---
title: "വെടിക്കെട്ട് സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച് ശ്രേയസ് അയ്യർ; വിൻഡീസിനെതിരേ അനായാസ ജയവുമായി ഇന്ത്യ"
english_title: "Shreyas Iyer’s Blitzkrieg Century Powers India to Easy Win Over West Indies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385840/shreyas-iyer-century-india-win-west-indies"
published_at: "2026-10-06T22:53:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac52efd6f541_shreyas-iyer-century-india-win-west-indies.jpg"
keywords: ["ShreyasIyer", "TeamIndia", "WestIndies", "T20Series", "CricketNews"]
---

# വെടിക്കെട്ട് സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച് ശ്രേയസ് അയ്യർ; വിൻഡീസിനെതിരേ അനായാസ ജയവുമായി ഇന്ത്യ

> **Lead Summary:** ലക്നൗ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഓപ്പണർമാരായ അഭിഷേക് ശർമയുടെയും സഞ്ജു സാംസണിന്റെയും വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 14.4 ഓവറിൽ മറികടന്നു.

## Article Content

ലക്നൗ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഓപ്പണർമാരായ അഭിഷേക് ശർമയുടെയും സഞ്ജു സാംസണിന്റെയും വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 14.4 ഓവറിൽ മറികടന്നു.

43 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും 27 പന്തിൽ 37 റൺസെടുത്ത ഇഷാൻ കിഷനുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. റോസ്റ്റൺ ചേസിനെ സിക്സിന് പറത്തി ആദ്യ ടി20 സെഞ്ചുറി തികച്ച ശ്രേയസ് 10 ഫോറും ആറ് സിക്സും പറത്തിയാണ് 43 പന്തിൽ 102 റൺസെടുത്തത്.

ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച റാഞ്ചിയിൽ നടക്കും. സ്കോർ: വെസ്റ്റ് ഇൻഡീസ് 19.2 ഓവറിൽ 171ന് ഓൾ ഔട്ട്, ഇന്ത്യ 14.4 ഓവറിൽ 172-2.

172 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് ആദ്യ ഓവറുകളിൽ സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് തൂക്കിയ അഭിഷേകായിരുന്നു കൂടുതൽ ആക്രമണകാരി.

ആദ്യ ഓവറിൽ 15 റൺസെടുത്ത ഇന്ത്യക്ക് മൂന്നാം ഓവറിൽ അഭിഷേകിനെ നഷ്ടമായി. 10 പന്തിൽ 21 റൺസെടുത്ത അഭിഷേകിനെ റോസ്റ്റൺ ചേസിന്റെ പന്തിൽ ഷിമ്രോൺ ഹെറ്റ്മെയർ പറന്നുപിടിച്ചു.

രണ്ട് ബൗണ്ടറികളടിച്ച് പ്രതീക്ഷ നൽകിയ സഞ്ജു സാംസണും ക്രീസിൽ അധികം ആയുസുണ്ടായില്ല. അകീൽ ഹൊസൈൻ എറിഞ്ഞ നാലാം ഓവറിൽ 9 പന്തിൽ 11 റൺസെടുത്ത സഞ്ജു പുറത്തായി. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ശ്രേയസും ഇഷാൻ കിഷനും ചേർന്ന് പവർപ്ലേയിൽ ഇന്ത്യയെ 62 റൺസിലെത്തിച്ചു.

പത്താം ഓവറിൽ ഇന്ത്യ 100 കടന്നു. 28 പന്തിൽ അർധസെഞ്ചുറി തികച്ച ശ്രേയസ് പിന്നീട് 14 പന്തുകളിൽ അടുത്ത 50 റൺസ് കൂടി നേടി ആദ്യ സെഞ്ചുറിയും ഇന്ത്യൻ ജയവും പൂർത്തിയാക്കി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ കിഷനും ശ്രേയസും ചേർന്ന് 67 പന്തിൽ 137 റൺസാണ് അടിച്ചെടുത്തത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 19.1 ഓവറിൽ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 34 പന്തിൽ 56 റൺസെടുത്ത ഷെറഫൈൻ റൂഥർഫോർഡാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഷായ് ഹോപ് 37 പന്തിൽ 52 റൺസെടുത്തു.

വാലറ്റത്ത് 8 പന്തിൽ 15 റൺസെടുത്ത അകീൽ ഹൊസൈനും വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യക്കായി നമൻ ധിർ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് യാദവും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി.

India began the five-match T20 series with a dominant eight-wicket win over West Indies in the opening game at Lucknow. Skipper Shreyas Iyer starred with an unbeaten 102 off 43 balls, while India chased down 172 in just 14.4 overs to go 1-0 up in the series.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385840/shreyas-iyer-century-india-win-west-indies)