---
title: "സിസിടിവിയിൽ പതിഞ്ഞ കവറിലെ ചെറിയ എംബ്ലം നിർണായകമായി; ബസിൽ സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ച കേസിൽ തലശ്ശേരി സ്വദേശി അറസ്റ്റിൽ"
english_title: "Tiny CCTV Emblem Leads to Arrest in Bus Harassment Case Involving Schoolgirl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386283/cctv-emblem-schoolgirl-bus-harassment-arrest"
published_at: "2026-10-09T14:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8b48136ea4_cctv-emblem-schoolgirl-bus-harassment-arrest.jpg"
keywords: ["Kochi Police", "Schoolgirl Harassment Case", "CCTV Evidence", "Ernakulam North Police", "Kerala Crime News"]
---

# സിസിടിവിയിൽ പതിഞ്ഞ കവറിലെ ചെറിയ എംബ്ലം നിർണായകമായി; ബസിൽ സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ച കേസിൽ തലശ്ശേരി സ്വദേശി അറസ്റ്റിൽ

> **Lead Summary:** കൊച്ചി: ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ചെന്ന കേസിൽ തലശ്ശേരി സ്വദേശി അറസ്റ്റിൽ. കണ്ണൂർ ന്യൂമാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ മിറോഷ് സി.ടി. ആണ് പിടിയിലായത്.

## Article Content

കൊച്ചി: ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ചെന്ന കേസിൽ തലശ്ശേരി സ്വദേശി അറസ്റ്റിൽ. കണ്ണൂർ ന്യൂമാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ മിറോഷ് സി.ടി. ആണ് പിടിയിലായത്.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ തുണിക്കടയുടെ കവറിലെ ചെറിയ എംബ്ലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്.

സെപ്റ്റംബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് എറണാകുളത്തുനിന്ന് എളമക്കരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിക്കാണ് ബസിൽവെച്ച് ദുരനുഭവമുണ്ടായത്. പരാതിപ്രകാരം, പെൺകുട്ടിയുടെ പിന്നിൽ നിന്നയാൾ മോശമായി പെരുമാറുകയായിരുന്നു.

വിദ്യാർഥിനി പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഉപദ്രവം തുടർന്നുവെന്നാണ് പരാതി. കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹപാഠിയും സംഭവത്തിന് സാക്ഷിയായിരുന്നു.

വീട്ടിലെത്തിയ വിദ്യാർഥിനികൾ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് എളമക്കര പൊലീസിൽ പരാതി നൽകി. സംഭവം നടന്നത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അന്വേഷണത്തിനായി നോർത്ത് പൊലീസിന് കൈമാറുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ബസ് നിർത്തിയ വിവിധ സ്റ്റോപ്പുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിൽ എളമക്കര പുതിയ റോഡ് ഭാഗത്ത് സംശയിക്കുന്നയാൾ ബസിൽനിന്ന് ഇറങ്ങിയതായി കണ്ടെത്തി. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല.

പിന്നീട് പുതിയ റോഡിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നതിനിടെയാണ് സംശയിക്കുന്നയാളുടെ കൈവശമുണ്ടായിരുന്ന തുണിക്കടയുടെ കവർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ദൃശ്യങ്ങളിൽ വളരെ ചെറുതായി മാത്രമാണ് കവറിലെ എംബ്ലം പതിഞ്ഞിരുന്നത്.

തുടർന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എംബ്ലത്തിന്റെ ദൃശ്യം വലുതാക്കി വ്യക്തത വരുത്തി. ഇതിലൂടെ കവർ ഏത് വസ്ത്രവ്യാപാര സ്ഥാപനത്തിന്റേതാണെന്ന് തിരിച്ചറിയാൻ പൊലീസിന് സാധിച്ചു. ഈ സൂചനയാണ് കേസിലെ പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും അന്വേഷണസംഘത്തെ സഹായിച്ചത്.

A man from Talassery has been arrested in connection with the harassment of a schoolgirl on a bus in Ernakulam. Police identified the suspect by enlarging a tiny emblem seen on a shop bag in CCTV footage, which became the key breakthrough in the investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386283/cctv-emblem-schoolgirl-bus-harassment-arrest)