---
title: "ആർത്തവ സമയത്തെ യാത്ര ഇനി ടെൻഷനില്ലാതെ; 'വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്' പദ്ധതിക്ക് ഇന്ന് തുടക്കം"
english_title: "Travel During Periods Made Easier as ‘Women on the Move’ Scheme Begins Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385699/women-on-the-move-menstrual-need-scheme"
published_at: "2026-10-06T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac469a2d079d_women-on-the-move-menstrual-need-scheme.jpg"
keywords: ["WomenHealth", "MenstrualCare", "KeralaGovernment", "SanitaryNapkins", "KSTRTC"]
---

# ആർത്തവ സമയത്തെ യാത്ര ഇനി ടെൻഷനില്ലാതെ; 'വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്' പദ്ധതിക്ക് ഇന്ന് തുടക്കം

> **Lead Summary:** **തിരുവനന്തപുരം: **ഏറെ ശ്രദ്ധ നേടിയ 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ, സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ആർത്തവ സമയത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രകൾ സുഗമമാക്കുക ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് ആവിഷ്കരിച്ച 'വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്' പദ്ധതിയാണ് ഇന്ന് ഔദ്യോഗികമായി ആരംഭിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ഏറെ ശ്രദ്ധ നേടിയ 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ, സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ആർത്തവ സമയത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രകൾ സുഗമമാക്കുക ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് ആവിഷ്കരിച്ച 'വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്' പദ്ധതിയാണ് ഇന്ന് ഔദ്യോഗികമായി ആരംഭിക്കുന്നത്.

കെ.എസ്.ആർ.ടി.സി ടെർമിനലുകൾ ഉൾപ്പെടെയുള്ള പ്രധാന പൊതുസ്ഥലങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും അവ സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള ഇൻസിനേറ്ററുകളും സ്ഥാപിക്കുന്നതാണ് ഈ പദ്ധതി. ഇന്ന് വൈകിട്ട് 5 മണിക്ക് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ വെച്ച് മന്ത്രി ബിന്ദു കൃഷ്ണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സി.പി ജോൺ ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നതും, മേയർ വി.വി രാജേഷ് ചടങ്ങിൽ സംബന്ധിക്കുന്നതുമാണ്.

**പദ്ധതിയുടെ പ്രധാന സവിശേഷതകൾ:**

*യാത്രാവേളകളിൽ സ്ത്രീകൾക്ക് വളരെ കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.*

*ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകളാണ് ഉണ്ടാകുക. ഇതിന്റെ വില വെറും 10 രൂപ മാത്രമാണ്.*

*ഉപയോഗിച്ച നാപ്കിനുകൾ പരിസ്ഥിതി സൗഹൃദമായ രീതിയിൽ സംസ്കരിക്കുന്നതിനായി ഇൻസിനറേറ്റർ സൗകര്യവും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്.*

*എച്ച്.എൽ.എല്ലിന്റെ (HLL) സഹകരണത്തോടെയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്.*

*സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് ഈ നിർണ്ണായക തീരുമാനം നടപ്പിലാക്കുന്നത്.*

*പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 14 ബസ് ടെർമിനലുകളിലാണ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ വിജയത്തിന് ശേഷം കൂടുതൽ ഡിപ്പോകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു.*

The Kerala government is launching the ‘Women on the Move and Menstrual Need’ scheme today to make travel easier for women and girls during menstruation. The initiative will install sanitary napkin vending machines and incinerators at major public places, starting with the Thampanoor KSRTC bus terminal.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385699/women-on-the-move-menstrual-need-scheme)