed-off-cliff-murder.jpg"
keywords: ["MaharashtraCrime", "KolhapurMurder", "LoveRelationship", "PoliceSurrender", "CliffPush"]
---

# കല്യാണം ഉറപ്പിച്ചു, പിന്നാലെ പ്രണയബന്ധം ഉപേക്ഷിച്ചു; കാമുകിയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി

> **Lead Summary:** **മുംബൈ: **പ്രണയബന്ധം തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ കാമുകിയെ യുവാവ് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. തരന്നം ബഷീർ നായിക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ശ്രീപദ് ദിനകർ വാഡു ഭൂദർഗഡ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി കുറ്റസമ്മതം നടത്തുകയായിരുന്നു.

## Article Content

**മുംബൈ: **പ്രണയബന്ധം തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ കാമുകിയെ യുവാവ് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. തരന്നം ബഷീർ നായിക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ശ്രീപദ് ദിനകർ വാഡു ഭൂദർഗഡ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി കുറ്റസമ്മതം നടത്തുകയായിരുന്നു.

ഗാർഗോട്ടിയിലെ അവധൂത് കോളനിയിലെ താമസക്കാരാണ് ഇരുവരും. എതിർ വീടുകളിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ ഏറെനാളായി പ്രണയത്തിലായിരുന്നു. മഹാഗാവിലെ ഒരു കോളേജിൽ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു തരന്നം. എന്നാൽ തരന്നമിന്റെ വീട്ടുകാർ മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ യുവതി പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

ഈ വിവരം ശ്രീപദിനെ അറിയിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ശ്രീപദ് തരന്നമിനെ നായിക്വാഡിയിലെ ആഴമേറിയ കൊക്കയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സംസാരിക്കുന്നതിനിടെ തന്റെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്നും ഇനിയും ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും യുവതി വീണ്ടും വ്യക്തമാക്കി. ഇതിൽ പ്രകോപിതനായ ശ്രീപദ് പെട്ടെന്ന് യുവതിയെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യുവതി തൽക്ഷണം മരിച്ചു.

കൊലപാതകത്തിന് ശേഷം തരന്നമിനെ കാണാനില്ലെന്ന് വരുത്തിത്തീർത്ത് കുറ്റകൃത്യം മറച്ചുവെക്കാനാണ് ശ്രീപദ് ശ്രമിച്ചത്. എന്നാൽ പിന്നീട് കുറ്റബോധത്താലോ ഭയം കാരണമോ ഇയാൾ ഭൂദർഗഡ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അതേസമയം, വിവരമറിഞ്ഞ് തരന്നമിന്റെ ബന്ധുക്കൾ ഗാർഗോട്ടിയിലെ ജില്ലാ ആശുപത്രിയിൽ തടിച്ചുകൂടിയത് വലിയ സംഘർഷാവസ്ഥയ്ക്ക് കാരണമായി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് വിശദമായ ചോദ്യംചെയ്യലും അന്വേഷണവും നടത്തിവരികയാണ്.

**English Summary:**

In Kolhapur, Maharashtra, a 25-year-old man allegedly killed his girlfriend after she decided to end their relationship following her arranged marriage. He later surrendered to police and confessed to the crime, while investigators continue the probe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386695/girlfriend-pushed-off-cliff-murder)