---
title: "'സുപ്രധാനമായ തീരുമാനങ്ങളെല്ലാം പാർട്ടി നേതൃത്വവുമായി ആലോചിച്ച്; ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുമായി ചര്‍ച്ച ആവശ്യമില്ല' - അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി"
english_title: "CM Rebuts Adoor Prakash, Says Daily Governance Needn’t Be Discussed With Party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386306/cm-rebuts-adoor-prakash-daily-governance-new"
published_at: "2026-10-09T16:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8cda186171_cm-rebuts-adoor-prakash-daily-governance.jpg"
keywords: ["KeralaPolitics", "UDF", "VDSatheesan", "AdoorPrakash", "Congress"]
---

# 'സുപ്രധാനമായ തീരുമാനങ്ങളെല്ലാം പാർട്ടി നേതൃത്വവുമായി ആലോചിച്ച്; ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുമായി ചര്‍ച്ച ആവശ്യമില്ല' - അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി

> **Lead Summary:** തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. നയപരമായ എല്ലാ കാര്യങ്ങളും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

## Article Content

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. നയപരമായ എല്ലാ കാര്യങ്ങളും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'പാര്‍ട്ടിയിലുള്ള ആര്‍ക്കും എന്നെ വിമര്‍ശിക്കാം. പുതിയതായി പാര്‍ട്ടിയിലെത്തിയ യുവാക്കള്‍ക്കും അതിനുള്ള അവകാശമുണ്ട്. അവർ പറഞ്ഞതാണ് ശരിയെങ്കില്‍ തീര്‍ച്ചയായും തിരുത്തും. എന്റെ ഭാഗത്താണ് ശരിയെങ്കില്‍ അവരെ ഞാന്‍ പറഞ്ഞ് മനസിലാക്കും', മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ട്ടി തനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണ്. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തിലാണ് താന്‍ മുഖ്യമന്ത്രിയായത്.

കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമായും തനിക്ക് നല്ല ബന്ധമുണ്ട്. കെ സി വേണുഗോപാലുമായി ഒന്നിച്ച് യാത്രകള്‍ ചെയ്യാറുണ്ട്. കുടുംബവുമായും നല്ല ബന്ധമുണ്ട്. രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും നല്ല ബന്ധമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

വി ഡി സതീശന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു എന്നാരോപിച്ചായിരുന്നു യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ് രംഗത്തെത്തിയത്. കൂടിയാലോചന ഇല്ലെന്നും മാധ്യമങ്ങളിലൂടെയാണ് പലകാര്യങ്ങളും അറിയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

അതൃപ്തി അറിയിച്ചുകൊണ്ട് അടൂര്‍ പ്രകാശ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ അസാധാരണ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. ബോര്‍ഡ്, കോര്‍പ്പറേഷൻ നിയമനങ്ങള്‍ നടന്നത് ചര്‍ച്ചയില്ലാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ നിയമനത്തിലും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തി അദ്ദേഹം വ്യക്കമാക്കി. പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അടൂര്‍ പ്രകാശ് തുറന്നടിച്ചിരുന്നു.

യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു.

ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

Chief Minister V D Satheesan dismissed UDF convener Adoor Prakash’s criticism, saying policy matters are discussed with the party leadership while routine governance does not require consultations. He said anyone in the party can question him and that he is open to corrections if needed. Adoor Prakash had earlier accused Satheesan of acting like a dictator and alleged a lack of consultation in key appointments.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386306/cm-rebuts-adoor-prakash-daily-governance-new)