---
title: "നവരാത്രിക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് പോകാൻ പ്ലാനുണ്ടോ? എങ്കിൽ ഈ പ്രധാന തീയതികളും പൂജകളുടെ വിവരങ്ങളും അറിഞ്ഞിരിക്കണം"
english_title: "Planning a Navaratri Visit to Mookambika Temple? Key Dates and Rituals to Know"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386007/mookambika-temple-navaratri-dates-rituals"
published_at: "2026-10-08T07:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6fc3e9bf58_mookambika-temple-navaratri-dates-rituals.jpg"
keywords: ["MookambikaTemple", "NavaratriFestival", "Vidyarambham", "Pushparathotsava", "Vijayadashami"]
---

# നവരാത്രിക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് പോകാൻ പ്ലാനുണ്ടോ? എങ്കിൽ ഈ പ്രധാന തീയതികളും പൂജകളുടെ വിവരങ്ങളും അറിഞ്ഞിരിക്കണം

> **Lead Summary:** **മംഗളൂരു: **പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച (ഒക്ടോബർ 11) തുടക്കമാകും. കലണ്ടർ പ്രകാരം രണ്ടു ദിവസം അഷ്ടമി തിഥി വരുന്നതിനാൽ ഇക്കുറി 10 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷങ്ങളാണ് ക്ഷേത്രത്തിൽ നടക്കുക.

## Article Content

**മംഗളൂരു: **പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച (ഒക്ടോബർ 11) തുടക്കമാകും. കലണ്ടർ പ്രകാരം രണ്ടു ദിവസം അഷ്ടമി തിഥി വരുന്നതിനാൽ ഇക്കുറി 10 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷങ്ങളാണ് ക്ഷേത്രത്തിൽ നടക്കുക.

ആഘോഷങ്ങളുടെ പ്രധാന ചടങ്ങായ പുഷ്പരഥോത്സവം ഒക്ടോബർ 20 ചൊവ്വാഴ്ച നടക്കും. അന്ന് രാവിലെ 8.45-ന് പുഷ്പങ്ങളാൽ മനോഹരമായി അലങ്കരിച്ച രഥത്തിൽ ദേവിയെ എഴുന്നള്ളിക്കും. ദേവീവിഗ്രഹത്തെ രഥത്തിലേറ്റി ശ്രീകോവിലിന് ചുറ്റും മൂന്ന് തവണ വലിക്കും. പുഷ്പരഥോത്സവത്തിന് മുന്നോടിയായി ചണ്ഡികായാഗവും ക്ഷേത്രത്തിൽ നടക്കും.

വിജയദശമി നാളായ ഒക്ടോബർ 21-ന് പുലർച്ചെ 3 മണിക്ക് ക്ഷേത്രനട തുറക്കുന്നതോടെ പ്രസിദ്ധമായ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും. ആയിരക്കണക്കിന് കുരുന്നുകളാണ് അന്നേ ദിവസം അക്ഷരവെളിച്ചത്തിലേക്ക് ചുവടുവെയ്ക്കാൻ കൊല്ലൂരിലെത്തുന്നത്. വൈകിട്ട് നടക്കുന്ന വിജയരഥോത്സവത്തോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഔദ്യോഗികമായി സമാപനമാകും.

ഒക്ടോബർ 11-ന് ആരംഭിക്കുന്ന ഉത്സവദിവസങ്ങളിൽ നിത്യേന വിവിധ പൂജകൾ ഉണ്ടാകും. ശതരുദ്രാഭിഷേകം, മഹാനൈവേദ്യം, മംഗളാരതി, ദീപാരാധന, പ്രദോഷ പൂജ എന്നിവ ഇക്കാലയളവിൽ നടക്കും. മുഖ്യ അർച്ചകനും തന്ത്രിയുമായ ഡോ. കെ. രാമചന്ദ്ര അഡിഗ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ഇതുകൂടാതെ 10 ദിവസങ്ങളിലും വൈവിധ്യമാർന്ന കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും അരങ്ങേറും.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൊല്ലൂരിലേക്ക് എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം മൂകാംബിക ക്ഷേത്രം ട്രസ്റ്റ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര വൈദ്യസഹായത്തിനായി ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘം കൊല്ലൂരിൽ ക്യാമ്പ് ചെയ്യും. തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് വഴികാട്ടാനുമായി കൂടുതൽ പോലീസിനെയും സന്നദ്ധ പ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. ഭക്തരുടെ യാത്ര സുഗമമാക്കാൻ ബൈന്ദൂർ, ഉഡുപ്പി ഭാഗങ്ങളിൽ നിന്ന് കൂടുതൽ ബസ് സർവീസുകളും ആരംഭിച്ചു. നവരാത്രി തിരക്ക് മുന്നിൽ കണ്ട് പ്രദേശത്തെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും പൂർണ്ണ സജ്ജമാണ്.

**English Summary:**

The annual Navaratri festival at Kollur Mookambika Temple begins on October 11 and will run for 10 days this year because Ashtami falls on two days. Pushparathotsava is scheduled for October 20, while Vijayadashami on October 21 will begin with the temple opening at 3 a.m. for Vidyarambham and conclude with Vijayarathotsava in the evening.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386007/mookambika-temple-navaratri-dates-rituals)