---
title: "ബൈക്കിൽ സ്വകാര്യ ബസിടിച്ച് റിട്ടയേഡ് അധ്യാപിക മരിച്ചു; അവസാന യാത്രയിലും വെളിച്ചം പകർന്ന് വിജിമോൾ, കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയാകും"
english_title: "Retired teacher dies after private bus hits bike; her eyes will give sight to two"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385851/private-bus-hits-bike-retired-teacher-dies"
published_at: "2026-10-07T06:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac59fa40eb4b_private-bus-hits-bike-retired-teacher-dies.jpg"
keywords: ["KeralaAccident", "OrganDonation", "PrivateBus", "RetiredTeacher", "Thodupuzha"]
---

# ബൈക്കിൽ സ്വകാര്യ ബസിടിച്ച് റിട്ടയേഡ് അധ്യാപിക മരിച്ചു; അവസാന യാത്രയിലും വെളിച്ചം പകർന്ന് വിജിമോൾ, കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയാകും

> **Lead Summary:** തൊടുപുഴ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ അധ്യാപിക മരിച്ചു. നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്കൂൾ റിട്ട. അധ്യാപികയും കേരളകൗമുദി മുൻ ഫോട്ടോഗ്രാഫർ ആർ. വിനയചന്ദ്രന്റെ (ബാബു സൂര്യ) ഭാര്യയുമായ കാപ്പ് ഇടയ്ക്കാട്ടുകയറ്റം പടിഞ്ഞാറേക്കര വീട്ടിൽ എം.എൻ. വിജിമോൾ ആണ് മരിച്ചത്.

## Article Content

തൊടുപുഴ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ അധ്യാപിക മരിച്ചു. നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്കൂൾ റിട്ട. അധ്യാപികയും കേരളകൗമുദി മുൻ ഫോട്ടോഗ്രാഫർ ആർ. വിനയചന്ദ്രന്റെ (ബാബു സൂര്യ) ഭാര്യയുമായ കാപ്പ് ഇടയ്ക്കാട്ടുകയറ്റം പടിഞ്ഞാറേക്കര വീട്ടിൽ എം.എൻ. വിജിമോൾ ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് 6.45ഓടെ തൊടുപുഴ–മൂവാറ്റുപുഴ റൂട്ടിൽ മടക്കത്താനം കൊച്ചങ്ങാടിക്ക് സമീപമായിരുന്നു അപകടം. ഏകമകൻ അനുരൂപിനൊപ്പം പിറവത്തെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

തൊടുപുഴയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ‘ഗുരുദേവൻ’ എന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ വിജിമോളും മകനും റോഡിലേക്ക് തെറിച്ചുവീണു.

ഏകദേശം 15 മിനിറ്റോളം പരിക്കേറ്റ് റോഡിൽ കിടന്ന ഇരുവരെയും മഞ്ഞള്ളൂർ പഞ്ചായത്ത് അംഗം റോബി തടത്തിലിന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജിമോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. അനുരൂപിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

കല്ലൂർക്കാട് സരസ്വതി സ്കൂളിൽ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ച വിജിമോൾ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ, അൽ അസർ പബ്ലിക് സ്കൂൾ, പുറപ്പുഴ എസ്.എച്ച്. പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പാല അളനാട് മാളിയേക്കൽ കുടുംബാംഗമാണ്. വാഴക്കുളം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.

**വിജിമോളുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും**

മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വിജിമോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിച്ചിരുന്നു. എന്നാൽ വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ മറ്റ് അവയവങ്ങൾ ദാനം ചെയ്യാനായില്ല.

തുടർന്ന് നേത്രപടലങ്ങൾ ദാനം ചെയ്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷനാണ് നേത്രപടലങ്ങൾ കൈമാറിയത്. കെ-സോട്ടോ നടപടികൾ ഏകോപിപ്പിച്ചു.

വിജിമോളുടെ വിയോഗത്തിന്റെ ദുഃഖത്തിനിടയിലും കുടുംബം എടുത്ത നേത്രദാന തീരുമാനം രണ്ടുപേർക്ക് കാഴ്ചയേകും.

Retired teacher M.N. Vijimol, 57, died after a private bus hit her bike on the Thodupuzha–Muvattupuzha route. Following confirmation of brain death, her family consented to donate her corneas, which will restore sight to two people.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385851/private-bus-hits-bike-retired-teacher-dies)