---
title: "'സഹനം മതി, ഇനി ശബ്ദമുയർത്താം'; ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ 'സ്പീക്ക് അപ്പ്', പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു"
english_title: "Kerala Police Launches ‘Speak Up’ Task Force Against Domestic Abuse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386079/kerala-police-speak-up-task-force-domestic-abuse"
published_at: "2026-10-08T12:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac740c901e41_kerala-police-speak-up-task-force-domestic-abuse.jpg"
keywords: ["KeralaPolice", "DomesticViolence", "SpeakUp", "WomenSafety", "LegalAid"]
---

# 'സഹനം മതി, ഇനി ശബ്ദമുയർത്താം'; ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ 'സ്പീക്ക് അപ്പ്', പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു

> **Lead Summary:** തിരുവനന്തപുരം: ഗാർഹിക പീഡനങ്ങൾ തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും നിയമസഹായവും ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് 'സ്പീക്ക് അപ്പ്' എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു.

## Article Content

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങൾ തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും നിയമസഹായവും ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് 'സ്പീക്ക് അപ്പ്' എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു.

ഐജി അജിത ബീഗം ഐപിഎസിനാണ് ദൗത്യസേനയുടെ പ്രത്യേക ചുമതല. ലഹരിമാഫിയക്കെതിരെ നടപ്പാക്കിയ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെയാണ് ഗാർഹിക അതിക്രമങ്ങൾ തടയാൻ പുതിയ പദ്ധതിയുമായി ആഭ്യന്തരവകുപ്പ് രംഗത്തെത്തുന്നത്.

ഗാർഹിക പീഡനങ്ങൾ തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിങ്ങും ഉറപ്പാക്കുക, സുരക്ഷിതമായ താമസസൗകര്യവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ പരാതി നൽകാൻ കഴിയാത്ത സ്ത്രീകൾക്കും സുരക്ഷിതമായി സഹായം തേടാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവർത്തനം. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ആഭ്യന്തരവകുപ്പ് പുറത്തിറക്കി.

'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്' എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നൽകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശ്ശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങളെന്നും സാമ്പത്തികമോ കുടുംബപരമോ ആയ ഭയം കാരണം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടൽ പൊലീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിൽ ഗാർഹിക പീഡനത്തെ തുടർന്ന് 92 സ്ത്രീകൾ മരിച്ചതായാണ് റിപ്പോർട്ട്. ഭയം കാരണം പരാതി നൽകാതെ മൗനം പാലിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ സഹായം തേടാനുള്ള സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരാതി നൽകേണ്ട രീതി, ലഭ്യമായ നിയമസഹായങ്ങൾ, തുടർനടപടികൾ എന്നിവ സംബന്ധിച്ച് അതിജീവിതകൾക്ക് ദൗത്യസേന മാർഗനിർദേശം നൽകും. ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പ്രശ്നങ്ങൾ പങ്കുവയ്ക്കാനുള്ള സാഹചര്യം ഒരുക്കാനാണ് തീരുമാനം.

അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ മുൻഗണന നൽകിയായിരിക്കും പൊലീസിന്റെ ഇടപെടൽ. പരാതി ലഭിച്ചാൽ ഔദ്യോഗിക യൂണിഫോം ധരിക്കാതെയായിരിക്കും പൊലീസ് ഉദ്യോഗസ്ഥർ അതിജീവിതകളുമായി ബന്ധപ്പെടുക.

ഓരോ കേസിനും പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥർ അന്വേഷണ പുരോഗതി, കൗൺസിലിങ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങൾ ആഴ്ചയിലൊരിക്കൽ വ്യക്തിപരമായി വിലയിരുത്തും.

ഡിജിറ്റൽ ഹെൽപ്പ്ലൈൻ, വാട്‌സാപ്പ്, പ്രത്യേക മൊബൈൽ ആപ്പ് എന്നിവയിലൂടെ പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും സമയബന്ധിതമായി സഹായം ലഭ്യമാക്കുന്നതിനുമായി പ്രധാന കമാൻഡ് സെന്ററും സജ്ജമാക്കും. പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾക്ക് സമാനമായി അതിജീവിതകളുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തിൽ ഷെൽട്ടർ ഹോമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. 1973ൽ രാജ്യത്ത് ആദ്യമായി വനിതാ പൊലീസ് സംവിധാനം ആരംഭിച്ച കേരളത്തിന്റെ പൊലീസ് ചരിത്രത്തിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പായാണ് സ്പീക്ക് അപ്പിനെ അവതരിപ്പിക്കുന്നത്.

അതേസമയം, ഗാർഹിക പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുന്ന കാര്യവും പരിഗണനയിലാണ്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നിഷേധിക്കുന്നതടക്കമുള്ള നടപടികളുടെ സാധ്യത പരിശോധിക്കുമെന്ന് സ്പീക്ക് അപ്പ് മേധാവി ഐജി അജിത ബീഗം വ്യക്തമാക്കി.

> Kerala Police has launched a special task force called “Speak Up” to tackle domestic abuse and provide survivors with legal aid, counselling, shelter and livelihood support. The initiative will operate under senior women police officers, with confidential reporting channels through a helpline, WhatsApp and a mobile app.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386079/kerala-police-speak-up-task-force-domestic-abuse)