---
title: "കണ്ണീരോടെ വളയം....! 'കളിചിരികൾ മാഞ്ഞ വീട്ടിലേക്ക് കുഞ്ഞിന്റെ ചേതനയറ്റ ശരീരമെത്തി'; യാവിനെ കണ്ട് പൊട്ടിക്കരഞ്ഞ് മാതാപിതാക്കളും ചേട്ടനും, സംസ്‌കാരം വീട്ടുവളപ്പിൽ"
english_title: "Two-Year-Old Yavin’s Funeral in Valayam Today; Family Breaks Down as Body Arrives Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386433/two-year-old-yavin-funeral-valayam-today"
published_at: "2026-10-10T13:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9f5c49c8d1_two-year-old-yavin-funeral-valayam-today.jpg"
keywords: ["KeralaNews", "Valayam", "Funeral", "Child Death", "Yavin Yuvic Death"]
---

# കണ്ണീരോടെ വളയം....! 'കളിചിരികൾ മാഞ്ഞ വീട്ടിലേക്ക് കുഞ്ഞിന്റെ ചേതനയറ്റ ശരീരമെത്തി'; യാവിനെ കണ്ട് പൊട്ടിക്കരഞ്ഞ് മാതാപിതാക്കളും ചേട്ടനും, സംസ്‌കാരം വീട്ടുവളപ്പിൽ

> **Lead Summary:** കോഴിക്കോട് : വീട്ടുവരാന്തയിൽ കളിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് മരിച്ച രണ്ടുവയസ്സുകാരൻ യാവിൻ യുവിക്കിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വളയത്തെ വീട്ടുവളപ്പിൽ നടക്കും.

## Article Content

കോഴിക്കോട് : വീട്ടുവരാന്തയിൽ കളിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് മരിച്ച രണ്ടുവയസ്സുകാരൻ യാവിൻ യുവിക്കിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വളയത്തെ വീട്ടുവളപ്പിൽ നടക്കും.

ഇന്ന് രാവിലെ വളയം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഉച്ചയ്ക്ക് 12.30ഓടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

വളയം സ്വദേശികളായ ജിതിൻ–ബിജിഷ ദമ്പതികളുടെ ഇളയ മകനാണ് യാവിൻ യുവിക്. കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. കുഞ്ഞു ശരീരം വീട്ടിലെത്തിച്ചപ്പോൾ ചേട്ടൻ അഥ്വിക്കിന്റെയും മാതാപിതാക്കളുടെയും നിലവിളി കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്ന കാഴ്ചയായി.

ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ വീഴുകയും തല നിലത്ത് ഇടിക്കുകയുമായിരുന്നു. വീണതിന് പിന്നാലെ കുറച്ചുനേരം കരഞ്ഞ കുഞ്ഞ് പിന്നീട് മയങ്ങിപ്പോയി.

വീഴ്ചയുടെ ക്ഷീണം കാരണം ഉറങ്ങിപ്പോയതാകാമെന്ന് കരുതിയ മാതാപിതാക്കൾ കുട്ടിയെ കിടത്തി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞ് ഉണരാതിരുന്നതോടെ വീട്ടുകാർ വിളിച്ചുനോക്കുകയായിരുന്നു.

അപ്പോഴാണ് കുട്ടി അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചവരെ വീട്ടിൽ കളിച്ചുനടന്നിരുന്ന കുഞ്ഞിന്റെ മരണം ബന്ധുക്കൾക്ക് വലിയ ആഘാതമായി. 

**മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് — അതീവ ജാഗ്രത വേണം!**

​കുട്ടികൾ വീഴുകയോ തലയിടിക്കുകയോ ചെയ്യുമ്പോൾ നമ്മൾ പലപ്പോഴും നിസ്സാരമായി കാണുന്ന കാര്യങ്ങൾ എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ദാരുണ സംഭവം.

തലയ്ക്കേൽക്കുന്ന ക്ഷതങ്ങൾ പുറമേക്ക് വലുതായി കാണണമെന്നില്ല.

**മയങ്ങിപ്പോകുന്നത് കേവലം ഉറക്കമല്ല:**

കുട്ടികൾ തലയിടിച്ച് വീഴുമ്പോൾ തലച്ചോറിനേൽക്കുന്ന ആഘാതം (Concussion) അല്ലെങ്കിൽ ആന്തരിക രക്തസ്രാവം (Internal Bleeding) കാരണമാണ് പലപ്പോഴും പെട്ടെന്ന് ക്ഷീണവും ഉറക്കവും വരുന്നത്.

അത് കേവലം സാധാരണ ഉറക്കമായി കണ്ട് മാതാപിതാക്കൾ കിടത്തി ഉറക്കരുത്.

**ഈ ലഷണങ്ങൾ കണ്ടാൽ ഉടനടി ആശുപത്രിയിലെത്തിക്കുക:**

​വീഴ്ചയ്ക്ക് ശേഷം കുട്ടി ദീർഘനേരം മയങ്ങുകയോ അബോധാവസ്ഥയിലാകുകയോ ചെയ്യുക.

​ഒന്നിലധികം തവണ തുടർച്ചയായി ഛർദ്ദിക്കുക.

​അമിതമായ ഉദാസീനത, അപസ്മാരം, കഠിനമായ തലവേദനയോ അസ്വസ്ഥതയോ കാണിക്കുക.

​മൂക്കിലൂടെയോ ചെവിയിലൂടെയോ രക്തമോ തെളിഞ്ഞ ദ്രാവകമോ വരുക.

കാഴ്ചമങ്ങൽ, കൈകാലുകൾക്ക് ബലക്കുറവ് എന്നിവ അനുഭവപ്പെടുക.

**ആദ്യ നിമിഷങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ:**

കുട്ടിക്ക് ഛർദ്ദിയുണ്ടെങ്കിൽ ശ്വാസതടസ്സം ഒഴിവാക്കാൻ ഒരുവശത്തേക്ക് ചരിഞ്ഞു കിടത്തണം.

തലയിൽ മുറിവുണ്ടെങ്കിൽ രക്തസ്രാവം നിലയ്ക്കാൻ നന്നായി മുറുക്കി കെട്ടുക. മുഴച്ചു വന്നിട്ടുണ്ടെങ്കിൽ ഐസ് വെക്കുക, ഒരിക്കലും ശക്തിയായി തിരുമ്മരുത്.

മേൽപ്പറഞ്ഞ ലക്ഷണങ്ങളുണ്ടെങ്കിൽ വൈകാതെ തന്നെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയും സി.ടി സ്കാൻ (CT Scan) ഉൾപ്പെടെ നടത്തുകയും വേണം.

The funeral of two-year-old Yavin Yuvik, who died after falling and injuring his head while playing at home, will be held today at his family house in Valayam. His body was handed over after postmortem and brought home, where grieving parents and relatives were overcome with emotion. The report also urges parents to treat head injuries in children with caution and seek immediate medical care for warning signs.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386433/two-year-old-yavin-funeral-valayam-today)