---
title: "സുൽത്താൻബത്തേരിയിൽ ഭാര്യയും മക്കളും...!  'ഒരിടത്ത് ഡോക്ടർ, മറ്റൊരിടത്ത് എൻജിനിയർ'; നൂറോളം സ്ത്രീകളെ കബളിപ്പിച്ചെന്ന് പരാതി, വിവാഹത്തട്ടിപ്പിൽ 45കാരൻ അറസ്റ്റിൽ"
english_title: "45-Year-Old Arrested in Marriage Scam; Allegedly Duped Around 100 Women"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386192/marriage-scam-45-year-old-arrested"
published_at: "2026-10-09T07:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac84997181e1_marriage-scam-45-year-old-arrested.jpg"
keywords: ["MarriageScam", "KeralaPolice", "FraudCase", "GoldTheft", "Cherthala"]
---

# സുൽത്താൻബത്തേരിയിൽ ഭാര്യയും മക്കളും...!  'ഒരിടത്ത് ഡോക്ടർ, മറ്റൊരിടത്ത് എൻജിനിയർ'; നൂറോളം സ്ത്രീകളെ കബളിപ്പിച്ചെന്ന് പരാതി, വിവാഹത്തട്ടിപ്പിൽ 45കാരൻ അറസ്റ്റിൽ

> **Lead Summary:** ചേർത്തല: വിവാഹം കഴിച്ചും അല്ലാതെയും സ്ത്രീകളെ കബളിപ്പിച്ച് സ്വർണവും പണവും കവർന്ന കേസിൽ നാൽപ്പത്തഞ്ചുകാരൻ പിടിയിൽ. നൂറോളം സ്ത്രീകളെ പറ്റിച്ചതായാണ് പോലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായത്.

## Article Content

ചേർത്തല: വിവാഹം കഴിച്ചും അല്ലാതെയും സ്ത്രീകളെ കബളിപ്പിച്ച് സ്വർണവും പണവും കവർന്ന കേസിൽ നാൽപ്പത്തഞ്ചുകാരൻ പിടിയിൽ. നൂറോളം സ്ത്രീകളെ പറ്റിച്ചതായാണ് പോലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായത്.

ഇതോടെ, പോലീസ് പ്രത്യേക അന്വേഷണത്തിനു നടപടി തുടങ്ങി. വയനാട് മാനന്തവാടി ആന്തിക്കാംപൊയ്യിൽ ഭാഗത്ത് വെള്ളറ ചെന്നിക്കര വീട്ടിൽ ബിജു ആന്റണി(45)യെയാണ് ചേർത്തല പോലീസ് വയനാട്ടിൽനിന്ന് അറസ്റ്റു ചെയ്തത്. സുൽത്താൻബത്തേരിയിൽ ഇയാൾക്കു ഭാര്യയും മക്കളുമുണ്ട്.

2020-ൽ ചേർത്തല വയലാറിൽ രമ്യയെന്ന യുവതിയെ വിവാഹം കഴിച്ച് മൂന്നുദിവസത്തിനുശേഷം അപ്രത്യക്ഷനായി. ഹോട്ടൽ തുടങ്ങാനെന്ന പേരിൽ 30,000 രൂപ വാങ്ങിയശേഷം അലമാരയിൽനിന്ന് ഏഴുപവൻ സ്വർണം കവർന്നാണ് കടന്നുകളഞ്ഞത്.

രമ്യയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ്, ആറുവർഷത്തിനു ശേഷമാണ് ഇയാളെ കുടുക്കിയത്. ഇയാൾ കൊടുത്ത വിവാഹപ്പരസ്യം കണ്ടു പരിചയപ്പെട്ട തളിപ്പറമ്പു സ്വദേശിനിയെ ബലാത്സംഗം ചെയ്തതിനും കേസുണ്ട്.

കർണാടകയിലെ ഹൊസങ്കടിയിലെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തശേഷം മൂന്നരപ്പവൻ സ്വർണവുമായി കടന്നതിന് മഞ്ചേശ്വരം സ്റ്റേഷനിലാണ് ആ കേസ്. പലയിടങ്ങളിലും സമാനതട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിലും പലരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നാണു വിവരം.

ഡോക്ടറാണെന്നു പറഞ്ഞ് വിവാഹപ്പരസ്യം നൽകി യുവതികളെ പരിചയപ്പെട്ട ശേഷം അവരെ ചതിച്ച് സ്വർണാഭരണങ്ങൾ കവരുന്നതാണു രീതി. ആശുപത്രിയും ഹോട്ടലും മറ്റും തുടങ്ങാനെന്നു പറഞ്ഞാണ് കബളിപ്പിക്കൽ.

കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ സ്വർണം കട്ട കേസിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. രാജേഷ്, സുരേഷ്, ആന്റണി- പലയിടത്തും പല പേരിലാണ് ബിജു എത്തുക. ഡോക്ടറായും എൻജിനിയറായും പാചകക്കാരനായും പരിചയപ്പെടും.

തട്ടിപ്പുരീതികളിലും വൈവിധ്യമുണ്ട്. മഞ്ചേരിയിൽ രാജേഷ് എന്ന പേരിൽ യുവതിയെ കബളിപ്പിച്ചു കടന്ന് നാലുവർഷത്തിനുശേഷം ചേർത്തല വയലാറിലെത്തിയപ്പോൾ സുരേഷായി മാറിയെന്ന് പോലീസ് പറഞ്ഞു.

A 45-year-old man was arrested in Cherthala in connection with a marriage scam in which he allegedly cheated women out of gold and money. Police say he may have deceived nearly 100 women by posing as a doctor, engineer and other professionals under different names.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386192/marriage-scam-45-year-old-arrested)