---
title: "'ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞില്ല'; കോഴിക്കോട് മുള്ളൻകുന്നിൽ കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു"
english_title: "Wild Bison Falls Into Well in Kozhikode, Dies After Rescue Efforts Fail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386470/kozhiode-wild-bison-falls-well-dies"
published_at: "2026-10-10T18:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca3def09185_kozhiode-wild-bison-falls-well-dies.jpg"
keywords: ["WildlifeRescue", "KozhikodeNews", "ForestDepartment", "AnimalDeath", "KeralaNews"]
---

# 'ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞില്ല'; കോഴിക്കോട് മുള്ളൻകുന്നിൽ കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു

> **Lead Summary:** മുള്ളൻകുന്ന് (കോഴിക്കോട്): മുള്ളൻകുന്ന് അങ്ങാടിക്ക് സമീപം വീട്ടിലെ കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു. പ്ലാത്താനത്ത് ബിജോയിയുടെ വീട്ടിലെ കിണറ്റിൽ വീണ കാട്ടുപോത്താണ് ചത്തത്. മൂന്നുദിവസത്തോളം കിണറ്റിൽ കുടുങ്ങിക്കിടന്ന കാട്ടുപോത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി.

## Article Content

മുള്ളൻകുന്ന് (കോഴിക്കോട്): മുള്ളൻകുന്ന് അങ്ങാടിക്ക് സമീപം വീട്ടിലെ കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു. പ്ലാത്താനത്ത് ബിജോയിയുടെ വീട്ടിലെ കിണറ്റിൽ വീണ കാട്ടുപോത്താണ് ചത്തത്. മൂന്നുദിവസത്തോളം കിണറ്റിൽ കുടുങ്ങിക്കിടന്ന കാട്ടുപോത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി.

വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെ പമ്പ് സെറ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് കാട്ടുപോത്ത് വീണുകിടക്കുന്നത് വീട്ടുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് കാട്ടുപോത്തിനെ കിണറ്റിന്റെ ഒരു ഭാഗം ഇടിച്ച് കരയ്ക്കുകയറ്റാൻ ശ്രമിച്ചു.

എന്നാൽ ജനവാസമേഖലയിൽ കാട്ടുപോത്തിനെ തുറന്നുവിടുന്നത് അപകടസാധ്യതയുണ്ടാക്കുമെന്ന് പറഞ്ഞ് ജനങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവച്ചു.

കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പുറത്തെത്തിച്ച് വനമേഖലയിലേക്ക് കൊണ്ടുപോകും എന്ന ഉറപ്പിനെ തുടർന്നാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ എല്ലാവരും പിരിഞ്ഞത്. ശനിയാഴ്ച രാവിലെ 7 മണിമുതൽ രാത്രി 8 മണിവരെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

എന്നാൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയായിട്ടും ഉന്നത ഉദ്യോഗസ്ഥർ ആരും തന്നെ എത്തിയിരുന്നില്ല. ഇതിനിടയിൽ ചെളിവെള്ളം മൂക്കിലേക്ക് കടന്ന കാട്ടുപോത്ത് ഉച്ചക്ക് 12.15 ഓടെ ചത്തു.

കണ്ണൂരിൽനിന്ന് വെറ്ററിനറി സർജനോ കോഴിക്കോട് നിന്ന് ഡി.എഫ്.ഒയോ സ്ഥലത്ത് എത്തിയിരുന്നില്ല. കുറ്റ്യാടി റെയിഞ്ച് ഓഫീസർ പോത്ത് ചത്തതിനുശേഷമാണ് സ്ഥലത്തെത്തിയത്. നടപടികൾ വൈകിയതും കിണറ്റിലെ ചെളിവെള്ളം വറ്റിക്കാത്തതുമാണ് കാട്ടുപോത്തിന്റെ മരണത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

മൂന്ന് ദിവസത്തോളം കിണറ്റിൽ കുടുങ്ങിക്കിടന്ന കാട്ടുപോത്ത് ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ അവശനിലയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ജഡം കിണറ്റിൽനിന്ന് പുറത്തെടുത്ത് വനംവകുപ്പിന്റെ വാഹനത്തിൽ പോസ്റ്റ്മോർട്ടത്തിനായി പെരുവണ്ണാമൂഴിയിലേക്ക് കൊണ്ടുപോയി. നടപടികൾ പൂർത്തിയാക്കിയശേഷം ജഡം സംസ്കരിച്ചു.

A wild bison that fell into a well near Mullankunnu in Kozhikode died after being trapped for nearly three days. Rescue attempts by forest officials, firefighters, and local volunteers failed amid protests and delays in the operation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386470/kozhiode-wild-bison-falls-well-dies)