---
title: "ഭർത്താവിനെ പരിചരിച്ച് മടുത്തു, ഒടുവിൽ കഴുത്തിൽ ചരട് മുറുക്കി കൊന്നു! പാർക്കിൻസൺസ് രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ"
english_title: "Wife Arrested in Shasthamcotta Murder Case of Parkinson’s Patient Husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386528/wife-arrested-shasthamcotta-murder-case-"
published_at: "2026-10-11T09:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb09f91fb55_wife-arrested-shasthamcotta-murder-case-.jpg"
keywords: ["Shasthamcotta", "MurderCase", "PoliceInvestigation", "ForensicReport", "Parkinsons"]
---

# ഭർത്താവിനെ പരിചരിച്ച് മടുത്തു, ഒടുവിൽ കഴുത്തിൽ ചരട് മുറുക്കി കൊന്നു! പാർക്കിൻസൺസ് രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

> **Lead Summary:** **ശാസ്താംകോട്ട: ** പാർക്കിൻസൺസ് രോഗബാധിതനായ ഭർത്താവിനെ കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ (അലക്സ്– 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ ജോസിനെ ചെന്നൈയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**ശാസ്താംകോട്ട: ** പാർക്കിൻസൺസ് രോഗബാധിതനായ ഭർത്താവിനെ കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ (അലക്സ്– 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ ജോസിനെ ചെന്നൈയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20-ാം തീയതി രാവിലെയാണ് ജോസിനെ മരിച്ച നിലയിൽ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജോസ് ആത്മഹത്യ ചെയ്തതാണെന്നാണ് ആശുപത്രി അധികൃതരോടും ബന്ധുക്കളോടും ഇവർ പറഞ്ഞിരുന്നത്. തുടർന്ന് കഴുത്തിലെ പാടുകളിലും ശരീരത്തിലെ ചെറിയ മുറിവുകളിലും അസ്വാഭാവികത തോന്നിയ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇടവക പള്ളിയിൽ സംസ്കരിച്ചു. തുടർന്ന് നടത്തിയ മൃതദേഹ പരിശോധനയുടെയും ഫോറൻസിക് പരിശോധനയുടെയും ഫലങ്ങൾ പുറത്തു വന്നതോടെയാണ് ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായത്.

സംഭവദിവസം ജോസും മറിയാമ്മയും മാത്രമാണ് ചാത്താകുളത്തെ വീട്ടിലുണ്ടായിരുന്നത്. കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ ശേഷം, ജോസ് ആത്മഹത്യ ചെയ്തുവെന്നാണ് മറിയാമ്മ ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം പൊലീസ് നടപടി ഭയന്ന് ചെന്നൈയിലേക്ക് കടന്ന മറിയാമ്മ, തിരുവള്ളൂർ ഗുമ്മിടിപൂണ്ടിയിലെ വ്യവസായ മേഖലയിൽ മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഫോൺ രേഖകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചത്.

അടൂർ തുവയൂർ ആനമുക്ക് സ്വദേശിയായ ജോസ് കഴിഞ്ഞ രണ്ട് വർഷമായി പാർക്കിൻസൺസ് രോഗബാധിതനാണ്. ഭർത്താവിനെ പരിചരിക്കുന്നതിൽ മറിയാമ്മ നേരിട്ട കടുത്ത ബുദ്ധിമുട്ടുകളും ഇവർ തമ്മിലുണ്ടായ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശാസ്താംകോട്ട സി.ഐ എസ്. മഹേഷ്കുമാർ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദമ്പതികളുടെ മകൻ ജിജിയും മരുമകൾ പ്രീതിയും തിരുവനന്തപുരത്താണ് താമസമെന്നും, ജോസും കുടുംബവും മുൻപ് ചെന്നൈയിൽ താമസിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

A woman was arrested in Chennai in connection with the killing of her Parkinson’s-affected husband in Shasthamcotta. Police said the victim was initially presented as having died by suicide, but postmortem and forensic findings later pointed to murder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386528/wife-arrested-shasthamcotta-murder-case-)