---
title: "'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു...'; മുഖ്യമന്ത്രിയുടെ മോഡിഫിക്കേഷൻ നിയമങ്ങളിൽ ട്രോളുമായി ഗണേഷ് കുമാർ"
english_title: "Ganesh Kumar Mocks Promise on Vehicle Modification Relaxations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386248/ganesh-kumar-vehicle-modification-relaxations"
published_at: "2026-10-09T12:25:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8904328812_ganesh-kumar-vehicle-modification-relaxations.jpg"
keywords: ["GaneshKumar", "VDSatheesan", "KeralaPolitics", "VehicleModification", "MVDCircular"]
---

# 'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു...'; മുഖ്യമന്ത്രിയുടെ മോഡിഫിക്കേഷൻ നിയമങ്ങളിൽ ട്രോളുമായി ഗണേഷ് കുമാർ

> **Lead Summary:** **കൊച്ചി: **നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വി.ഡി. സതീശൻ നൽകിയ വാഹന മോഡിഫിക്കേഷൻ ഇളവുകൾ എന്ന വാഗ്ദാനത്തെ പരിഹസിച്ച് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. വാഹന ഉടമകൾ പ്രതീക്ഷിച്ച തരത്തിലുള്ള ഇളവുകൾ നൽകാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

## Article Content

**കൊച്ചി: **നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വി.ഡി. സതീശൻ നൽകിയ വാഹന മോഡിഫിക്കേഷൻ ഇളവുകൾ എന്ന വാഗ്ദാനത്തെ പരിഹസിച്ച് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. വാഹന ഉടമകൾ പ്രതീക്ഷിച്ച തരത്തിലുള്ള ഇളവുകൾ നൽകാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

> "പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു" എന്ന് ഗണേഷ് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്ക് വിരുദ്ധമായി ഒരു സംസ്ഥാനത്തിന് മാത്രമായി ഇത്തരത്തിൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് താൻ മുൻപേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, നിലവിലുള്ള നിയമപ്രകാരം സാധാരണയായി ചെയ്യാവുന്ന ചില പരിമിതമായ മാറ്റങ്ങൾക്ക് മാത്രമാണ് മോട്ടോർ വാഹന വകുപ്പ് സർക്കുലറിലൂടെ അനുമതി നൽകിയിട്ടുള്ളത്. അതും കർശനമായ മാനദണ്ഡങ്ങൾക്കും ആർസി ബുക്കിലെ രേഖപ്പെടുത്തലുകൾക്കും വിധേയമായി മാത്രമായിരിക്കും. വാഹനം ഉപയോഗിക്കുന്നവർ വരുത്തുന്ന മാറ്റങ്ങൾ കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

**സർക്കുലർ പ്രകാരം അനുവദനീയമായ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:**

നിറം മാറ്റം: കേന്ദ്ര-സംസ്ഥാന നിയമങ്ങൾ വിലക്കാത്ത ഏത് നിറവും ഉപയോഗിക്കാം. എന്നാൽ രജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങുകയും ആർസി ബുക്കിൽ കൃത്യമായി രേഖപ്പെടുത്തുകയും വേണം.

എൻജിൻ, ഷാസി മാറ്റൽ: പഴയ എൻജിന്റെയും ഷാസിയുടെയും അതേ സവിശേഷതകളും മോഡലുമുള്ള പുതിയ ഭാഗങ്ങൾ (അതേ കമ്പനിയുടേത്) മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. മറ്റു വാഹനങ്ങളുടെ ഭാഗങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല.

ബോഡി ഘടന: കേന്ദ്ര മോട്ടോർ വാഹനച്ചട്ടം പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ ബോഡി ഘടനയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കൂ.

ഇന്ധന/പ്രൊപ്പൽഷൻ സംവിധാനം: അംഗീകൃത റിട്രോഫിറ്റ് അല്ലെങ്കിൽ കൺവേർഷൻ കിറ്റുകൾ ഉപയോഗിച്ച്, സർക്കാരിന്റെയോ നിർമ്മാതാക്കളുടെയോ അംഗീകാരമുള്ള വർക്ക്‌ഷോപ്പുകൾ വഴി മാത്രമേ ഇന്ധന സംവിധാനങ്ങളിൽ മാറ്റം വരുത്താവൂ.

ഭിന്നശേഷി സൗഹൃദമാക്കൽ: സാധാരണ വാഹനങ്ങൾ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുന്നത് അംഗീകൃത കേന്ദ്രങ്ങൾ വഴി മാത്രമേ ചെയ്യാൻ അനുവാദമുള്ളൂ.

**English Summary:**

Former Kerala Transport Minister K.B. Ganesh Kumar mocked Opposition Leader V.D. Satheesan over his election promise on vehicle modification relaxations. He said a state cannot independently override central motor vehicle laws, after the MVD issued a circular allowing only limited, rule-bound changes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386248/ganesh-kumar-vehicle-modification-relaxations)