---
title: "'പോരും ഇല്ലാ...പോരാത്തതിനു മത്സരവും ഇല്ലാ'; തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍"
english_title: "Divya S. Iyer Rejects Reports of Rift in Local Self-Government Department"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386236/divya-s-iyer-denies-ias-turf-war-reports"
published_at: "2026-10-09T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac88a2d81dfe_divya-s-iyer-denies-ias-turf-war-reports.jpg"
keywords: ["DivyaSIyer", "LocalSelfGovernment", "Tvanupama", "KeralaPolitics", "NirmalamProgram"]
---

# 'പോരും ഇല്ലാ...പോരാത്തതിനു മത്സരവും ഇല്ലാ'; തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍

> **Lead Summary:** **തിരുവനന്തപുരം: **തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും തമ്മിൽ അധികാരത്തർക്കവും പോരും നിലനിൽക്കുന്നുവെന്ന മാധ്യമ വാർത്തകൾ തള്ളി ദിവ്യ എസ്. അയ്യർ. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തങ്ങൾക്കിടയിൽ പോരോ മത്സരമോ ഇല്ലെന്ന് അവർ വ്യക്തമാക്കിയത്. മന്ത്രിയിൽ നിന്ന് ലഭിച്ച വ്യക്തമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കൃത്യനിർവഹണം നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: **തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും തമ്മിൽ അധികാരത്തർക്കവും പോരും നിലനിൽക്കുന്നുവെന്ന മാധ്യമ വാർത്തകൾ തള്ളി ദിവ്യ എസ്. അയ്യർ. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തങ്ങൾക്കിടയിൽ പോരോ മത്സരമോ ഇല്ലെന്ന് അവർ വ്യക്തമാക്കിയത്. മന്ത്രിയിൽ നിന്ന് ലഭിച്ച വ്യക്തമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കൃത്യനിർവഹണം നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

'പോരും ഇല്ലാ. പോരാത്തതിനു മത്സരവും ഇല്ലാ. മനുഷ്യരെ സ്‌നേഹിക്കുന്നു, പുല്‍കുന്നു. പുകഴ്ത്തുന്നു എന്ന് മാത്രമേ ഇതുവരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എന്നെ 'പഴിചാരി' കേട്ട ഓർമ്മയുള്ളു. ഇപ്പോൾ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേൾക്കുമ്പോൾ അത് ഞാനല്ല, എന്നെക്കുറിച്ചല്ല എന്ന ഉറച്ചബോധ്യം മനസ്സിൽ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും ഞങ്ങൾക്ക് തോന്നാത്ത വികാരങ്ങളാണ് ഇവ. വ്യക്തമായ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ കൃത്യനിർവഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങൾക്ക് വിരാമം ഇടണം എന്ന് അഭ്യർത്ഥിക്കുന്നു. ഈയടുത്തകാലത്ത് ആദി എന്ന കവിയുടെ ഒരു കവിതയിൽ വായിച്ചത് ഓർക്കുന്നു: വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോർ', ദിവ്യ എസ്. അയ്യർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച 'നിർമ്മലം' പരിപാടിയിൽ തനിക്ക് അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ നേരിട്ട് കണ്ടു പരാതിപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പൽ ഡയറക്ടറുടെ പരാതി പരിഹരിക്കാനെന്നോണം 'ഐസി 100' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്നും ഈ പദ്ധതിയിൽ സെക്രട്ടറിക്ക് പങ്കില്ലെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.

എന്നാൽ ആരോപണങ്ങൾ തള്ളി തദ്ദേശവകുപ്പ് തന്നെ രംഗത്തെത്തിയിരുന്നു. 'നിർമ്മലം', 'ഐസി 100' എന്നിവ രണ്ടും വെവ്വേറെ പദ്ധതികളാണെന്നാണ് വകുപ്പിന്റെ വിശദീകരണം. സർക്കാറിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'നിർമ്മലം പുതുയുഗ ശുചിത്വ കേരളം' പദ്ധതി ഒക്ടോബർ രണ്ടിന് പറവൂരിൽ വെച്ച് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഇതിനായുള്ള ഔദ്യോഗിക ഉത്തരവിറക്കിയത് വകുപ്പ് സെക്രട്ടറി ടി.വി. അനുപമയായിരുന്നു.

Divya S. Iyer has denied media reports of a power struggle and rivalry within the Local Self-Government Department. In a social media post, she said there is no conflict with Secretary T.V. Anupama and that her work is being carried out based on clear ministerial directions. The department has also clarified that the 'Nirmalam' and 'IC 100' initiatives are separate programmes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386236/divya-s-iyer-denies-ias-turf-war-reports)