---
title: "കളമശേരി കൂട്ട ബലാൽസംഗകേസ്; മുഖ്യപ്രതി കൂടുതൽ യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു, അനാശാസ്യ പ്രവ‍ൃത്തികള്‍ക്കായി യുവതികളെ പാകപ്പെടുത്തലാണ്  പ്രതികളുടെ സ്ഥിരം രീതിയെന്ന് പൊലീസ്"
english_title: "Kalamassery Gang Rape Case: Police Say Main Accused Lured More Women for Interviews"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386198/kalamassery-gang-rape-case-police-probe-new"
published_at: "2026-10-09T08:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac857c7d15de_kalamassery-gang-rape-case-police-probe.jpg"
keywords: ["KalamasseryCase", "GangRapeProbe", "KeralaPolice", "SpaFraud", "HumanTrafficking"]
---

# കളമശേരി കൂട്ട ബലാൽസംഗകേസ്; മുഖ്യപ്രതി കൂടുതൽ യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു, അനാശാസ്യ പ്രവ‍ൃത്തികള്‍ക്കായി യുവതികളെ പാകപ്പെടുത്തലാണ്  പ്രതികളുടെ സ്ഥിരം രീതിയെന്ന് പൊലീസ്

> **Lead Summary:** കളമശേരി: കളമശേരി കൂട്ട ബലാൽസംഗക്കേസ് മുഖ്യപ്രതി കൂടുതൽ യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു. സ്പാ ജോലി വാഗ്ദാനം ചെയ്താണ് ശ്രീരാജ് വിളിച്ചത്. പൊലീസ് യുവതികളുടെ വിവരങ്ങൾ ശേഖരിച്ചു. ശ്രീരാജിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.

## Article Content

കളമശേരി: കളമശേരി കൂട്ട ബലാൽസംഗക്കേസ് മുഖ്യപ്രതി കൂടുതൽ യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു. സ്പാ ജോലി വാഗ്ദാനം ചെയ്താണ് ശ്രീരാജ് വിളിച്ചത്. പൊലീസ് യുവതികളുടെ വിവരങ്ങൾ ശേഖരിച്ചു. ശ്രീരാജിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.

മറ്റ് സ്പാ ജീവനക്കാരുടെ പശ്ചാത്തലവും അന്വേഷിക്കും. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കത്ത് നൽകും. കേസിലെ പ്രതികളായ ശരണ്യയെയും സഞ്ജയിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

പിടിയിലായ പ്രതികളെ കൂടാതെ രണ്ട് പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് യുവതിയുടെ ഭർത്താവിന്റെ ആരോപണം. പതിനഞ്ചോളം യുവതികളുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കേസിലെ പ്രധാന പ്രതിയായ ശരണ്യ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്. ശരണ്യ ലൈംഗികാതിക്രമം നടത്തുന്ന സമയത്ത് കാവൽ നിന്നത് ശരണ്യയുടെ സുഹൃത്ത് സഞ്ജുവാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. നാലുപ്രതികളിൽ ശരണ്യയാണ് അതിക്രൂരമായി തന്നെ ഉപദ്രവിച്ചതെന്ന് യുവതി ആവർത്തിച്ചു പറയുന്നു.

അനാശാസ്യ പ്രവൃത്തികൾക്കായി യുവതികളെ പാകപ്പെടുത്തലാണ് ഈ പ്രതികളുടെ സ്ഥിരം രീതിയെന്ന് പൊലീസ് പറയുന്നു. ആറുമാസം മുമ്പാണ് ശരണ്യ സ്പായിൽ ജോലിക്കെത്തിയത്. നാലു പ്രതികളെയും യുവതി തിരിച്ചറിഞ്ഞു.

ജോലി വാഗ്ദാനം പരസ്യം ചെയ്ത് വിദ്യാസമ്പന്നരെ അടക്കം വിളിച്ചു വരുത്തി പ്രതികൾക്ക് വേണ്ടുന്ന രീതിയിൽ മാറ്റിയെടുക്കും. കേസിൽ അറസ്റ്റിലായ ശ്രീരാജും ജിത്ത് മാർട്ടിനും ശരണ്യയും കൃത്യമായ ആസൂത്രണത്തിലാണ് ബലാത്സംഗം നടത്തിയത്.

നാലു വർഷങ്ങൾക്കു മുൻപാണ് ശ്രീരാജ് സ്പാ ആരംഭിക്കുന്നത്. മൂന്ന് സ്പാകൾ ഇതിനോടകം തന്നെ പൊലീസ് റെയ്ഡ് ചെയ്തുകഴിഞ്ഞു. ജോലി അന്വേഷിച്ചെത്തുന്ന സ്ത്രീകളെ തങ്ങൾക്കു വേണ്ട തരത്തിലേക്ക് മാറ്റിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനു ശേഷം ആവശ്യക്കാരായ ആളുകൾക്ക് സ്ത്രീകളെ എത്തിച്ചുനൽകും.

ആലപ്പുഴ സ്വദേശിയാണ് ശ്രീരാജ്. കൊച്ചി തൃക്കാക്കര സ്വദേശിയാണ് ജിത്ത് മാർട്ടിൻ. ശരണ്യയെയും സഞ്ജുവിനെയും വയനാട്ടിൽ നിന്നാണ് പിടികൂടിയിരിക്കുന്നത്. അഭിമുഖത്തിനു വിളിച്ച യുവതിയെ ജോലിക്കെടുത്തു എന്നുപറഞ്ഞ് വിട്ട ശേഷം ഒപ്പം ഭർത്താവില്ലെന്നുറപ്പിച്ചാണ് പ്രതികൾ രാത്രിയിൽ വീണ്ടും വിളിച്ചുവരുത്തിയത്.

സ്പായിലെ മറ്റു ജീവനക്കാരെ ഉൾപ്പെടെ പരിചയപ്പെടുത്തിത്തരാം എന്നുപറഞ്ഞായിരുന്നു വിളിച്ചത്. വന്നയുടൻ ആഹാരത്തിലും ഐസ്ക്രീമിലും മദ്യവും രാസലഹരിയും കലർത്തി നൽകിയാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്.

ഒക്ടോബർ 2ന് ലോഡ്ജിലേക്കെത്തിയ യുവതിക്ക് അടുത്ത ദിവസമാണ് രക്ഷപ്പെടാൻ സാധിച്ചത്. മണിക്കൂറുകളോളം ഈ നാലു പ്രതികളും പീഡിപ്പിച്ചതിനു പിന്നാലെ വീണ്ടും ആളുകൾ ലോഡ്ജിലേക്കെത്തി.

ഇനി തന്നെ ഉപദ്രവിച്ചാൽ സ്വയം മരിക്കുമെന്ന് ബിയർ കുപ്പി പൊട്ടിച്ച് ഭീഷണി മുഴക്കിയതോടെയാണ് പ്രതികൾ യുവതിയെ വിട്ടയച്ചത്. പ്രതികൾക്ക് ലഹരി സംഘവുമായും ഗുണ്ടാഗ്രൂപ്പുകളുമായും ബന്ധമുണ്ടെന്ന സൂചനകളും പൊലീസിനു ലഭിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

Police in Kalamassery say the main accused in the gang rape case had been calling more young women for interviews, promising spa jobs. Investigators have seized phones, gathered details of around 15 women, and are probing the role of other spa staff and possible links to drug and criminal networks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386198/kalamassery-gang-rape-case-police-probe-new)