---
title: "'സാധനം ചോദിക്കും, ശ്രദ്ധ തിരിഞ്ഞാൽ പണവുമായി മുങ്ങും'; വയോധികരുടെ കടകളിൽ മോഷണം പതിവാക്കിയ മൂന്നംഗ സംഘത്തിനായി അന്വേഷണം, സംഘത്തിൽ ഒരു സ്ത്രീയും"
english_title: "Police Intensify Search for Trio Robbing Shops Run by the Elderly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386098/elderly-shop-robbery-bike-police-search"
published_at: "2026-10-08T14:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac75fe00956d_elderly-shop-robbery-bike-police-search.jpg"
keywords: ["KeralaPolice", "ShopRobbery", "CCTVFootage", "IravipuramCrime", "BikeGang"]
---

# 'സാധനം ചോദിക്കും, ശ്രദ്ധ തിരിഞ്ഞാൽ പണവുമായി മുങ്ങും'; വയോധികരുടെ കടകളിൽ മോഷണം പതിവാക്കിയ മൂന്നംഗ സംഘത്തിനായി അന്വേഷണം, സംഘത്തിൽ ഒരു സ്ത്രീയും

> **Lead Summary:** ഇരവിപുരം: പ്രായമായവർ നടത്തുന്ന കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്രവാഹനത്തിലെത്തി മോഷണം നടത്തുന്ന മൂന്നംഗ സംഘത്തിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

## Article Content

ഇരവിപുരം: പ്രായമായവർ നടത്തുന്ന കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്രവാഹനത്തിലെത്തി മോഷണം നടത്തുന്ന മൂന്നംഗ സംഘത്തിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

സംഘത്തിൽ ഒരു സ്ത്രീയുമുണ്ട്. നൂറുകണക്കിന് നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. വാളത്തുംഗൽ, കൂട്ടിക്കട, താന്നിമുക്ക്, വലിയവിള , കണ്ണനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്നാണ് ഇവർ പണം അപഹരിച്ചത്. നിരവധി പരാതികളാണ് ഇരവിപുരം സ്റ്റേഷനിൽ ലഭിച്ചത്.

ഇരുചക്ര വാഹനത്തിൽ മൂവർ സംഘം എത്തുകയും ഒരാൾ കടയിലേക്ക് കയറി ഉടമയുടെ ശ്രദ്ധ തിരിയുന്ന സമയത്ത് മേശയിലുള്ള പണം മുഴുവൻ കൈക്കലാക്കിയ കൂട്ടുപ്രതികളുടെ കൂടെ രക്ഷപ്പെടുകയാണ് പതിവ്.

ഇരവിപുരം വാളത്തുംഗൽ കളരിവാതുക്കൽ ക്ഷേത്രത്തിനു മുൻവശത്ത് പലചരക്ക് കട നടത്തുന്ന ശ്രീധരൻ നായരുടെ അടുത്തെത്തി സാധനം ആവശ്യപ്പെടുകയും എടുക്കാൻ തിരിയുന്ന സമയത്ത് മേശയിൽനിന്ന് 8500 രൂപയും കവർന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ശ്രീധരൻ നായരെ തള്ളി വീഴ്ത്തി.

കഴിഞ്ഞ 25ന് താന്നിമുക്കിൽ പവിത്രന്റെ തേങ്ങ കച്ചവടം നടത്തുന്ന സ്ഥാപനത്തിലെത്തി 5000 രൂപ അപഹരിച്ചു. തൊട്ടടുത്ത ദിവസം പുളിയത്തുമുക്കിലെ വ്യാപാര സ്ഥാപനത്തിലെത്തി മൊബൈൽ ഫോണും പണവും കവർന്നു.

മയ്യനാട് വലിയവിളയിൽ രാജുവിന്റെ ലക്ഷ്മി സ്റ്റോഴ്സിലെത്തി മേശയിൽനിന്ന് 1500 രൂപയും കവർന്നു. പിന്നീട് കണ്ണനല്ലൂരിലെ ഒരു സ്ഥാപനത്തിലെത്തി പണമപഹരിച്ചു. എല്ലാ വ്യാപാര സ്ഥാപനത്തിലും സി.സി ടി.വി കാമറകളിൽ ഇവരുടെ ദൃശ്യം പകർന്നിട്ടുണ്ട്.

Police have launched a probe into a three-member gang, including a woman, accused of targeting shops run by elderly owners in and around Iravipuram. CCTV footage shows the suspects arriving on a number-plate-free bike and stealing cash from multiple establishments before fleeing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386098/elderly-shop-robbery-bike-police-search)