---
title: "സുമേഷേ .... കുടുങ്ങിയല്ലോ ? പഴക്കടയിലെ രാത്രി കവർച്ച; പണവും സ്പീക്കറുമായി കടന്ന കള്ളനെ പൊക്കി പൊലീസ്"
english_title: "Vadasserikkara Fruit Stall Robbery: Suspect Nabbed with Cash and Speaker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385999/vadasserikkara-fruit-stall-robbery"
published_at: "2026-10-08T06:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6e83ad140c_vadasserikkara-fruit-stall-robbery.jpg"
keywords: ["KeralaCrime", "Pathanamthitta", "RobberyCase", "PoliceArrest", "FruitStall"]
---

# സുമേഷേ .... കുടുങ്ങിയല്ലോ ? പഴക്കടയിലെ രാത്രി കവർച്ച; പണവും സ്പീക്കറുമായി കടന്ന കള്ളനെ പൊക്കി പൊലീസ്

> **Lead Summary:** **പത്തനംതിട്ട: വ**ടശ്ശേരിക്കരയിൽ ഫ്രൂട്ട്സ്റ്റാളിന്റെ പൂട്ടുപൊളിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. കോട്ടയം എരുമേലി എരുതുവാപുഴ അണിയറ ഹൗസിൽ സുമേഷ് മോഹനൻ ആണ് പെരുനാട് പോലീസിന്റെ മിന്നൽ നീക്കത്തിൽ വലയിലായത്.

## Article Content

**പത്തനംതിട്ട: വ**ടശ്ശേരിക്കരയിൽ ഫ്രൂട്ട്സ്റ്റാളിന്റെ പൂട്ടുപൊളിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. കോട്ടയം എരുമേലി എരുതുവാപുഴ അണിയറ ഹൗസിൽ സുമേഷ് മോഹനൻ ആണ് പെരുനാട് പോലീസിന്റെ മിന്നൽ നീക്കത്തിൽ വലയിലായത്.

തിങ്കളാഴ്ച രാത്രി വടശ്ശേരിക്കര മണിയാറ്റ് പ്ലാസയ്ക്ക് സമീപമുള്ള ഫ്രൂട്ട്സ്റ്റാളിലാണ് കേസിനാസ്പദമായ മോഷണം നടന്നത്. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 22,500 രൂപ, സിസിടിവിയുടെ വൈഫൈ മോഡം, വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, കത്തി എന്നിവയാണ് പ്രതി മോഷ്ടിച്ച് കടന്നുകളഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ സംഭവസ്ഥലത്തുനിന്ന് ലഭിച്ച ചില നിർണായക സൂചനകളാണ് പ്രതിയെക്കുറിച്ച് വ്യക്തത നൽകിയത്.

പെരുനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിഥുൻ അശോക്, ഉദ്യോഗസ്ഥരായ വിജേഷ്, അക്ഷയ് വേണു, അരുൺ എ.എസ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് എരുമേലിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പ്രതിയെ സാഹസികമായി പിടികൂടിയത്. പിടിയിലായ സുമേഷ് മോഹനൻ മുൻപും സമാനമായ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കോട്ടയം ജില്ലയിലെ എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം വെസ്റ്റ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ടെന്നും നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

A suspect has been arrested in connection with a late-night break-in at a fruit stall in Vadasserikkara, Pathanamthitta. Police say he stole cash, a Bluetooth speaker, a Wi-Fi modem, a watch and a knife before being tracked down and taken into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385999/vadasserikkara-fruit-stall-robbery)