---
title: "'കളമശേരി സംഭവം ഒറ്റപ്പെട്ടതോ?'; അനധികൃത സ്പാകളുടെ പ്രവർത്തനം പരിശോധിക്കണം, കർശന നിയന്ത്രണം വേണമെന്ന് വനിതാ കമ്മിഷൻ"
english_title: "Kalamassery Incident Not Isolated? Women’s Commission Seeks Tighter Action on Illegal Spas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386206/kalamassery-illegal-spas-womens-commission"
published_at: "2026-10-09T09:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac861f0397c4_kalamassery-illegal-spas-womens-commission.jpg"
keywords: ["KeralaNews", "WomenCommission", "IllegalSpas", "KalamasseryCase", "MassageCentres"]
---

# 'കളമശേരി സംഭവം ഒറ്റപ്പെട്ടതോ?'; അനധികൃത സ്പാകളുടെ പ്രവർത്തനം പരിശോധിക്കണം, കർശന നിയന്ത്രണം വേണമെന്ന് വനിതാ കമ്മിഷൻ

> **Lead Summary:** കൊച്ചി: കളമശേരിയിൽ സ്പായുടെ മറവിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നെന്ന കേസിന് പിന്നാലെ സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

## Article Content

കൊച്ചി: കളമശേരിയിൽ സ്പായുടെ മറവിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നെന്ന കേസിന് പിന്നാലെ സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

സ്പാ, മസാജ് സെന്ററുകളുടെ പ്രവർത്തനം പരിശോധിക്കണമെന്നും ലൈസൻസ് നൽകുന്നതിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും സ്പാ വെൽനെസ് ഡെവലപ്‌മെന്റ് ആൻഡ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷനും ആവശ്യപ്പെട്ടു.

കളമശേരി കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ശ്രീരാജിനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ശ്രീരാജ് ബെനാമി പേരുകളിൽ കൂടുതൽ സ്പാകൾ നടത്തുന്നതായും സംശയമുണ്ട്.

എന്നാൽ, ഒറ്റപ്പെട്ട ക്രിമിനൽ സംഭവങ്ങളുടെ പേരിൽ മുഴുവൻ മസാജ് സെന്ററുകളെയും സ്പാ, വെൽനെസ് സ്ഥാപനങ്ങളെയും സംശയനിഴലിൽ നിർത്തുന്നത് ശരിയല്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ. റിൻഷാദ്, സെക്രട്ടറി എസ്. അനീഷ് എന്നിവർ വ്യക്തമാക്കി.

സ്പാകളും മസാജ് സെന്ററുകളും നിയമാനുസൃതമായാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണമെന്നും അനധികൃത പ്രവർത്തനങ്ങൾ തടയാൻ സംസ്ഥാനതലത്തിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചു.

സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി പരാതികളുണ്ടെന്നും എറണാകുളം ജില്ലയിലാണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, കളമശേരി ലൈംഗികാതിക്രമക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നിലവിൽ പിടിയിലായവർക്ക് പുറമെ രണ്ടുപേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അതിജീവിതയുടെ പങ്കാളിയുടെ ആരോപണം. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് പൊലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

അതിജീവിതയ്ക്ക് രാസലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നൽകിയതായും വെള്ളത്തിൽ കലർത്തി കുടിപ്പിക്കുകയും ലഹരിവസ്തുക്കൾ വലിപ്പിക്കുകയും ചെയ്തതായും പങ്കാളി ആരോപിച്ചു. യുവതിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതായും അദ്ദേഹം പറഞ്ഞു.

പ്രധാന പ്രതിയായ ശ്രീരാജിന്റെ ഭാര്യയും സഹോദരിയും അതിജീവിതയെ സന്ദർശിച്ചിരുന്നെങ്കിലും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പങ്കാളി വ്യക്തമാക്കി. കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി, അംഗങ്ങളായ എലിസബത്ത് മാമ്മൻ മത്തായി, ഇന്ദിര രവീന്ദ്രൻ എന്നിവർ എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി അതിജീവിതയെ സന്ദർശിച്ചു.

സംഭവത്തിൽ കമ്മിഷൻ കേസെടുത്തതായും കളമശേരി പൊലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായും അറിയിച്ചു. അതിജീവിതയ്ക്ക് ആവശ്യമായ നിയമസഹായം, കേസ് നടത്തിപ്പിനുള്ള പിന്തുണ, സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്ന് ഹൈക്കോടതിയുടെ വിക്ടിം റൈറ്റ്സ് സെന്ററിനോട് ആവശ്യപ്പെടുമെന്നും കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി.

അതിജീവിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ കോളജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ജോസഫ് അറിയിച്ചു. ഇന്നോ നാളെയോ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാനാകുമെന്നാണ് അദ്ദേഹം അറിയിച്ചത്.

കേസിൽ ആദ്യം അറസ്റ്റിലായ രണ്ട് പ്രതികളെ ലോഡ്ജിലും സ്പായിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൂടുതൽ പ്രതികളുണ്ടെന്ന ആരോപണങ്ങളും സ്പാകളുടെ മറവിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

Following the alleged sexual assault in Kalamassery, calls have intensified for strict action against illegally operating spas and massage centres in Kerala. The Women’s Commission has sought a monitoring mechanism, while the association representing spa and wellness centres said isolated criminal cases should not cast suspicion on the entire sector.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386206/kalamassery-illegal-spas-womens-commission)