---
title: "19-കാരന് ഒഴിച്ചുകൊടുത്തത് കുരുക്കായി..! നെടുമ്പാശേരി അപകടം; പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു"
english_title: "Nedumbassery Crash: Excise Cases Against Three Bars That Served Alcohol to Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386649/nedumbassery-crash-excise-cases-three-bars"
published_at: "2026-10-12T09:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc5a1242fe0_nedumbassery-crash-excise-cases-three-bars.jpg"
keywords: ["ExciseCase", "NedumbasseryCrash", "AlcoholViolation", "KeralaNews", "TrafficAccident"]
---

# 19-കാരന് ഒഴിച്ചുകൊടുത്തത് കുരുക്കായി..! നെടുമ്പാശേരി അപകടം; പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു

> **Lead Summary:** **കൊച്ചി: **നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തിൽ, 19 വയസ് മാത്രം പ്രായമുള്ള പ്രതി സുഹൈലിന് നിയമവിരുദ്ധമായി മദ്യം വിറ്റഴിച്ച മൂന്ന് പ്രമുഖ ബാറുകൾക്കെതിരെ കർശന നടപടിയുമായി എക്‌സൈസ്. നെടുമ്പാശേരിയിലെ കോർട്ട് യാർഡ് ബൈ മാരിയറ്റ്, വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ് എന്നീ ബാറുകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്.

## Article Content

**കൊച്ചി: **നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തിൽ, 19 വയസ് മാത്രം പ്രായമുള്ള പ്രതി സുഹൈലിന് നിയമവിരുദ്ധമായി മദ്യം വിറ്റഴിച്ച മൂന്ന് പ്രമുഖ ബാറുകൾക്കെതിരെ കർശന നടപടിയുമായി എക്‌സൈസ്. നെടുമ്പാശേരിയിലെ കോർട്ട് യാർഡ് ബൈ മാരിയറ്റ്, വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ് എന്നീ ബാറുകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്.

പ്രതി ഈ മൂന്ന് ബാറുകളിലുമെത്തി മദ്യപിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കേരള അബ്കാരി നിയമപ്രകാരം മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രായപരിധി 23 വയസ്സാണ്. പ്രായപൂർത്തിയാകാത്ത പ്രായപരിധി ലംഘിച്ച് മദ്യം നൽകിയ പശ്ചാത്തലത്തിൽ ഈ ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്ന കാര്യവും എക്‌സൈസ് ആലോചിക്കുന്നുണ്ട്.

അപകടത്തിനിടയാക്കിയ മിനി കൂപ്പർ കാർ ഓടിച്ചിരുന്നത് 150 കിലോമീറ്ററിലധികം വേഗതയിലാണെന്ന് പ്രതി സുഹൈൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അപകട സമയത്തെ കൃത്യമായ വേഗത കണക്കാക്കുന്നതിനായി മിനി കൂപ്പർ സർവീസ് സെന്ററിലെ സാങ്കേതിക വിദഗ്ധരെ എത്തിച്ച് കാറിൽ വിശദമായ പരിശോധന നടത്തും.

ശനിയാഴ്ച ഉച്ചയ്ക്ക് മുതൽ പ്രതി കടുത്ത മദ്യ ലഹരിയിലാണ് വാഹനം ഓടിച്ചിരുന്നത്. ഉച്ചയ്ക്ക് വൈറ്റിലയിലെ ദയാ ബാറിൽ നിന്ന് മദ്യപിച്ച സുഹൈൽ, വൈകിട്ട് പാലാരിവട്ടത്തെ മൺസൂൺ എംപ്രസ് ബാറിലും രാത്രി നെടുമ്പാശേരിയിലെ കോർട്ട് യാർഡ് ബൈ മാരിയറ്റ് ബാറിലുമെത്തി തുടർന്നും മദ്യപിക്കുകയായിരുന്നു.

അതിനിടെ പ്രതി സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ്  വേഗത്തിലാക്കിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന സുഹൈലിന്റെ സുഹൃത്തുക്കളായ അമീർ, ജോയൽ എന്നിവരെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ അമിതമായി മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചിട്ടും തടയാൻ ശ്രമിച്ചില്ലെന്ന കുറ്റത്തിനാണ് ഇവർക്കെതിരെ കേസെടുക്കുന്നത്. കേസിൽ ഇവരുടെ മറ്റൊരു സുഹൃത്തായ നിനവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടസമയത്ത് പ്രതി ഉൾപ്പെടെ നാലുപേരാണ് ആഡംബര കാറിലുണ്ടായിരുന്നത്.

Excise has registered cases against three prominent bars for allegedly serving alcohol to 19-year-old Suhail, the accused in the Nedumbassery crash that killed three people. Authorities are also considering licence cancellation as investigators probe the vehicle’s speed and the sequence of drinking before the accident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386649/nedumbassery-crash-excise-cases-three-bars)