---
title: "സർക്കാർ ജോലിക്ക് പിന്നാലെ രാജി...; കൊടുവള്ളിയിൽ നഗരസഭാ കോൺഗ്രസ് കൗൺസിലർ രാജിവെച്ചു"
english_title: "Government Job Leads Koduvally Councillor Bindu Anilkumar to Resign"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386014/koduvally-councillor-bindu-anilkumar-resigns-government-job"
published_at: "2026-10-08T08:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac70d577df39_koduvally-councillor-bindu-anilkumar-resigns-government-job.jpg"
keywords: ["KoduvallyMunicipality", "BinduAnilkumar", "CongressCouncillor", "GovernmentJob", "KURDFC"]
---

# സർക്കാർ ജോലിക്ക് പിന്നാലെ രാജി...; കൊടുവള്ളിയിൽ നഗരസഭാ കോൺഗ്രസ് കൗൺസിലർ രാജിവെച്ചു

> **Lead Summary:** **കോഴിക്കോട്: ** സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് കൊടുവള്ളി നഗരസഭാ കൗൺസിലർ രാജിവെച്ചു. നഗരസഭയിലെ നാലാം ഡിവിഷനായ പൊയിലങ്ങാടിയിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറും വിദ്യാഭ്യാസ, കലാ-കായിക സ്ഥിരംസമിതി ചെയർപേഴ്‌സണുമായ ബിന്ദു അനിൽകുമാറാണ് പദവി ഒഴിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നഗരസഭാ സെക്രട്ടറിയെ നേരിൽക്കണ്ടാണ് രാജിക്കത്ത് കൈമാറിയത്.

## Article Content

**കോഴിക്കോട്: ** സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് കൊടുവള്ളി നഗരസഭാ കൗൺസിലർ രാജിവെച്ചു. നഗരസഭയിലെ നാലാം ഡിവിഷനായ പൊയിലങ്ങാടിയിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറും വിദ്യാഭ്യാസ, കലാ-കായിക സ്ഥിരംസമിതി ചെയർപേഴ്‌സണുമായ ബിന്ദു അനിൽകുമാറാണ് പദവി ഒഴിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നഗരസഭാ സെക്രട്ടറിയെ നേരിൽക്കണ്ടാണ് രാജിക്കത്ത് കൈമാറിയത്.

കേരള അർബൻ ആൻഡ് റൂറൽ ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KURDFC) കോഴിക്കോട് റീജണൽ ഓഫീസിലാണ് ബിന്ദു അനിൽകുമാറിന് നിയമനം ലഭിച്ചിരിക്കുന്നത്. ഒക്ടോബർ എട്ടിനുമുൻപ് ജോലിയിൽ പ്രവേശിക്കേണ്ടതിനാലും, ഉദ്യോഗസ്ഥ എന്ന നിലയിൽ കൗൺസിലർ പദവിയിൽ തുടരാൻ നിയമതടസ്സമുള്ളതിനാലുമാണ് രാജിവെച്ചതെന്ന് അവർ വ്യക്തമാക്കി.

2015-ലും പൊയിലങ്ങാടി ഡിവിഷനിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ബിന്ദു, അന്നും വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സണായിരുന്നു. 2015-ൽ രണ്ട് വോട്ടിന്റെ മാത്രം നേരിയ ഭൂരിപക്ഷത്തിനായിരുന്നു വിജയമെങ്കിൽ, ഇത്തവണ 198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനങ്ങൾ ബിന്ദുവിനെ വീണ്ടും കൗൺസിലറായി തിരഞ്ഞെടുത്തത്.

ബിന്ദു അനിൽകുമാറിന്റെ രാജിയോടെ നഗരസഭയിൽ ആറംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന്റെ അംഗസംഖ്യ അഞ്ചായി കുറഞ്ഞു. എന്നാൽ നിലവിലെ രാജി ഭരണകക്ഷിയായ യു.ഡി.എഫിന് യാതൊരുവിധ പ്രതിസന്ധിയും ഉണ്ടാക്കില്ല. ആകെ 37 സീറ്റുകളുള്ള കൊടുവള്ളി നഗരസഭയിൽ മുസ്‌ലിം ലീഗ് (18), കോൺഗ്രസ് (5), വെൽഫെയർ പാർട്ടി (1), എൽ.ഡി.എഫ് (11), സ്വതന്ത്രൻ (1) എന്നിങ്ങനെയാണ് കക്ഷിനില. ഒഴിവുവന്ന നാലാം ഡിവിഷനിൽ ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

**English Summary:**

Koduvally Municipality councillor and Education, Arts and Sports Standing Committee chairperson Bindu Anilkumar has resigned after securing a government job. She submitted her resignation to the municipal secretary after being appointed to the Kozhikode regional office of KURDFC. Her exit reduces the Congress strength in the council from six to five, but does not affect the UDF’s ruling majority.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386014/koduvally-councillor-bindu-anilkumar-resigns-government-job)