---
title: "അവസാനം വരെ പോരാടും, ഞങ്ങള്‍ മിണ്ടാതിരിക്കില്ല;  എന്തിനാണ് സ്വന്തം രാജ്യത്തെ ജനങ്ങളെ ഒരു പ്രധാനമന്ത്രി ഇത്രയേറെ ഭയപ്പെടുന്നത്? അഭിജിത്ത് ദീപ്‌കെ"
english_title: "Not Afraid of Arrest, Will Fight Till the End: Abhijith Deepke"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386383/abhijith-deepke-protest-jantar-mantar-election-commission"
published_at: "2026-10-10T09:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9b62eeb9ec_abhijith-deepke-protest-jantar-mantar-election-commission.jpg"
keywords: ["ElectionCommission", "JantarMantar", "AbhijithDeepke", "DemocracyProtest", "FreeElections", "Gyanesh Kumar"]
---

# അവസാനം വരെ പോരാടും, ഞങ്ങള്‍ മിണ്ടാതിരിക്കില്ല;  എന്തിനാണ് സ്വന്തം രാജ്യത്തെ ജനങ്ങളെ ഒരു പ്രധാനമന്ത്രി ഇത്രയേറെ ഭയപ്പെടുന്നത്? അഭിജിത്ത് ദീപ്‌കെ

> **Lead Summary:** **ന്യൂഡല്‍ഹി: **മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കാനിരിക്കുന്ന പ്രതിഷേധ സമരത്തില്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി. തീവ്രവാദികളെയും മാവോയിസ്റ്റുകളേയും നേരിടുന്നത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ സമരക്കാരെ നേരിടുന്നതെന്നും, രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

## Article Content

**ന്യൂഡല്‍ഹി: **മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കാനിരിക്കുന്ന പ്രതിഷേധ സമരത്തില്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി. തീവ്രവാദികളെയും മാവോയിസ്റ്റുകളേയും നേരിടുന്നത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ സമരക്കാരെ നേരിടുന്നതെന്നും, രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രതിഷേധപരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'തീവ്രവാദികളെയും മാവോയിസ്റ്റുകളേയും നേരിടുന്നത് പോലെയാണ് നരേന്ദ്രമോദി സമരക്കാരെ നേരിടുന്നത്. എന്തിനാണ് സ്വന്തം രാജ്യത്തെ ജനങ്ങളെ ഒരു പ്രധാനമന്ത്രി ഇത്രയേറെ ഭയപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. സ്വന്തം രാജ്യത്തെ ജനങ്ങളോട് മോദിയും അമിത്ഷായും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് എന്തിനാണ്? ജനങ്ങളാരും തന്നെ ഇനി തനിക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹത്തിനറിയാം,' ദീപ്കെ പറഞ്ഞു.

യുഎപിഎയോ എന്‍എസ്എയോ അടക്കമുള്ള ഏത് കരിനിയമം ചുമത്തിയാലും തങ്ങൾക്ക് പ്രശ്‌നമില്ലെന്നും സമരം ചെയ്യുക എന്നത് പൗരന്മാരുടെ മൗലികാവകാശമാണെന്നും സിജെപി സ്ഥാപകന്‍ വ്യക്തമാക്കി. സുതാര്യമായ തെരഞ്ഞെടുപ്പിനായും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുമുള്ള ഈ പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്തര്‍ മന്തറിലെ സമരം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള നിർണ്ണായക പോരാട്ടമാണെന്നും, യുവതലമുറയുടെ ഭാവിക്കും അഴിമതിരഹിതമായ ഒരു ഭരണസംവിധാനം ഉറപ്പുവരുത്താനുമുള്ള ജനകീയ മുന്നേറ്റമാണെന്നും സിജെപി വക്താവ് സൗരവ് ദാസും പ്രതികരിച്ചു.

** ദീപ്‌കെയുടെ പോസ്റ്റ്**

നാളെ രാവിലെ(ഇന്ന്) മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. ലാന്‍ഡ് ചെയ്തതിന് ശേഷം എന്ത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പില്ല. എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്യുമോ അതോ അതിനുശേഷമാണോ എന്ന കാര്യത്തിലും തീര്‍ച്ചയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്. ഞാന്‍ പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഭയം ഒട്ടുമേയില്ല. കാരണം നമുക്ക് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ട്.

എല്ലാവരോടുമുള്ള എന്റെ അപേക്ഷയിതാണ്; ഒരുപക്ഷേ എന്നെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താലും എനിക്ക് യാതൊരു ഭയവുമില്ല. സര്‍ക്കാരിന് എന്റെ മേല്‍ വേണമെങ്കില്‍ യുഎപിഎ ചുമത്താം. എന്‍എസ്എ ചുമത്താം. എന്താണ് ചുമത്തേണ്ടതെന്ന് വെച്ചാല്‍ അവയെല്ലാം ചുമത്താം. എന്നാല്‍, സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകള്‍ക്ക് ഈ പോരാട്ടം.

ഗ്യാനേഷ് കുമാര്‍ രാജിവെക്കാതെ, എസ്‌ഐആര്‍ റദ്ദാക്കാതെ, തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന സ്വതന്ത്രമായ നടപടിക്രമങ്ങള്‍ ഇല്ലാതെ, തെരഞ്ഞെടുപ്പ് നിഷ്പക്ഷവും സ്വതന്ത്രവുമാകാതെ ഈ പോരാട്ടം ഞങ്ങള്‍ അവസാനിപ്പിക്കുകയില്ല.

ഇത് രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. അതിനാല്‍ നിങ്ങളെല്ലാവരും നാളെ പരമാവധി ആളുകള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലേക്ക് എത്തിച്ചേരുക. എങ്കിലും എല്ലാവരോടും എന്റെ വീണ്ടും വീണ്ടുമുള്ള അഭ്യര്‍ത്ഥന ഇതാണ്: ഓര്‍ക്കുക, നാം നിയമം അനുസരിക്കുന്ന പൗരന്മാരാണ്, സമാധാനപ്രിയരായ പൗരന്മാരാണ്. അതുകൊണ്ട് നമ്മുടെ ഭാഗത്തുനിന്ന് യാതൊരുവിധ തെറ്റുകളും ഉണ്ടാകരുത്.

നാം രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്, രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്. നാം ഗുണ്ടകളല്ല. മുഴുവന്‍ മാര്‍ച്ചും നമ്മള്‍ സമാധാനപരമായും അച്ചടക്കത്തോടും കൂടി നടത്തേണ്ടതുണ്ട്. മഹാത്മാഗാന്ധി കാണിച്ചുതന്ന പാത നാം പിന്തുടരേണ്ടതുണ്ട്. സമാധാനമാണ് ഏറ്റവും വലിയ ശക്തി, അഹിംസയാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.

സമാധാനപരമായും അഹിംസാത്മകമായും നമ്മള്‍ മാര്‍ച്ച് നടത്തുന്നിടത്തോളം കാലം, പ്രതിഷേധിക്കുന്നിടത്തോളം കാലം നമ്മുടെ സംസ്‌കാരം/ഭരണഘടന നമ്മെ സംരക്ഷിക്കും. ഈ സമയത്ത് ഇവര്‍ പുറത്തുനിന്ന് ഗുണ്ടകളെ അയച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചേക്കാം. കഴിഞ്ഞ തവണയും ഇവര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഭാരത് ധ്വജിന് പോലും ഇവര്‍ ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുകയാണ്.

അതുകൊണ്ട് ഇവര്‍ ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും, എന്നാല്‍ ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നാം ഉത്തരവാദികളായ പൗരന്മാരാണ്, മറ്റേതിനേക്കാളും ഉപരി ഈ രാജ്യത്തെ സ്നേഹിക്കുന്ന പൗരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് അമേരിക്ക ഉപേക്ഷിച്ച് എന്റെ രാജ്യത്തേക്ക് തിരിച്ചുവന്നത്. ജയിലിനെക്കുറിച്ചുള്ള ഭയമില്ല.

എത്രകാലം നമ്മള്‍ ഭയന്ന് ജീവിക്കും? ഇത്രയും വര്‍ഷമായി ഇങ്ങനെ ഭയന്നല്ലേ നമ്മള്‍ ജീവിക്കുന്നത്? എല്ലാ കാര്യങ്ങളുടെയും പേരില്‍ അവര്‍ ഭയം കാണിക്കുന്നു, ജയിലിന്റെ പേരില്‍ ഭയപ്പെടുത്തുന്നു, കേസിന്റെ പേരില്‍ ഭയപ്പെടുത്തുന്നു, യു.എ.പി.എ.യുടെ പേരില്‍ ഭയപ്പെടുത്തുന്നു, എന്‍.എസ്.എ.യുടെ പേരില്‍ ഭയപ്പെടുത്തുന്നു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ അതില്‍ യു.എ.പി.എ. ചുമത്തുമോ? എന്‍.എസ്.എ. ചുമത്തുമോ? സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാല്‍ അതില്‍ യു.എ.പി.എ. ചുമത്താനാണെങ്കില്‍ ചുമത്തിക്കോളൂ. യു.എ.പി.എ. ചുമത്തൂ, എന്‍.എസ്.എ. ചുമത്തൂ, എന്നാല്‍ ഞങ്ങള്‍ പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും, അവസാനം വരെ പോരാടും, ഞങ്ങള്‍ മിണ്ടാതിരിക്കില്ല. കാരണം ഭയന്ന് ജീവിച്ച് ഞങ്ങള്‍ മടുത്തു, ഇനി ഞങ്ങള്‍ ഭയപ്പെടില്ല.

Abhijith Deepke said he is unafraid of arrest ahead of a protest at Delhi’s Jantar Mantar demanding the resignation of Chief Election Commissioner Gyanesh Kumar. He accused the central government of treating protesters like terrorists and said the struggle for transparent, free and fair elections will continue until key electoral reforms are implemented.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386383/abhijith-deepke-protest-jantar-mantar-election-commission)