---
title: "'32 കേസുകളിൽ പ്രതി, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കാപ്പക്കുരുക്ക്'; കണ്ണൂരിലെ 'മസിൽ നിയാസ്' വീണ്ടും ജയിലിൽ"
english_title: "‘Muscle Niyas’ Back in Jail Under KAAPA After Bail in 32-Case Crime Record"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386308/muscle-niyas-kaapa-arrest-kannur"
published_at: "2026-10-09T16:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8d10a2292b_muscle-niyas-kaapa-arrest-kannur.jpg"
keywords: ["KeralaCrime", "KannurPolice", "KAAPA", "CrimeNews", "CentralJail"]
---

# '32 കേസുകളിൽ പ്രതി, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കാപ്പക്കുരുക്ക്'; കണ്ണൂരിലെ 'മസിൽ നിയാസ്' വീണ്ടും ജയിലിൽ

> **Lead Summary:** കണ്ണൂർ: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയും റൗഡിയുമായ ‘മസില്‍ നിയാസ്’ കാപ്പാ കേസില്‍ പിടിയിലായി. കണ്ണൂര്‍ കക്കാട് സ്വദേശിയായ പ്രതിയുടെ യഥാര്‍ഥ പേര് കെ. നിയാസുദ്ദീന്‍ എന്നാണ്.

## Article Content

കണ്ണൂർ: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയും റൗഡിയുമായ ‘മസില്‍ നിയാസ്’ കാപ്പാ കേസില്‍ പിടിയിലായി. കണ്ണൂര്‍ കക്കാട് സ്വദേശിയായ പ്രതിയുടെ യഥാര്‍ഥ പേര് കെ. നിയാസുദ്ദീന്‍ എന്നാണ്.

കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സെന്‍ട്രല്‍ ജയിലിലാണ് തടവിലാക്കിയത്. കണ്ണൂർ കമ്മീഷണറുടെ ശുപാർശ പ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കാപ്പാ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ടത്.

32 ക്രിമിനല്‍ കേസുകളാണ് പ്രതിക്കെതിരെയുള്ളത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍. മോഷണവും പിടിച്ചുപറിയും അടക്കമുള്ള കേസുകളാണ് ഇയാളുടെ പേരില്‍ ഏറെയും.

അടുത്തിടെ കണ്ണൂര്‍ പാറക്കണ്ടിയില്‍ ബൈക്ക് യാത്രക്കാരനെ തട​ഞ്ഞുനിര്‍ത്തി സ്ക്രൂഡ്രൈവര്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും എടിഎം കാർഡും കവര്‍ന്ന കേസിലാണ് പിടിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്നു.

ജാമ്യം കിട്ടി പുറത്തുവന്നതിന് പിന്നാലെയാണ് കാപ്പാ ചുമത്തി പൊലീസ് മസില്‍ നിയാസിനെ വീണ്ടും പൂട്ടിയത്. ജൂലൈ രണ്ടിനായിരുന്നു കണ്ണൂര്‍ പാറക്കണ്ടിയില്‍ വെച്ച് ബൈക്ക് യാത്രികനെ സ്ക്രൂഡ്രൈവർ കഴുത്തിനു നേരെ ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും കവര്‍ന്നത്.

മസില്‍ നിയാസിനെ കൂടാതെ, കോഴിക്കോട് സ്വദേശികളായ ബിനോയ്, അനീഷ് എന്നിവരെയും കേസില്‍ പിടികൂടിയിരുന്നു. ലോറിയില്‍ പിന്തുടര്‍ന്ന് ടൗണ്‍ പൊലീസ് അന്ന് പിടികൂടിയത്. താണ സ്വദേശി താരിഖിനെ തടഞ്ഞുവെച്ച് ഏഴായിരം രൂപയും മൊബൈലും എടിഎം കാര്‍ഡുമാണ് കൈക്കലാക്കിയത്.

എടിഎം പിന്‍ നമ്പറും ഭീഷണിപ്പെടുത്തി വാങ്ങിയ പ്രതികള്‍ 20,000 രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു. മംഗളൂരുവിലേക്ക് മുങ്ങിയ പ്രതികള്‍ തിരികെ കണ്ണൂരിലെത്തുന്ന വിവരമറിഞ്ഞാണ് പൊലീസ് സിനിമാ സ്റ്റൈലില്‍ സെന്‍ട്രല്‍ ജയിലിന് മുന്‍വശത്ത് നിന്ന് പിടികൂടിയിരുന്നത്

Kannur resident K. Niyasudheen, widely known as ‘Muscle Niyas’, has been detained under the KAAPA law and lodged in central jail. Police say he faces 32 criminal cases, mostly related to theft and robbery, and was recently involved in a knife-threat robbery in Parakkandi.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386308/muscle-niyas-kaapa-arrest-kannur)