---
title: "'പൊലീസിന് തല്ലിക്കൊല്ലാൻ അധികാരമുണ്ടോ?'; സജിയുടെ ഭാര്യയുടെ കണ്ണീരോടെയുള്ള ചോദ്യം നാടിന്റെ ഉള്ളുപൊള്ളിക്കുന്നുവെന്ന് പിണറായി വിജയൻ"
english_title: "‘Do the police have the power to beat people to death?’ Pinarayi backs Saji’s family’s anguished question"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386100/police-beat-death-saji-family-question"
published_at: "2026-10-08T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac761506deda_police-beat-death-saji-family-question.jpg"
keywords: ["PoliceBrutality", "KeralaPolitics", "HumanRights", "PinarayiVijayan", "JusticeForSaji"]
---

# 'പൊലീസിന് തല്ലിക്കൊല്ലാൻ അധികാരമുണ്ടോ?'; സജിയുടെ ഭാര്യയുടെ കണ്ണീരോടെയുള്ള ചോദ്യം നാടിന്റെ ഉള്ളുപൊള്ളിക്കുന്നുവെന്ന് പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം: ചിറയിൻകീഴിൽ സജി എന്ന യുവാവിനെ പൊലീസുകാർ മൃഗീയമായി മർദ്ദിച്ചു കൊന്ന സംഭവം നാടിൻ്റെ മനസ്സാക്ഷിയെ ഉലച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

## Article Content

തിരുവനന്തപുരം: ചിറയിൻകീഴിൽ സജി എന്ന യുവാവിനെ പൊലീസുകാർ മൃഗീയമായി മർദ്ദിച്ചു കൊന്ന സംഭവം നാടിൻ്റെ മനസ്സാക്ഷിയെ ഉലച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ക്രമസമാധാന പാലനം നടത്തേണ്ട പൊലീസ് തന്നെ കൊലയാളികളായി മാറുന്ന കാടത്തമാണ് യുഡിഎഫ് ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് അരങ്ങേറുന്നത് എന്ന യാഥാർത്ഥ്യത്തിന് ഈ കൊലപാതകം അടിവരയിടുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മറ്റൊരാൾക്കെതിരെ പൊലീസ് കാട്ടിയ ക്രൂരത ചോദ്യം ചെയ്തു എന്ന ഒരൊറ്റ ‘കുറ്റ’ത്തിനാണ് അഞ്ച് പൊലീസുകാർ ചേർന്ന് സജിയെ തല്ലിച്ചതച്ചത്. ഒടുവിൽ രക്തം ഛർദ്ദിച്ച് ആ പാവം ദാരുണമായി മരണത്തിന് കീഴടങ്ങി.

‘പൊലീസിന് തല്ലിക്കൊല്ലാൻ അധികാരമുണ്ടോ’ എന്ന സജിയുടെ ഭാര്യ വിജിതയുടെ കണ്ണീരോടെയുള്ള ചോദ്യം ഈ നാടിൻ്റെയുള്ളാണ് പൊള്ളിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

യുഡിഎഫ് സർക്കാരിന്റെ ആഭ്യന്തര വകുപ്പ് പൊലീസിന് ക്രിമിനലുകളെപ്പോലെ സർക്കാർ ഒത്താശ ചെയ്യുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

സമീപകാലത്തായി സാധാരണ ജനങ്ങൾക്ക് നേരെയും പ്രതിഷേധസ്വരങ്ങൾക്ക് എതിരെയും പൊലീസ് നടത്തുന്ന അതിക്രമങ്ങളും ഭീഷണികളും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും മറിച്ച് സർക്കാർ നയത്തിൻ്റെ തന്നെ പ്രതിഫലനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

ഇത്രയും പൈശാചികമായ കൊലപാതകം നടന്നിട്ടും സംഭവം ഒതുക്കിത്തീർക്കാനാണ് ഭരണകക്ഷി നേതൃത്വം ശ്രമിക്കുന്നത് എന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. പരാതിയിൽ നിന്ന് പിന്മാറാൻ ഒരു മന്ത്രിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ കുടുംബത്തെ കണ്ട് പ്രലോഭിപ്പിക്കാനും വിലപേശാനും ശ്രമിച്ചെന്ന വാർത്തകൾ വ്യക്തമാക്കുന്നത് സർക്കാരിൻ്റെ മനുഷ്യത്യമില്ലായ്മയാണ്.

നീതി നടപ്പാക്കേണ്ടവർ നീതി നിഷേധിക്കുകയാണ്. സ്വന്തം മണ്ഡലത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിന് ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത ജനപ്രതിനിധിയുടെ നിസ്സംഗതയും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

ഈ ക്രൂരതയ്ക്ക് കൂട്ടുനിന്ന മുഴുവൻ പൊലീസുകാർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്ത് അവരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ച രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. സർക്കാരിന്റെ തണലിൽ ഈ കൊലപാതകം മൂടിവെക്കാമെന്ന് ആരും കരുതേണ്ടതില്ല.

സജിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ കുറ്റക്കാരായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി ജനങ്ങൾ അണിനിരക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സജിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും തീരാദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Pinarayi Vijayan condemned the alleged police assault that led to Saji’s death in Chirayinkeezhu, calling it a shocking reflection of lawlessness. He said the family’s question — whether police have the authority to beat someone to death — has shaken the conscience of the state.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386100/police-beat-death-saji-family-question)