---
title: "തമിഴ്നാട്ടിലെ ടി.വി.കെ. ഉപതിരഞ്ഞെടുപ്പ് വിജയം; കേരളത്തിലും ആഘോഷവുമായി പ്രവർത്തകരും വിജയ് ആരാധകരും"
english_title: "TVK Bypoll Victory Celebrated in Kerala by Vijay Fans and Workers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386315/tvk-bypoll-victory-kerala-celebration"
published_at: "2026-10-09T17:34:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8d8e019c44_tvk-bypoll-victory-kerala-celebration.jpg"
keywords: ["TVK", "VijayFans", "TamilNaduBypoll", "KeralaPolitics", "ElectionVictory"]
---

# തമിഴ്നാട്ടിലെ ടി.വി.കെ. ഉപതിരഞ്ഞെടുപ്പ് വിജയം; കേരളത്തിലും ആഘോഷവുമായി പ്രവർത്തകരും വിജയ് ആരാധകരും

> **Lead Summary:** തിരുവനന്തപുരം: തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ.) നേടിയ വിജയത്തിന്റെ ആഘോഷം കേരളത്തിലും.

## Article Content

തിരുവനന്തപുരം: തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ.) നേടിയ വിജയത്തിന്റെ ആഘോഷം കേരളത്തിലും.

തിരുവനന്തപുരത്തും കൊച്ചിയിലും ടി.വി.കെ. പ്രവർത്തകരും വിജയ് ആരാധകരും മധുരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രവർത്തകർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

തിരുവനന്തപുരത്ത് നടന്ന വിജയാഘോഷ പരിപാടി ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്തു. ബാലരാമപുരത്ത് പാർട്ടി സംസ്ഥാന കോഓർഡിനേറ്റർ ഡോ. സുലൈമാൻ ബഷീറിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

ടി.വി.കെ. പ്രവർത്തകരും വിജയ് ആരാധകരും പരിപാടികളിൽ പങ്കെടുത്തു. എറണാകുളത്ത് ബസ് സ്റ്റാൻഡിൽ ഹാഷിമിന്റെ നേതൃത്വത്തിലായിരുന്നു വിജയാഘോഷം. ഇവിടെയും പ്രവർത്തകർ മധുരം വിതരണം ചെയ്താണ് തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്.

ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ സംഘടനാ രൂപീകരണവും നേതൃനിരയെ നിശ്ചയിക്കുന്ന നടപടികളും ഉടൻ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന കോഓർഡിനേറ്റർ ഡോ. സുലൈമാൻ ബഷീർ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലേക്കും പാർട്ടിയുടെ സംഘടനാപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രതീക്ഷകളാണ് അദ്ദേഹം പങ്കുവച്ചത്.

വിജയ് ഫാൻസ് അംഗങ്ങളെ ഒരുമിപ്പിച്ച് പാർട്ടിക്ക് കൂടുതൽ കരുത്തുപകരുകയാണ് നിലവിലെ ലക്ഷ്യമെന്ന് സുലൈമാൻ ബഷീർ വ്യക്തമാക്കി. കേരളത്തിൽ ടി.വി.കെ. ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടിക്കുള്ളിൽ ഭിന്നസ്വരങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും പാർട്ടിക്ക് പ്രവർത്തകരും നേതാക്കളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tamil actor Vijay’s Tamilaga Vettri Kazhagam (TVK) celebrated its bypoll victory in Kerala as well, with party workers and fans distributing sweets in Thiruvananthapuram and Kochi. State coordinator Dr. Sulaiman Basheer said the party expects to expand its organisation and leadership structure across South Indian states soon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386315/tvk-bypoll-victory-kerala-celebration)