---
title: "'ചുരംമില്ലാതെ വയനാട്ടിലേക്ക്, കാടിന് മുകളിലൂടെ ആകാശപ്പാത'; 6.25 കിലോമീറ്റർ പദ്ധതിയുമായി മെട്രോമാൻ ശ്രീധരന്റെ മുന്നിൽ പ്രതിനിധിസംഘം"
english_title: "6.25-Km Skyway Plan to Wayanad Presented to Metro Man E. Sreedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386199/wayanad-skyway-plan-e-sreedharan-meeting"
published_at: "2026-10-09T08:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac858f48e2c7_wayanad-skyway-plan-e-sreedharan-meeting.jpg"
keywords: ["WayanadSkyway", "ESreedharan", "KeralaTransport", "ElevatedRoad", "HighSpeedRail"]
---

# 'ചുരംമില്ലാതെ വയനാട്ടിലേക്ക്, കാടിന് മുകളിലൂടെ ആകാശപ്പാത'; 6.25 കിലോമീറ്റർ പദ്ധതിയുമായി മെട്രോമാൻ ശ്രീധരന്റെ മുന്നിൽ പ്രതിനിധിസംഘം

> **Lead Summary:** കോഴിക്കോട് : പഴശ്ശിരാജ ചുരമില്ലാ-ആകാശപ്പാത പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനായി പദ്ധതിയുടെ പ്രതിനിധിസംഘം പ്രമുഖ എൻജിനീയറും മെട്രോമാനുമായ ഇ. ശ്രീധരനെ പൊന്നാനിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് വിശദമായ ചർച്ച നടത്തി.

## Article Content

കോഴിക്കോട് : പഴശ്ശിരാജ ചുരമില്ലാ-ആകാശപ്പാത പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനായി പദ്ധതിയുടെ പ്രതിനിധിസംഘം പ്രമുഖ എൻജിനീയറും മെട്രോമാനുമായ ഇ. ശ്രീധരനെ പൊന്നാനിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് വിശദമായ ചർച്ച നടത്തി.

കുങ്കിച്ചിറ (കുഞ്ഞോം) മുതൽ പാനോം (വിലങ്ങാട്) വരെ കുഞ്ഞോം വനത്തിലൂടെ ഏകദേശം 6.25 കിലോമീറ്റർ ദൈർഘ്യത്തിൽ എലിവേറ്റഡ് റോഡ് / വയഡക്ട് നിർമ്മിച്ച് വടകര-വിലങ്ങാട്-കുഞ്ഞോം-മാനന്തവാടി വഴി മൈസൂരു-ബംഗളൂരു മേഖലയുമായി ഗതാഗതബന്ധം സാധ്യമാക്കുന്നതാണ് പഴശ്ശിരാജ ചുരമില്ലാ-ആകാശപ്പാതയുടെ ആശയം.

നിലവിലുള്ള ചുരം റോഡുകളിലെ പ്രശ്നങ്ങൾക്ക് നോർത്ത് വയനാടിൽ നിന്നും നോർത്ത് മലബാറിലേക്ക് ഒരു ബദൽ ഗതാഗത ബന്ധമെന്ന നിലയിലും, വടക്കൻ കേരളത്തിന്റെ വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കാർഷിക വിപണി എന്നിവയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നതുമായ പദ്ധതിയായാണ് പ്രതിനിധിസംഘം ശ്രീധരനോട് പദ്ധതി അവതരിപ്പിച്ചത്.

**ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി പൂരകബന്ധം**

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളെയും ഗ്രാമീണ മേഖലകളെയും ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതിയെക്കുറിച്ചും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ചയായി.

അദ്ദേഹം സംസ്ഥാന സർക്കാരിന് മുൻപിൽ സമർപ്പിച്ച ഹൈസ്പീഡ് റെയിൽ ആശയത്തിൽ സർക്കാരിന് പുതിയ ഒരു പാത കൂടി ചേർത്ത് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും കോഴിക്കോട്-വയനാട് മേഖലയിലേക്കുള്ള 20 കി.മീ തുരങ്ക റെയിൽ പാതയാണ് ഇപ്പോൾ ചേർത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

തലശ്ശേരി - വടകര മേഖലകളെ വടക്കൻ വയനാടുമായി ബന്ധിപ്പിക്കുന്ന പഴശ്ശിരാജ ചുരമില്ലാ-ആകാശപ്പാത കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണെന്നും, നിർദ്ദിഷ്ട റെയിൽ ശൃംഖലയിലുള്ള കുറ്റ്യാടി, നാദാപുരം റെയിൽവേ സ്റ്റേഷനുകൾക്ക് ചുരമില്ലാപാത പൂരകമായി ശക്തിപ്പെടുത്താൻ കഴിയുമെന്നും പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി.

പഴശ്ശിരാജ ചുരമില്ലാ-ആകാശപ്പാതയുടെ സാങ്കേതിക സാധ്യതകളും നിർദ്ദിഷ്ട റെയിൽ ബന്ധവുമായി അതിന്റെ പരസ്പരപൂരകതയും സംബന്ധിച്ച് കൂടുതൽ പഠിച്ചിട്ട് അഭിപ്രായം പറയാമെന്ന് ഇ. ശ്രീധരൻ അറിയിച്ചു.

റോഡും റെയിലും പരസ്പരം മത്സരിക്കുന്ന പദ്ധതികളല്ലെന്നും, ശരിയായ രീതിയിൽ ആസൂത്രണം ചെയ്താൽ വടക്കൻ കേരളത്തിന്റെ വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സംയോജിത ഗതാഗത ശൃംഖല രൂപപ്പെടുത്താൻ കഴിയുമെന്നും പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി.

വടകര/തലശ്ശേരി - വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി - മൈസൂരു - ബംഗളൂരു എന്ന ഗതാഗത അച്ചുതണ്ടിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം, കുറ്റ്യാടി-നാദാപുരം മേഖല, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ, കണ്ണൂർ വിമാനത്താവളം എന്നിവയ്ക്കും പദ്ധതിക്ക് ഭാവിയിൽ പ്രയോജനപ്പെടാൻ കഴിയുമെന്ന് സംഘം വ്യക്തമാക്കി.

പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയർമാൻ ഷൗക്കത്ത് അലി എരോത്ത്, ജനറൽ കൺവീനർ വിപിൻസ് മാത്യു, ജോയിന്റ് ട്രെഷറർ എൻ സൂപ്പി, തലശ്ശേരി സോൺ കൺവീനർ ബുഹാരി ബിൻ അബ്ദുൽ ഖാദിർ, വടകര സോൺ കൺവീനർ എ.എം രമേശൻ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് മെട്രോമാൻ ശ്രീധരനെ സന്ദർശിച്ചത്.

A delegation met Metro Man E. Sreedharan in Ponnani to explain the Pazhassi Raja no-ghat skyway project, a 6.25-km elevated road/viaduct proposed through the Kunjom forest. The team said the project could improve transport links between North Wayanad and North Malabar while complementing the proposed high-speed rail network.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386199/wayanad-skyway-plan-e-sreedharan-meeting)