---
title: "നാദാപുരം വളയത്തെ രണ്ടു വയസ്സുകാരന്റെ മരണം; വീഴ്ചയിലെ പരിക്ക് കൊണ്ടല്ലെന്ന്, വൈറൽ ന്യൂമോണിയയെന്ന് സംശയം"
english_title: "Two-Year-Old's Death in Nadapuram Valayam Suspected to Be Viral Pneumonia, Not Fall Injury"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386540/nadapuram-valayam-child-death-viral-pneumonia-"
published_at: "2026-10-11T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb18731c024_nadapuram-valayam-child-death-viral-pneumonia.jpg"
keywords: ["KeralaNews", "Kozhikode", "Pneumonia", "ChildDeath", "ForensicInvestigation"]
---

# നാദാപുരം വളയത്തെ രണ്ടു വയസ്സുകാരന്റെ മരണം; വീഴ്ചയിലെ പരിക്ക് കൊണ്ടല്ലെന്ന്, വൈറൽ ന്യൂമോണിയയെന്ന് സംശയം

> **Lead Summary:** **കോഴിക്കോട്: **വളയത്ത് രണ്ടുവയസ്സുകാരനായ കുഞ്ഞിന്റെ മരണകാരണം വീഴ്ചയിലെ പരിക്ക് കൊണ്ടല്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകുന്ന സൂചന. അപൂർവ്വമായി കണ്ടുവരുന്ന വൈറൽ ന്യൂമോണിയയാണോ മരണകാരണമെന്നും സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് / അനാട്ടമി വിഭാഗം ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങി.

## Article Content

**കോഴിക്കോട്: **വളയത്ത് രണ്ടുവയസ്സുകാരനായ കുഞ്ഞിന്റെ മരണകാരണം വീഴ്ചയിലെ പരിക്ക് കൊണ്ടല്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകുന്ന സൂചന. അപൂർവ്വമായി കണ്ടുവരുന്ന വൈറൽ ന്യൂമോണിയയാണോ മരണകാരണമെന്നും സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് / അനാട്ടമി വിഭാഗം ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങി.

പോസ്റ്റ്മോർട്ടത്തിലെ സൂചനയെ തുടർന്ന് വളയം പോലീസും ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങി. കുട്ടിയെ പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ചികിത്സ തേടിയ വളയത്തെ സ്വകാര്യ ക്ലിനിക്കിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. കുട്ടിയുടെ നേരത്തെയുള്ള ആരോഗ്യസ്ഥിതി അന്വേഷിച്ച് വിവരങ്ങൾ നൽകാനും മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ഡോക്ടർമാർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വളയം പെട്രോൾ പമ്പിന് സമീപം കുന്നിങ്ങന്റവിടെ ജിതിന്റെ മകൻ എവിൻ യുവിക് (2) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സ്വന്തം വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടി അബോധാവസ്ഥയിലാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. കളിച്ച് നടക്കേണ്ട കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ട് പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ വളയത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിലെ കുളിമുറിക്ക് പുറത്ത് വീണുണ്ടായ പരിക്കുകളാണ് കുഞ്ഞിന്റെ ദാരുണമായ അന്ത്യത്തിന് കാരണമെന്നായിരുന്നു പ്രാഥമിക സംശയം. ഇത് തന്നെയാണ് വളയം പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലും പറയുന്നത്.

ഇന്നലെ രാവിലെ വടകര ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ശനിയാഴ്ച വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. ഇതിനിടെ കുഞ്ഞ് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ് മരിച്ചു എന്നുള്ള സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണത്തിൽ, വീട്ടുകാരുടെ അശ്രദ്ധയാണെന്ന ആക്ഷേപവും ചിലർ നടത്തി. ഇത് കുടുംബത്തിന് വലിയ വേദനയായി.

ഏതാനും മാസം മുമ്പ് നാദാപുരം ചേലക്കാടിനടുത്ത് നരിപ്പറ്റ റോഡിൽ ഒരു യുവാവിന്റെ മരണവും ആകസ്മികമായിരുന്നു. ആരോഗ്യവാനായ യുവാവ് രാത്രി അബോധാവസ്ഥയിലായി. ശ്വാസതടസം നേരിട്ട യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയത്ത് മന്തി കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന സംശയം ഉയർന്നിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടത്തിലാണ് വൈറൽ ന്യൂമോണിയയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായത്.

A two-year-old boy from Valayam in Kozhikode district died after being taken to hospital in an unconscious state, initially suspected to be due to a fall injury. However, postmortem indications suggest the death may have been caused by viral pneumonia, prompting a police and medical investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386540/nadapuram-valayam-child-death-viral-pneumonia-)