---
title: "'എന്തുവന്നാലും വീട്ടുകാർ നോക്കും'; നെടുമ്പാശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ഡ്രൈവർ തർക്കിച്ചെന്ന് നാട്ടുകാർ"
english_title: "‘Family Will Handle It’: Driver Allegedly Quarreled After Nedumbassery Crash Killed 3"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386515/nedumbassery-crash-driver-argued-after-deaths"
published_at: "2026-10-11T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acafb15a0d16_nedumbassery-crash-driver-argued-after-deaths.jpg"
keywords: ["KeralaNews", "RoadAccident", "PoliceInvestigation", "TrafficSafety", "Nedumbassery Accident"]
---

# 'എന്തുവന്നാലും വീട്ടുകാർ നോക്കും'; നെടുമ്പാശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ഡ്രൈവർ തർക്കിച്ചെന്ന് നാട്ടുകാർ

> **Lead Summary:** കൊച്ചി: നെടുമ്പാശേരി അത്താണിയിൽ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ.

## Article Content

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ.

അപകടത്തിന് പിന്നാലെ കാറിൽനിന്നിറങ്ങിയ ഡ്രൈവർ നാട്ടുകാരുമായി തർക്കിച്ചെന്നും എന്തുവന്നാലും വീട്ടുകാർ നോക്കിക്കൊള്ളുമെന്ന് വെല്ലുവിളിച്ചെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ ഡ്രൈവർ സുഹൈൽ സജീവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് പുലർച്ചെ അത്താണി സിഗ്നലിന് സമീപമായിരുന്നു മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്.

വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ നൂറുമീറ്ററോളം കാറിനൊപ്പം റോഡിലൂടെ നിരങ്ങിനീങ്ങി. സ്കൂട്ടർ യാത്രികരായ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടതെന്ന് നാട്ടുകാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. ഓടിയെത്തിയപ്പോൾ മൂന്നുപേർ റോഡിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു.

കാറിൽ രണ്ടുപേരുണ്ടായിരുന്നുവെന്നും വാഹനത്തിൽനിന്നിറങ്ങിയ ഡ്രൈവർ നാട്ടുകാരുമായി തർക്കിച്ചെന്നും ദൃക്സാക്ഷി പറഞ്ഞു. അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവച്ചതായും വിവരമുണ്ട്.

മരിച്ച ഗോപിക പാലക്കാട് സ്വദേശിനിയും ദേവിക വയനാട് സ്വദേശിനിയുമാണ്. ഇജാസ് കർണാടക സ്വദേശിയാണ്. മൂന്നുപേരും തൃക്കാക്കരയിലെ ഒരു ഷോപ്പിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.

അപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സുഹൈൽ സജീവിനെക്കുറിച്ചുള്ള വിവരങ്ങളും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Residents alleged that the driver of the luxury car that hit a scooter and killed three people in Nedumbassery argued with locals after the crash and claimed his family would handle the matter. Police have taken the driver, identified as Suhail Sajeeb, into custody and are investigating possible intoxication, though it has not been confirmed. The victims — Ijaz, Devika and Gopika — died at the scene after the car reportedly struck their scooter near Athani signal early Tuesday.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386515/nedumbassery-crash-driver-argued-after-deaths)