---
title: "പഠനത്തിനൊപ്പം പാർട്ട് ടൈം ജോലിയും.... 'അച്ഛനും അമ്മയ്ക്കും തണലാകണം, അനുജങ്ങളുടെ പഠനം നോക്കണം'; സ്വപ്നങ്ങൾ ബാക്കിയാക്കി ഗോപിക യാത്രയായി"
english_title: "Part-Time Job Alongside Studies: Gopika’s Dreams Cut Short in Tragic Crash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386629/gopika-part-time-job-studies-tragic-crash"
published_at: "2026-10-12T07:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc3b4c3b087_gopika-part-time-job-studies-tragic-crash.jpg"
keywords: ["RoadAccident", "KeralaNews", "Gopika", "PartTimeJob", "NedumbasseryCrash"]
---

# പഠനത്തിനൊപ്പം പാർട്ട് ടൈം ജോലിയും.... 'അച്ഛനും അമ്മയ്ക്കും തണലാകണം, അനുജങ്ങളുടെ പഠനം നോക്കണം'; സ്വപ്നങ്ങൾ ബാക്കിയാക്കി ഗോപിക യാത്രയായി

> **Lead Summary:** കൊച്ചി: സ്വന്തമായി ജോലി ചെയ്ത് അച്ഛനും അമ്മയ്ക്കും കൈത്താങ്ങാകണം. ഇളയ സഹോദരങ്ങളുടെ പഠനച്ചെലവുകൾ ഏറ്റെടുക്കണം. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കണം.

## Article Content

കൊച്ചി: സ്വന്തമായി ജോലി ചെയ്ത് അച്ഛനും അമ്മയ്ക്കും കൈത്താങ്ങാകണം. ഇളയ സഹോദരങ്ങളുടെ പഠനച്ചെലവുകൾ ഏറ്റെടുക്കണം. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കണം.

ഇങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് പാലക്കാട് സ്വദേശിനി ഗോപിക (21) പഠനവും ജോലിയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ, ആ സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ അവസാനിപ്പിച്ചിരിക്കുകയാണ് നെടുമ്പാശ്ശേരി അത്താണിയിലുണ്ടായ വാഹനാപകടം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഗോപികയും അപകടത്തിൽ മരിച്ചു.

പാലക്കാട് കരിമ്പ ഇടക്കുറിശ്ശി കുറ്റിച്ചോല മുള്ളൻകുഴിയിൽ പ്രദീപിന്റെ മകളാണ് ഗോപിക. ഡാറ്റ അനലിസ്റ്റ് കോഴ്സിന് പഠിക്കുന്നതിനൊപ്പം തൃക്കാക്കരയിലെ സുക്കായോ സ്റ്റേഷനറി മാർട്ടിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. പഠനം പൂർത്തിയാക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിത ദുരന്തം ഗോപികയുടെ ജീവനെടുത്തത്.

രാവിലെ മുതൽ ഉച്ചവരെയായിരുന്നു ഗോപികയുടെ ക്ലാസ്. പഠനം കഴിഞ്ഞാൽ നേരെ ജോലിക്ക് പോകും. കുടുംബത്തിന് സാമ്പത്തികമായി സഹായമാകണമെന്ന ആഗ്രഹമായിരുന്നു പഠനത്തോടൊപ്പം ജോലി ചെയ്യാൻ ഗോപികയെ പ്രേരിപ്പിച്ചത്. പത്താം ക്ലാസും പ്ലസ് ടുവും തച്ചമ്പാറ സ്കൂളിലാണ് പൂർത്തിയാക്കിയത്. പഠനത്തിൽ മിടുക്കിയായിരുന്ന ഗോപിക കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു.

ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലർച്ചെ 1.55ന് നെടുമ്പാശ്ശേരി വി.ഐ.പി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്തായിരുന്നു ദുരന്തം.

രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് മടങ്ങുന്നതിനിടെ പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഗോപികയ്ക്കൊപ്പം കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21), വയനാട് കൽപ്പറ്റ മടക്കിമല എം.കെ. റോഡിൽ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (കുക്കു–21) എന്നിവരും അപകടത്തിൽ മരിച്ചു. ഇവരും തൃക്കാക്കരയിലെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

എറണാകുളം കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലോജിസ്റ്റിക്സ് കോഴ്സിന് പഠിക്കുന്നതിനൊപ്പമാണ് ഇയാസ് ജോലി ചെയ്തിരുന്നത്. ഇയാസിന്റെ പിതാവ് ഇബ്രാഹിം ദുബായിലാണ്. മാതാവ് റുക്കിയ. സഹോദരി ഇസ്തിഫ. ദേവികയുടെ മാതാവ് സരിതയും സഹോദരൻ ദേവാനന്ദ് (അപ്പു)യുമാണ്.

അപകടത്തെ തുടർന്ന് കാറിന്റെ ഡ്രൈവർ സുഹൈൽ സജീവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായി നാട്ടുകാർ ആരോപിച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയവരുമായി ഇയാൾ തർക്കത്തിലേർപ്പെട്ടതായും നാട്ടുകാർ പറയുന്നു.

അപകടത്തെക്കുറിച്ച് ചോദിച്ചവരോട് 'എല്ലാം വാപ്പ നോക്കിക്കൊള്ളും' എന്നായിരുന്നു സുഹൈലിന്റെ പ്രതികരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് സുഹൈലിനെ അറസ്റ്റ് ചെയ്തു.

അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നുവെന്നും കാർ അമിതവേഗത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കുന്നതിനായി രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

കൊച്ചിയിൽ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന ആലപ്പുഴ സ്വദേശിയുടെ മകനാണ് സുഹൈൽ. കൊച്ചിയിലെ സ്വകാര്യ കോളജിൽ ബി.കോം വിദ്യാർഥിയായ ഇയാൾ കാക്കനാട്ടെ ഫ്ലാറ്റിലാണ് താമസം. അപകടത്തിൽപ്പെട്ട കാർ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഇയാസിന്റെയും ദേവികയുടെയും മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.

ചിരിച്ചും കളിച്ചും വീട്ടിലെത്താറുണ്ടായിരുന്ന ഗോപികയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചതോടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ദുഃഖം നിയന്ത്രിക്കാനായില്ല. ഓട്ടോ ഡ്രൈവറായ അച്ഛൻ പ്രദീപിനും അമ്മ സജിതയ്ക്കും സഹോദരങ്ങളായ അഭിജിത്തിനും ദീപികയ്ക്കും ഗോപികയുടെ വേർപാട് തീരാനഷ്ടമായി.

കുടുംബത്തിന് കൈത്താങ്ങാകണമെന്ന ആഗ്രഹവുമായി പഠനവും ജോലിയും മുന്നോട്ടുകൊണ്ടുപോയ ഗോപികയുടെ ജീവിതം 21-ാം വയസ്സിൽ അവസാനിച്ചു. ഗോപികയുടെ സംസ്കാരം ഇന്ന് രാവിലെ 10.30ന് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.

Gopika, a 21-year-old from Palakkad who balanced her studies with a part-time job to support her family, died in a road accident near Nedumbassery along with two friends. The article details her aspirations, the circumstances of the crash, and the grief of her family and community after her untimely death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386629/gopika-part-time-job-studies-tragic-crash)