---
title: "'വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല; എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്‌ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ' - മന്ത്രി കെ മുരളീധരൻ"
english_title: "If there’s a suitable AIIMS site in Suresh Gopi’s constituency, let him point it out: K. Muraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385763/aiims-site-suresh-gopi-constituency"
published_at: "2026-10-06T13:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4b34e43187_aiims-site-suresh-gopi-constituency.jpg"
keywords: ["AIIMS", "KeralaPolitics", "SureshGopi", "KMuraleedharan", "HealthMinister"]
---

# 'വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല; എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്‌ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ' - മന്ത്രി കെ മുരളീധരൻ

> **Lead Summary:** തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകൾക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കേരളത്തിൽ എവിടെയാണോ അനുയോജ്യമായ സ്ഥലമുള്ളത്, അവിടെ എയിംസ് കൊണ്ടുവരാൻ സുരേഷ് ഗോപി മുൻകൈ എടുക്കട്ടെയെന്നും തന്നെ വെല്ലുവിളിച്ചതുകൊണ്ട് ഒരു കാര്യവുമില്ലെന്നും മന്ത്രി പ്രതികരിച്ചു.

## Article Content

തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകൾക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കേരളത്തിൽ എവിടെയാണോ അനുയോജ്യമായ സ്ഥലമുള്ളത്, അവിടെ എയിംസ് കൊണ്ടുവരാൻ സുരേഷ് ഗോപി മുൻകൈ എടുക്കട്ടെയെന്നും തന്നെ വെല്ലുവിളിച്ചതുകൊണ്ട് ഒരു കാര്യവുമില്ലെന്നും മന്ത്രി പ്രതികരിച്ചു.

എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ തങ്ങളുടെ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ അനുയോജ്യമായ സ്ഥലങ്ങളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കട്ടെ.

സ്ഥലം കാണിച്ചുതന്നാൽ ഉദ്യോഗസ്ഥരെ അയച്ച് പരിശോധിപ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി. സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടുകളെയും മന്ത്രി വിമർശിച്ചു. ‘‘അദ്ദേഹം വെല്ലുവിളിച്ചോട്ടെ. അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ അദ്ദേഹത്തിന്റെ പാർട്ടി മത്സരിച്ച തൃശൂരിൽ എല്ലാ സീറ്റിലും മൂന്നാമത് പോയത്.

സുരേഷ് ഗോപിയെ ഒരു രാഷ്ട്രീയക്കാരനായി താൻ ഇപ്പോഴും കാണുന്നില്ല,’’ കെ. മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും അത്യാവശ്യ മരുന്നുകളെല്ലാം വിപണിയിൽ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ മരുന്ന് ലഭ്യത സംബന്ധിച്ച് വലിയ പരാതികളില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻഎച്ച്എം ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു. എൻഎച്ച്എമ്മിൽ നടക്കുന്നത് പിരിച്ചുവിടലല്ലെന്നും ജീവനക്കാരെ കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകടനം വിലയിരുത്തിയാണ് നിയമനവും കരാർ അവസാനിപ്പിക്കലും നടത്തുന്നത്. കരാർ കാലാവധി അവസാനിക്കുന്നതിനനുസരിച്ച് കഴിവുള്ളവരെ അഭിമുഖം നടത്തി നിയമിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

വകുപ്പിലെ സെക്രട്ടറിമാരുടെ മാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്കും കെ. മുരളീധരൻ മറുപടി നൽകി. ഏതൊക്കെ സെക്രട്ടറിമാർ എവിടെയൊക്കെ വരുമെന്ന് മുൻകൂട്ടി പറയാനാകില്ലെന്നും ഉദ്യോഗസ്ഥരെ മാറ്റുന്നതും നിയമിക്കുന്നതുമെല്ലാം എല്ലാ കാലത്തും നടക്കാറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അതിനെ വലിയ അത്ഭുതമായി കാണേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യവകുപ്പ് സെക്രട്ടറിയുമായുള്ള അഭിപ്രായഭിന്നതകൾ പരിഹരിച്ച് മുന്നോട്ടുപോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങൾ പുറത്തുപറയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ തന്നെ വ്യക്തമാക്കുന്നതാണെന്നും രാഷ്ട്രീയക്കാർ തമ്മിലുള്ള അഭിപ്രായവ്യത്യാസം പോലെയല്ല ഇത്തരം ഭരണപരമായ വിഷയങ്ങളെന്നും കെ. മുരളീധരൻ പറഞ്ഞു.

Health Minister K. Muraleedharan has responded to Union Minister Suresh Gopi’s remarks on setting up AIIMS in Kerala, saying the minister should identify a suitable site if one exists in his constituency. He also said there is no shortage of essential medicines in the state and clarified the NHM staffing and contract renewal process.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385763/aiims-site-suresh-gopi-constituency)