---
title: "ഭക്ഷണത്തിൽ വിഷം, സ്നേഹത്തിൽ വഞ്ചന, ചോരക്കറ പുരണ്ട ആറ് മരണങ്ങൾ; കൂടത്തായിലെ കൊലപാതകങ്ങളിൽ നീതിക്കായി കാത്തിരിപ്പ്"
english_title: "Koodathayi Murders: Seven Years On, Justice Still Eludes the Families"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385766/koodathayi-murders-trial-justice-delay"
published_at: "2026-10-06T14:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4b43e15b25_WhatsApp_Image_2026-10-06_at_2.10.12_PM.jpeg"
keywords: ["KoodathayiCase", "KeralaCrime", "MurderTrial", "CyanideCase", "JusticeDelayed"]
---

# ഭക്ഷണത്തിൽ വിഷം, സ്നേഹത്തിൽ വഞ്ചന, ചോരക്കറ പുരണ്ട ആറ് മരണങ്ങൾ; കൂടത്തായിലെ കൊലപാതകങ്ങളിൽ നീതിക്കായി കാത്തിരിപ്പ്

> **Lead Summary:** **കോഴിക്കോട്: **കേരളത്തെ ഒന്നാകെ നടുക്കിയ കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടിലെ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞിട്ട് ഏഴ് വർഷം പൂർത്തിയാകുമ്പോഴും കേസുകളിൽ വിചാരണ പൂർത്തിയായില്ല. ഒരേ കുടുംബത്തിലെ ആറ് പേരുടെയും മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് കല്ലറ തുറന്ന് പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത് 2019 ഒക്ടോബർ നാലിനായിരുന്നു.

## Article Content

**കോഴിക്കോട്: **കേരളത്തെ ഒന്നാകെ നടുക്കിയ കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടിലെ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞിട്ട് ഏഴ് വർഷം പൂർത്തിയാകുമ്പോഴും കേസുകളിൽ വിചാരണ പൂർത്തിയായില്ല. ഒരേ കുടുംബത്തിലെ ആറ് പേരുടെയും മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് കല്ലറ തുറന്ന് പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത് 2019 ഒക്ടോബർ നാലിനായിരുന്നു.

അതിനുശേഷം ഏഴ് വർഷം പിന്നിട്ടിട്ടും രജിസ്റ്റർ ചെയ്ത ആറ് കേസുകളിൽ ഒന്നിന്റെ പോലും വിചാരണ നടപടികൾ പൂർണ്ണമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. 2002 മുതൽ 2016 വരെയുള്ള പതിനാല് വർഷക്കാലയളവിലാണ് പൊന്നാമറ്റം തറവാടിനെയും ബന്ധുക്കളെയും വിറങ്ങലിപ്പിച്ച മരണങ്ങൾ ഒന്നൊന്നായി നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജുവിന്റെ ഭാര്യ സിലി (44) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.

ഭക്ഷണം വഴിയും പാനീയങ്ങൾ വഴിയും സയനൈഡ് നൽകി ആറുപേരെയും വധിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ. റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി ജോസഫാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. തുടർച്ചയായ മരണങ്ങളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ടോം തോമസിന്റെ മകൻ റോജോ തോമസ് നൽകിയ പരാതിയിലാണ് അന്നത്തെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.

വിദേശത്തുനിന്നും നാട്ടിലെത്തിയ റോജോയുടെ നിശ്ചയദാർഢ്യമാണ് വർഷങ്ങളായി മറഞ്ഞുനിന്ന കൊലപാതക പരമ്പര വെളിച്ചത്തുകൊണ്ടുവന്നത്. നിലവിൽ, കൊല്ലപ്പെട്ട റോയ് തോമസിന്റെ വധക്കേസിലെ വിചാരണ മാത്രമാണ് കോഴിക്കോട് സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിൽ (മാറാട് കേസുകൾക്കുള്ള പ്രത്യേക കോടതി) അന്തിമഘട്ടത്തിലെത്തിനിൽക്കുന്നത്.

കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ അന്നത്തെ ഡിവൈഎസ്പി ആർ. ഹരിദാസന്റെ വിസ്താര നടപടികളാണ് ഇപ്പോൾ കോടതിയിൽ പുരോഗമിക്കുന്നത്. ബാക്കി അഞ്ചു കേസുകളിലെ വിചാരണ നടപടികൾ വേഗത്തിലാക്കി ഇരകൾക്ക് അർഹമായ നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും നാട്ടുകാരും.

Seven years after the Koodathayi murder series came to light, trial proceedings in the six registered cases remain incomplete. The case, involving six deaths in the Ponnamattam family, was investigated after suspicions of murder led to the exhumation of remains in October 2019.

Police say the victims were poisoned with cyanide through food and drinks, and Jolly Joseph has been named the prime accused. While the trial in Roy Thomas’s murder case is in its final stage, the remaining five cases are still awaiting faster proceedings.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385766/koodathayi-murders-trial-justice-delay)